
കോന്നി: ജില്ലയുടെ കിഴക്കൻ മലയോര മേഖലയിൽ കോലിഞ്ചിയുടെ വിളവെടുപ്പ് തുടങ്ങിയെങ്കിലും വിലയിടിവ് മൂലം കർഷകർ ആശങ്കയിലാണ്.തണ്ണിത്തോട്, തേക്കുതോട്, മണ്ണീറ, എലിമുള്ളുംപ്ലാക്കൽ, കൊക്കാത്തോട്, ചിറ്റാർ, സീതത്തോട് തുടങ്ങിയ പ്രദേശങ്ങളിലെ മലയോര ഗ്രാമങ്ങളിൽ കർഷകർ വ്യാപകമായി കോലിഞ്ചി കൃഷി ചെയ്യുന്നുണ്ട്. ഇഞ്ചിയുടെ വർഗത്തിൽപ്പെടുന്ന കാട്ടുചെടിയാണ് കോലിഞ്ചി. ഇന്ത്യൻ വംശജനായ ഈ ചെടി ഇപ്പോൾ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ വളരുന്നുണ്ട്. സുഗന്ധ തൈല ഉത്പാദനത്തിനാണ് കോലിഞ്ചി പ്രധാനമായും ഉപയോഗിക്കുന്നത്. സംസ്ഥാനത്തെ മലയോര ജില്ലകളിൽ വ്യാപകമായി കൃഷി ചെയ്യുന്നുണ്ട്. . ഇഞ്ചിയുടെ വർഗത്തിൽപ്പെടുന്നെങ്കിലും ഉണക്കിയതിനുശേഷമാണ് ഇത് വിപണനം നടത്തുക. അതിനാൽ മലഞ്ചരക്ക് വിഭാഗത്തിലാണ് കോലിഞ്ചിയെ ഉൾപ്പെടുത്തിയിട്ടുള്ളത്.
സാധാരണ ഇഞ്ചിയിൽ നിന്ന് വ്യത്യസ്തമായി അതിരൂക്ഷ ഗന്ധമുള്ള കിഴങ്ങുകളാണ് കോലിഞ്ചിയുടേത്. ഏഴടിയോളം പൊക്കംവയ്ക്കുന്ന ചെടിയാണിത്. കോലിഞ്ചി ഉപയോഗിച്ച് ഷാംപൂ ഉണ്ടാക്കാറുണ്ട് അതിനാൽ ഇത് ഷാംപൂ ജിൻജർ എന്ന പേരിലും അറിയപ്പെടുന്നു. . മഴതുടങ്ങി ജൂൺ ജൂലായ് മാസങ്ങളിലാണ് കൃഷി തുടങ്ങാൻ പറ്റിയ സമയം. ഇതിനായി ഒരു മീറ്റർ അകലത്തിൽ കുഴികൾ ഉണ്ടാക്കി അഞ്ചോ ആറോ വിത്തുകൾ നട്ടാൽ 6 മാസം കൂടുമ്പോൾ എതെങ്കിലും ജൈവവളം ചേർത്തുകൊടുത്താൽ മതിയാകും. രൂക്ഷ ഗന്ധമുള്ളതിനാൽ കീടങ്ങളുടെയും മൃഗങ്ങളുടെയും ആക്രമണം ഇതിൽ ഉണ്ടാകില്ല. നട്ട് മൂന്നാം വർഷമാണ് കോലിഞ്ചിയുടെ വിളവെടുക്കുന്നത്. പറിച്ചെടുത്ത കോലിഞ്ചി തൊലികളഞ്ഞ് വെയിലത്ത് ഉണക്കിയാണ് മാർക്കറ്റിൽ എത്തിക്കുക. കോലിഞ്ചി പല ആയുർവേദ ഔഷധങ്ങളിലും ഉപയോഗിക്കുന്നു.
പ്രതിസന്ധിയിൽ കർഷകർ
കോലിഞ്ചി കർഷകർ നേരിടുന്ന പ്രധാന പ്രശ്‌നം വിലസ്ഥിരതയില്ലായ്മയാണ്. ഉണങ്ങിയ 11 കിലോ കോലിഞ്ചിക്ക് മുൻവർഷങ്ങളിൽ 1500 രൂപ രൂപ ലഭിച്ചിരുന്നിടത്ത് ഇപ്പോൾ 900 രൂപയാണ് വില,. കോലിഞ്ചി കർഷകരുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ അധികൃതർ ഗൗരവമായ നടപടികൾ സ്വീകരിച്ചിട്ടുമില്ല. ഇവിടെ സംഭരിക്കുന്ന കോലിഞ്ചി കൊച്ചിയിലെത്തിച്ച് വിദേശത്തേക്ക് കയറ്റി അയയ്ക്കുകയാണ് . അന്താരാഷ്ട്ര മാർക്കറ്റിൽ നല്ല വിലയുണ്ടെങ്കിലും അതിന്റെ പ്രയോജനം കർഷകർക്ക് ലഭിക്കുന്നില്ല
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |