
പത്തനംതിട്ട : ഇലന്തൂർ ഗവ.കോളേജിന് കെട്ടിടം പണിയാൻ സ്ഥലം ലഭ്യമായെങ്കിലും വഴിക്ക് വീതിയില്ലാത്തതിനാൽ നിർമ്മാണം അനന്തമായി നീളുന്നു. പഞ്ചായത്ത് നിയമപ്രകാരം റോഡിന് ഏഴ് മീറ്റർ വീതി ആവശ്യമാണ്. നിലവിൽ നാല് മീറ്ററോളം മാത്രമാണുള്ളത്. റോഡിന് വീതികൂട്ടാൻ സമീപത്തെ സ്ഥലം ഏറ്റെടുക്കേണ്ടി വരും. 5.12 ഏക്കർ സ്ഥലമാണ് കെട്ടിടം നിർമ്മിക്കാനായി ഏറ്റെടുത്തത്. 2014 ൽ ആണ് ഇലന്തൂരിൽ ഗവ.കോളേജ് ആരംഭിക്കുന്നത്. സ്വന്തം കെട്ടിടമില്ലാത്തതിനാൽ ഇലന്തൂർ വൊക്കേഷണൽ ഹയർസെക്കൻഡറി സ്‌കൂളിന്റെ ഒരുഭാഗം കോളേജിനായി ഉപയോഗിക്കുകയായിരുന്നു. പത്ത് വർഷങ്ങൾക്കിപ്പുറവും സാഹചര്യങ്ങൾക്ക് ഒരു മാറ്റവുമുണ്ടായില്ല. കോളേജ് ആരംഭിക്കുമ്പോൾ രണ്ട് വർഷത്തിനുള്ളിൽ കെട്ടിടം നിർമ്മിച്ച് നൽകുമെന്നായിരുന്നു ഉറപ്പ്. 2017 ൽ ഖാദി ബോർഡ് ഇലന്തൂരിലുള്ള സ്ഥലം വിട്ടു നൽകുകയായിരുന്നു. എന്നാൽ പുറമ്പോക്കാണെന്നാരോപിച്ച് മൂന്ന് കുടുംബങ്ങൾ ഇവിടെ വന്ന് താമസിച്ചു. അതോടെ രജിസ്‌ട്രേഷൻ ഏഴ് വർഷം നീണ്ടു . പിന്നീട് മന്ത്രി വീണാ ജോർജ് കിഫ്ബി വഴി പദ്ധതി തയ്യാറാക്കി. സ്ഥലം ഏറ്റെടുത്തു രജിസ്‌ട്രേഷൻ നടത്തുകയായിരുന്നു.
ആകെ നാല് കോഴ്‌സുകൾ
മൂന്ന് കോഴ്‌സുകളായിരുന്നു തുടക്കത്തിൽ ഉണ്ടായിരുന്നത്. ബി.എസ് സി സുവോളജി, ബി.കോം, ബി.എ മലയാളം എന്നിവ. പിന്നീട് എം.കോം കൂടി ലഭിച്ചതോടെ കോഴ്‌സുകളുടെ എണ്ണം നാലായി. 156 വിദ്യാർത്ഥികൾ ഇവിടെ പഠിയ്ക്കുന്നു. പ്രിൻസിപ്പാൾ അടക്കം 22 അദ്ധ്യാപകർ ജോലി ചെയ്യുന്നുണ്ട്. 10 സ്ഥിരം പോസ്റ്റും 11 ഗസ്റ്റ് അദ്ധ്യാപകരുമാണുള്ളത്.
കോളേജിന് ഏറ്റെടുത്തത് : 5.12 ഏക്കർ.
ഇലന്തൂർ ഗവ.കോളേജിന് കണ്ടെത്തിയ സ്ഥലത്തിന്റെ റോഡിനായുള്ള സർവേ പൂർത്തിയായിട്ടുണ്ട്. റോഡിന് വീതി കൂട്ടും. ഉടൻ നടപടികൾ പൂർത്തിയാകും. സാങ്കേതിക അനുമതി ലഭ്യമായിട്ടുണ്ട്.
മന്ത്രി വീണാജോർജ്
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |