SignIn
Kerala Kaumudi Online
Tuesday, 19 May 2026 7.56 AM IST

വിലയിടിഞ്ഞ് കോലിഞ്ചി, കർഷകർക്ക് പ്രതിസന്ധി

kolinchi

പത്തനംതിട്ട : കോലിഞ്ചിക്ക് വിലയിടിഞ്ഞത് മലയോര കർഷകരെ പ്രതിസന്ധിയിലാക്കി. ഉണക്കി പരുവപ്പെടുത്തിയ ഒരിട (11കിലോ) കോലിഞ്ചിക്ക് 800 രൂപയാണ് ഇപ്പോൾ കർഷകർക്ക് ലഭിക്കുന്നത്. മുൻവർഷങ്ങളിൽ 1000 മുതൽ 1300 രൂപ വരെ ലഭിച്ചിരുന്നു. കാട്ടുമൃഗങ്ങൾ നശിപ്പിക്കാത്ത വിള എന്ന നിലയിലാണ് കോലിഞ്ചി വ്യാപകമായി കൃഷി ചെയ്തു തുടങ്ങിയത്. മൂന്നുവർഷത്തെ പരിപാലനത്തിന് ശേഷമാണ് വിളവെടുപ്പ് നടത്തുക. രണ്ടാഴ്ചയിലധികം ഉണക്കിയ ശേഷം വിൽപ്പന നടത്തും. കൃഷിയിടത്തിൽ നിന്ന് ഇടനിലക്കാർ വാങ്ങി മൊത്ത കച്ചവടക്കാർക്ക് നൽകുകയാണ് പതിവ്. വിദേശരാജ്യങ്ങളിൽ മരുന്ന് നിർമ്മാണത്തിനും ദാഹശമനിയായും കോലിഞ്ചി ഉപയോഗിക്കുന്നുണ്ട്. ഇന്ത്യയിൽ ആയുർവേദ, സിദ്ധ മരുന്നുകളിലും പ്രധാന ഘടകമാണ്. കോലിഞ്ചി കിളച്ച് എടുക്കുന്നതിനും ചെത്തിമിനുക്കി ഉണക്കാനും ചെലവേറിയതും കർഷകർക്ക് തിരിച്ചടിയായി.

വിപണിയുടെ അഭാവം

ആഗോള വിപണിയിലുണ്ടായ വിലയിടിവും വിദേശത്തേക്കുള്ള കയറ്റുമതി കുറഞ്ഞതും കോലിഞ്ചിയുടെ വിലയിടിവിന് കാരണമായി. നാട്ടിൽ വിപണിയുടെ അഭാവം നേരിടുന്ന വിളയായതിനാൽ ഇടനിലക്കാരാണ് പലപ്പോഴും വില നിശ്ചയിക്കുന്നത്. വലിയ അളവിൽ കൃഷി ചെയ്യുന്ന കർഷകർ ഉണങ്ങിയ കോലിഞ്ചി അധികനാൾ സൂക്ഷിച്ച് വയ്ക്കാറില്ല. വനവിഭവമാണെന്നും കോലിഞ്ചി വിൽപ്പന കുറ്റകരമാണെന്നും വ്യാജപ്രചരണം നടത്തി കർഷകരെ ഭീഷണിപ്പെടുത്തി കുറഞ്ഞ വിലയ്ക്ക് കച്ചവടം ഉറപ്പിക്കുന്നവരുമുണ്ട്.

സഹായ പദ്ധതി അവതാളത്തിൽ

ഇടനിലക്കാരുടെ ചൂഷണവും വിലയിടിവും കാരണം പ്രതിസന്ധിയിലായ കോലിഞ്ചി കർഷകരെ സഹായിക്കാൻ പൊതുമേഖലാ മരുന്ന് നിർമ്മാണ കമ്പനിയായ ഔഷധി പദ്ധതിയൊരുക്കിയിരുന്നു. ഇതിനായി കർഷകരിൽ നിന്ന് പ്രതിവർഷം 36 മെട്രിക് ടൺ കോലിഞ്ചി ശേഖരിക്കാൻ പദ്ധതി ഒരുക്കിയെങ്കിലും പ്രാവർത്തികമായില്ല. നാഷണൽ മെഡിസിനൽ പ്ലാന്റ് ബോർഡിന്റെ ഔഷധസസ്യ ഗണത്തിൽ ഉൾപ്പെടുത്തി കോലിഞ്ചി കൃഷിക്കു സബ്സിഡി നൽകാൻ മുൻപ് സർക്കാർ പദ്ധതി തയ്യാറാക്കിയതാണ്. ഒരു ഹെക്ടർ കോലിഞ്ചി കൃഷിക്ക് സബ്സിഡി 21,644 രൂപ വീതം നൽകാനായിരുന്നു പദ്ധതി. എന്നാൽ ഇതും കർഷകരിലേക്ക് എത്തിയില്ല.

1. കൃഷി ഉപേക്ഷിക്കുമെന്ന് കർഷകർ

2. ഇടനിലക്കാരുടെ ചൂഷണവും

3. ഫലം കാണാതെ പദ്ധതികൾ

കോലിഞ്ചിക്ക് ആറുമാസത്തിലൊരിക്കൽ വളപ്രയോഗം നടത്തണം. മൂന്നുവർഷത്തെ പരിപാലന ചെലവും ഏറെയാണ്. കിലോയ്ക്ക് 130 രൂപ വരെയെങ്കിലും ലഭിച്ചെങ്കിലെ കൃഷി നഷ്ടമില്ലാതെ ചെയ്യാനാകൂ.

വിനോദ്

കോലിഞ്ചി കർഷകൻ

തലച്ചിറ


കോലിഞ്ചി വില : 73രൂപ (ഒരു കിലോ, ഉണങ്ങിയത്)

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL