SignIn
Kerala Kaumudi Online
Tuesday, 28 July 2026 12.30 AM IST

വിഷുക്കണി ദർശനത്തിനിടെ അബദ്ധം, അയ്യപ്പന്റെ കാണിപ്പൊന്ന് നഷ്ടമായി, നാല് മണിക്കൂറിന് ശേഷം തിരിച്ചുകിട്ടി

ayappa

പന്തളം: വലിയ കോയിക്കൽ ശ്രീധർമ്മശാസ്താ ക്ഷേത്രത്തിൽ തിരുവാഭരണങ്ങൾ ചാർത്തി ഒരുക്കിയ വിഷുക്കണി ദർശനത്തിനിടെ ശബരിമല അയ്യപ്പസ്വാമിയുടെ കാണിപ്പൊന്ന് നഷ്ടമായി. നാലുമണിക്കൂറിന് ശേഷം തിരിച്ചുകിട്ടി. ദർശനത്തിനെത്തിയ ഭക്തൻ അബദ്ധത്തിൽ കാണിപ്പൊന്നുമായി വീട്ടിൽ പോകുകയായിരുന്നു. ക്ഷേത്രത്തിലെ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ച പൊലീസ് ഭക്തനെ തിരിച്ചറിയുകയും വീട്ടിലെത്തി കാണിപ്പൊന്ന് കണ്ടെത്തുകയുമായിരുന്നു. ബുധനാഴ്ച രാവിലെയാണ് പന്തളം കൊട്ടാരത്തിൽ സൂക്ഷിച്ചിരുന്ന തിരുവാഭരണങ്ങൾ വലിയകോയിക്കൽ ധർമ്മശാസ്താക്ഷേത്ര വിഗ്രഹത്തിൽ ചാർത്തി വിഷുക്കണി ദർശനം ഒരുക്കിയത്. പുലർച്ചെ നാലര മുതൽ ദർശനസൗകര്യം ഉണ്ടായിരുന്നു, ആറുമണിയോടെ ക്ഷേത്രത്തിന്റെ വടക്കുഭാഗത്തെ നടയിലൂടെ ദർശനത്തിനെത്തിയ ഭക്തരിൽ ഒരാൾക്ക് കൊട്ടാരം കുടുംബാംഗമാണെന്ന് കരുതി അശ്വാരൂഢനായ അയ്യപ്പന്റെ രൂപമുള്ള കാണിപ്പൊന്ന് കണ്ണിൽവച്ച് തൊഴാനായി മേൽശാന്തി നൽകി. ദർശനത്തിന് എത്തുന്ന പന്തളം കൊട്ടാരം കുടുംബാംഗങ്ങൾക്ക് കണ്ണിൽ വച്ച് തൊഴാനായിട്ടാണ് കാണിപ്പൊന്ന് നൽകാറുള്ളത്. മേൽശാന്തി നൽകിയ വിഷുക്കൈനീട്ടത്തിനൊപ്പം കാണിപ്പൊന്ന് വീട്ടിൽ കൊണ്ടുപോയ പന്തളം മുളമ്പുഴ സ്വദേശിയായ ഭക്തൻ അത് വീട്ടിൽ വിളക്കുവയ്ക്കുന്ന സ്ഥലത്ത് സൂക്ഷിക്കുകയായിരുന്നു. കൈനീട്ടത്തിനൊപ്പം നൽകിയതാണെന്ന് കരുതിയാണ് കാണിപ്പൊന്ന് മടക്കി നൽകാതിരുന്നതെന്നും അബദ്ധം പറ്റിയതാണെന്നും ഭക്തൻ മൊഴി നൽകിയതായി പൊലീസ് പറഞ്ഞു. കൊട്ടാരത്തിനും ദേവസ്വം ബോർഡിനും പരാതിയില്ലാത്തതിനാൽ കേസെടുത്തിട്ടില്ല. എന്നാൽ ദേവസ്വം വിജിലൻസ് ഇതേക്കുറിച്ച് അന്വേഷണം നടത്തുന്നുണ്ട്. ദേവസ്വം സ്‌​പെഷ്യൽ കമ്മിഷണർ ആർ.ജയകൃഷ്ണനും വിജിലൻസ് ഉദ്യോഗസ്ഥരും വലിയകോയിക്കൽ ക്ഷേത്രത്തിലെത്തി അന്വേഷണം നടത്തി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL