SignIn
Kerala Kaumudi Online
Thursday, 22 October 2026 5.50 PM IST

പമ്പ, അച്ചൻകോവിൽ, മണിമല നദികൾ മണൽ തരും

river

പത്തനംതിട്ട : സംസ്ഥാനത്ത് മണൽ വാരാനുള്ള നദികളുടെ പട്ടികയിൽ പമ്പയും അച്ചൻകോവിലും മണിമലയും. എട്ട് ജില്ലകളിലായി 14 നദികളിൽ നിന്ന് മണൽ വാരാമെന്നാണ് കൗൺസിൽ ഓഫ് സയന്റിഫിക് ആൻഡ് ഇൻഡസ്ട്രിയൽ റിസർച്ച് (സി.എസ്.ഐ.ആർ), നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്റർ ഡിസിപ്ലിനറി സയൻസ് ആൻഡ് ടെക്‌നോളജി (എൻ ഐ ഐ ടി ) എന്നിവയുടെ പഠന റിപ്പോർട്ട്. ഇതിൽ ജില്ലയിലെ മൂന്ന് നദികളും ഉൾപ്പെടും. നേരത്തെ നിയന്ത്രിത അളവിൽ മണൽ വാരിയിരുന്നെങ്കിലും 2006 മുതൽ നിരോധിച്ചിരിക്കുകയായിരുന്നു. മണൽ ഖനനത്തെ തുടർന്ന് പമ്പയുടെ അടിത്തട്ട് ആറ് മീറ്റർ വരെ താഴ്ന്നിരുന്നു. ഇതേ തുടർന്നാണ് നിരോധനം ഏർപ്പെടുത്തിയത്. പിന്നീട് 2018ലെ പ്രളയത്തെ തുടർന്ന് നദികളിൽ മണൽ നിറഞ്ഞ് അടിത്തട്ടുയർന്നു.

  • ആകെ 70.56ലക്ഷം ക്യുബിക് മീറ്റർ
  • വാരാവുന്നത് 11. 58 ലക്ഷം ക്യുബിക് മീറ്റർ

പമ്പ : ആകെ 54.92 ലക്ഷം ക്യൂബിക് മീറ്റർ മണൽ, വാരാനുള്ളത് 6.86 ലക്ഷം ക്യൂബിക് മീറ്റർ

അച്ചൻകോവിൽ : ആകെ 9.42 ലക്ഷം ക്യുബിക് മീറ്റർ, വാരാനുള്ളത് 0.30 ലക്ഷം ക്യുബിക് മീറ്റർ
മണിമല: ആകെ 6.22 ലക്ഷം ക്യുബിക് മീറ്റർ. വാരാനുള്ളത് 4.42 ലക്ഷം ക്യുബിക് മീറ്റർ

കായലിനേക്കാൾ താഴ്ന്നു

മണൽ ഖനനം മൂലം ആറ് മീറ്ററിലധികമാണ് പമ്പാ നദിയുടെ അടിത്തട്ട് താഴ്ന്നത്. ആറന്മുള, ഇടയാറന്മുള, മാലക്കര, ആറാട്ടുപ്പുഴ, പാണ്ടനാട്, മാന്നാർ മേഖലകൾ എന്നിവിടങ്ങളിൽ പമ്പ വേമ്പനാട്ടു കായലിനെകാൾ താഴ്ന്നതായാണ് സെൻട്രൽ വാട്ടർ കമ്മിഷന്റെ പഠനം. ഇതോടെ ഉപ്പുവെള്ളം നദിയിലേക്ക് കലരുന്നുണ്ട്. വേനൽക്കാലത്ത് വേമ്പനാട്ടുകായലിൽ നിന്ന് ഉപ്പുരസം കലർന്ന ഓരുവെള്ളം 60 കിലോമീറ്റർ കിഴക്ക് ആറന്മുള വരെ എത്തുമെന്നാണ് പമ്പാ പരിരക്ഷണ സമിതിയുടെ പഠനം വ്യക്തമാക്കുന്നത്. അടിത്തട്ട് താഴ്ന്നതിനാൽ നദീതീരത്തെ കിണറുകളിൽ വെള്ളമില്ല. ജല അതോറിറ്റിയുടെ പമ്പ് ഹൗസുകളിലേക്ക് വെള്ളം എത്തിക്കുന്നതിന് നദീമദ്ധ്യത്തിൽ സ്ഥാപിച്ചിട്ടുള്ള അരിക്കൽ അറ (ഫിൽറ്ററൈസേഷൻ ചേമ്പർ) ഇപ്പോൾ ജല നിരപ്പിന് മുകളിലാണ്. അരിക്കൽ പ്രക്രിയ നടക്കാത്തതിനാൽ ജലം ശുദ്ധീകരിക്കാൻ കഴിയുകയില്ല. മാരാമണ്ണിൽ എക്കൽ അടിഞ്ഞ് പുറ്റുകളും കാടുകളും നിറഞ്ഞു. ആറന്മുള വാട്ടർ സ്റ്റേഡിയത്തിനുവേണ്ടി ഡ്രഡ്ജർ ഉപയോഗിച്ച് മണൽ നീക്കിയതു കാരണം മണൽതിട്ട ഇല്ലാതായി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL