SignIn
Kerala Kaumudi Online
Thursday, 22 October 2026 11.29 PM IST

മനം നുറുങ്ങുന്ന വേദനയായി അഭിരാം മടങ്ങി

kggg

കടമ്പനാട് : ആനയെക്കാണാൻ ആഗ്രഹിച്ചു വീട്ടിൽ നിന്ന് പോയ നാലു വയസുകാരൻ ഒരു കണ്ണീർപ്പൂവായി മടങ്ങിയെത്തിയപ്പോൾ കടമ്പനാട്ട് തോയിപ്പാട്ടു പടിഞ്ഞാറ്റും കരയിലെ വീടും ഉറ്റവരും തീരാദുഃഖത്തിലാണ്ടു. കോന്നി ആനക്കൂട്ടിൽ കോൺക്രീറ്റ് തൂൺ വീണു മരിച്ച കടമ്പനാട് സ്വദേശി അഭിരാമിന്റെ അന്തിമോ പചാരകർമ്മങ്ങളിൽ പങ്കെടുക്കാൻ ബന്ധു മിത്രാദികളും നാട്ടുകാരും ജനപ്രതിനിധികളുമുൾപ്പെടെ നിരവധി പേർ എത്തിയിരുന്നു. അഞ്ചുവർഷം കാത്തിരുന്നുണ്ടായ പൊന്നുമകൻ ചേതനയറ്റ് കിടക്കുന്നത് കണ്ട് അലമുറയിട്ടു നിലവിളിച്ച അഭിരാമിന്റെ അച്ഛൻ അജിയേയും അമ്മ ശാരിയെയും ആശ്വസിപ്പിക്കാനാവാതെ ബന്ധുമിത്രാദികളും നാട്ടുകാരും നിസഹായരായി.

കോന്നി കല്ലേലി ക്ഷേത്രത്തിൽ പോയി മടങ്ങുമ്പോൾ ആനയെ കാണാനുള്ള അഭിരാമിന്റെ ആഗ്രഹപ്രകാരമാണ് അമ്മ ശാരിയും ബന്ധുക്കളുമടങ്ങുന്ന സംഘം ആനത്താവളത്തിൽ എത്തിയത്. കാഴ്ചകൾ കണ്ടും ചിത്രങ്ങൾ പകർത്തിയും ആനന്ദകരമായ നിമിഷങ്ങൾ ദുരന്തത്തിന് വഴിമാറുകയായിരുന്നു. കോൺക്രീറ്റ് തൂണിൽ പിടിച്ച് ഫോട്ടോയ്ക്ക് പോസ് ചെയ്യുമ്പോൾ അതേ തൂൺ ശരീരത്തിൽ പതിച്ചായിരുന്നു അപകടം.

ഒരുനോക്കുകാണാൻ...

നെഞ്ചുലയ്ക്കുന്ന കാഴ്ചകളാണ് അഭിരാമിന്റെ വീട്ടുമുറ്റത്ത് ഇന്നലെ കാണാൻ കഴിഞ്ഞത്. അഭിരാം പഠിച്ചിരുന്ന ഗവ.ലക്ഷ്മിവിലാസം ലോവർ പ്രൈമറി സ്കൂളിൽ മൃതദേഹം ആദ്യം പൊതുദർശനത്തിന് വച്ചു. സഹപാഠികളായ കുരുന്നുകൾ പലരും ദുരന്തത്തിന്റെ ആഴമറിയാതെ കൂട്ടുകാരനെ അവസാനമായി ഒരുനോക്ക് കണ്ടു. തങ്ങളുടെ പ്രിയ വിദ്യാർത്ഥി നഷ്ടപ്പെട്ട വേദനയിൽ അദ്ധ്യാപകരും വിതുമ്പി. ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ അന്തിമോപചാരം അർപ്പിച്ചു. അഭിരാം ഓടിക്കളിച്ച മുറ്റത്തോടു ചേർന്നുള്ള മണ്ണ് കുഞ്ഞുശരീരമേറ്റുവാങ്ങിയപ്പോൾ കടമ്പനാട് ഗ്രാമം സങ്കടക്കടലായി മാറി. ഇതേസമയം അഭിരാമിന്റെ കളിപ്പാട്ടങ്ങൾ വീട്ടിലെ മുറിയിൽ കൂടികിടക്കുന്ന കാഴ്ച ഏവരുടെയും മനസിനെ നൊമ്പരപ്പെടുത്തി.

അഭിരാം ഇനി ഒരു ഓർമ്മയാണ്. അധികൃതരുടെ അനാസ്ഥ

കവർന്നെടുത്ത കണ്ണീരണിയിക്കുന്ന ഓർമ്മ.

"അച്ഛന്റെയും അമ്മയുടെയും ഏകപ്രതീക്ഷയാണ് നഷ്ടപ്പെട്ടത്. വിഷയത്തിന്റെ ഗൗരവം അധികൃതരുടെ ശ്രദ്ധയിൽപെട്ടിട്ടുണ്ടെന്നാണ് മനസിലാക്കുന്നത്.

പ്രിയങ്ക,

കടമ്പനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്

"അശ്രദ്ധയുടെ ഫലമാണ് ഈ ദുരന്തം. ഉത്തരവാദികളായ ഉദ്യോഗസ്ഥർക്കെതിരെ നടപടി എടുത്തിട്ടുണ്ട്. എന്നാൽ അതുകൊണ്ട് കുടുംബത്തിന്റെ ദു:ഖത്തിന് പരിഹാരമാകുന്നില്ല. ഇത്തരം സംഭവങ്ങൾ ഉണ്ടാകാതിരിക്കാനുള്ള ശ്രദ്ധയും ജാഗ്രതയുമാണ് ഉണ്ടാകേണ്ടത്.

ചിറ്റയം ഗോപകുമാർ,

നിയമസഭ ഡെപ്യൂട്ടി സ്പീക്കർ

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL