SignIn
Kerala Kaumudi Online
Tuesday, 19 May 2026 12.47 AM IST

ഒന്നാംഘട്ടത്തിൽ ഒടുങ്ങി ആക്ഷൻ പ്ളാൻ, മോക്ഷം കിട്ടാതെ പമ്പ

pumba

പത്തനംതിട്ട: പമ്പാനദിയെ മാലിന്യമുക്തമാക്കാനും തീരം സംരക്ഷിക്കാനും കേന്ദ്ര സർക്കാർ ആവിഷ്‌ക്കരിച്ച ആക്ഷൻ പ്ലാൻ തുടക്കത്തിൽ ഒ‌ടുങ്ങി. പദ്ധതി ഉപേക്ഷിച്ച മട്ടാണിപ്പോൾ. പമ്പയിൽ സ്നാനഘട്ടം, കൽപ്പടവ്, ശൗചാലയം കോംപ്ളക്സ്, തട‌യണ എന്നിവയായിരുന്നു ആദ്യ ഘട്ടത്തിൽ നിർമ്മിച്ചത്. 2018ലെ പ്രളയത്തിൽ ഇവയെല്ലാം തകർന്നുപോയി. ഇതോടെ പമ്പാ ആക്ഷൻ പ്ളാനും വഴിമുട്ടി. കിഴക്ക് പമ്പ മുതൽ പടിഞ്ഞാറ് ആലപ്പുഴ ജില്ലയിലെ തകഴി വരെയുള്ള മേഖലയിൽ നദീ തീരത്തുള്ള മാലിന്യ സംസ്‌കരണം, ശബരിമല ഇടത്താവള നവീകരണം, കുളിക്കടവുകളുടെ നിർമ്മാണം, മഴവെള്ള സംഭരണസംവിധാനങ്ങൾ, കൈവഴികളുടെ പുനരുദ്ധാരണം, തീരത്തെ നഗരമാലിന്യ നിർമ്മാർജനം തുടങ്ങിയവ പദ്ധതിയിൽ ഉൾപ്പെട്ടിരുന്നു. പമ്പയിലെ ജലത്തിൽ കോളിഫോം ബാക്ടീരിയുടെ അളവ് അനുവദയനീയമായതിലും കൂടുതൽ ആണെന്നുള്ള കണ്ടെത്തലിനെ തുടർന്നാണ് ആക്ഷൻ പ്ളാനിന് തുടക്കമിടുന്നത്.

പമ്പാപരിരക്ഷണ സമിതി 2001ൽ സമർപ്പിച്ച നിവേദനത്തെ തുടർന്ന് കേന്ദ്ര പദ്ധതിയിൽ പമ്പാനദിയും ഉൾപ്പെട്ടു. പ്രാഥമിക പഠന റിപ്പോർട്ട് നൽകാൻ മലിനീകരണ നിയന്ത്രണ ബോർഡിനെ ചുമതലപ്പെടുത്തി. പമ്പാആക്ഷൻ പ്ലാൻ സാദ്ധ്യതാ പഠന റിപ്പോർട്ട് 2002 മാർച്ചിൽ കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന് സമർപ്പിച്ചു. 2003ൽ കേന്ദ്ര സർക്കാർ അംഗീകാരം നൽകി. കേരള വാട്ടർ അതോറിറ്റിയെ നോഡൽ ഏജൻസിയായി നിയോഗിച്ചു. പദ്ധതിയുടെ എഴുപത് ശതമാനം തുക കേന്ദ്രസർക്കാരും ബാക്കി സംസ്ഥാന സർക്കാരും തദ്ദേശ സ്ഥാപനങ്ങളുമാണ് ചെലവാക്കേണ്ടത്.

ആകെ ചെലവ് : 272 കോടി

ഒന്നാംഘട്ടത്തിൽ ചെലവിട്ടത് : 18. 45 കോടി

176 കിലോമീറ്ററിൽ ജലസമ്പന്നത,

പദ്ധതിയിൽ ഉൾപ്പെടുന്നത് : പത്തനംതിട്ട ജില്ലയിലെ 30 പഞ്ചായത്തുകൾ, ആലപ്പുഴ ജില്ലയിലെ ആറ് പഞ്ചായത്തുകൾ, ചെങ്ങന്നൂർ മുനിസിപ്പാലിറ്റി.

സംസ്ഥാനം മടിച്ചു

22 ശുദ്ധജല വിതരണ പദ്ധതികളുള്ള പമ്പാനദിക്കായി ആക്ഷൻ പ്ലാൻ പ്രഖ്യാപിച്ച സമയത്ത് സംസ്ഥാനം ഭരിച്ച യു.ഡി.എഫ് സർക്കാർ പദ്ധതിയോട് സഹകരിച്ചിരുന്നു. തുടർന്ന് വന്ന എൽ.ഡി.എഫ് സർക്കാർ രാഷ്ട്രീയ കാരണങ്ങളാൽ മുഖംതിരിച്ചു. 2018ലെ പ്രളയം ഒന്നാംഘട്ട പ്രവർത്തനങ്ങളെ പൂർണമായും ഇല്ലായ്മ ചെയ്തതോടെ തുടർപ്രവർത്തനങ്ങൾ നിലച്ചു. പദ്ധതി പുനരാരംഭിക്കണമെന്ന് ആവശ്യം ശക്തമാണ്.

കേന്ദ്രസർക്കാർ ആവിഷ്കരിച്ച പമ്പാ ആക്ഷൻ പ്ളാൻ നടപ്പാക്കണം. ഇതുവരെ ചെലവഴിച്ച തുകയുടെ കണക്ക് സംസ്ഥാന സർക്കാർ വെളിപ്പെടുത്തണം. ഗംഗാ ആക്ഷൻ പ്ളാൻ പോലെ പമ്പയെ മാലിന്യമുക്തമാക്കാനും സംരക്ഷിക്കാനുമുള്ളതാണ് പദ്ധതി.
കുമ്മനം രാജശേഖരൻ, ബി.ജെ.പി നേതാവ്

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL