SignIn
Kerala Kaumudi Online
Tuesday, 19 May 2026 9.05 AM IST

ജി​ല്ലയി​ൽ വിളവെടുപ്പും സംഭരണവും ഊർജ്ജിതം;   5850 ടൺ നെല്ല് സംഭരിച്ചു

niranam
നിരണം അരിയോടിച്ചാൽ പാടത്ത് നെല്ല് സംഭരണം നടക്കുന്നു

തിരുവല്ല : കാലാവസ്ഥ അനുകൂലമായതോടെ ജില്ലയിൽ നെല്ല് സംഭരണം ഊർജ്ജിതമായി​. ഇതുവരെ 5,850 ടൺ നെല്ല് സംഭരിക്കാനായി. ജില്ലയിലാകെ രജിസ്റ്റർ ചെയ്ത 2248 കർഷകരിൽ 1246 പേരിൽ നിന്നാണ് ഇത്രയും നെല്ല് സംഭരിച്ചത്. പെരിങ്ങര പഞ്ചായത്തിലെ പടവിനകം ബി പാടശേഖരത്തിൽ മാർച്ച് 9നാണ് സംഭരണം തുടങ്ങി​യത്. എറണാകുളം, തൃശൂർ മേഖലകളിലെ മുപ്പതിലേറെ സ്വകാര്യമില്ലുകളാണ് സപ്ലൈകോ മുഖേന കർഷകരിൽ നിന്ന് നേരിട്ട് നെല്ല് സംഭരിക്കുന്നത്. ജില്ലയിലെ നെല്ല് മുഴുവനും സപ്ലൈകോയ്ക്ക് നൽകുകയാണ് പതിവ്. ജില്ലയിലെ 35 കൃഷിഭവനുകളുടെ പരിധിയിലാണ് നെല്ലുൽപാദനം ഉള്ളത്. കൂടുതൽ കർഷകരും വിതച്ചത് ഉമ വിത്താണ്. വളരെ കുറച്ചു കർഷകർ മാത്രമേ ജ്യോതി വിത്ത് കൃഷി ചെയ്തുള്ളൂ.

കി​ന്റലി​ന് അഞ്ച് കിലോ കി​ഴി​വ്

കേന്ദ്രസർക്കാർ നൽകിയിട്ടുള്ള നിർദ്ദേശങ്ങൾ പാലിച്ചാണ് സംഭരണം നടത്തിവരുന്നത്. ഇതുപ്രകാരം സംഭരിക്കുന്ന നെല്ലിലെ ഈർപ്പവും പതിരും പൊടിയും മറ്റും തൂക്കത്തിൽ കുറയ്ക്കുന്നതായി കർഷകർ പറയുന്നു. ഒരു ക്വിന്റൽ നെല്ലിൽ അഞ്ച് കിലോവരെ കി​ഴി​വ് കുറച്ചാണ് കർഷകർക്ക് പി.ആർ.എസ് (പാഡി​ രസീത് ഷീറ്റ്) നൽകുന്നത്. കഴിഞ്ഞ വർഷം വരെ 100 കിലാേ നെല്ല് സംഭരിച്ചാൽ രണ്ട് കിലോയായി​രുന്നു മില്ലുകാർ കിഴിവ് നേടിയിരുന്നത്. സമയബന്ധിതമായി നെല്ല് വിറ്റുപോയില്ലെങ്കിൽ നഷ്ടമുണ്ടാകുമെന്ന ആശങ്കയാൽ മി​ല്ലുകാർ ആവശ്യപ്പെടുന്ന കി​ഴി​വ് നൽകാൻ കർഷകർ നി​ർബന്ധി​തരാകുകയാണ്.

2024ൽ സംഭരി​ച്ച നെല്ല് : 8886.10 ടൺ

2025ൽ സംഭരിച്ച നെല്ല് : 8791.58 ടൺ

(കഴിഞ്ഞവർഷം നൂറോളം ടൺ കുറഞ്ഞു).

ഒരുകിലോ നെല്ലിന്റെ സംഭരണ വില: 30.12 രൂപ
കേന്ദ്രം നൽകുന്നത് : 23.69 രൂപ
സംസ്ഥാനം നൽകുന്നത് : 06.31 രൂപ
കൈകാര്യ ചെലവ് : 12 പൈസ

വിളവ് കുറഞ്ഞു
കാലാവസ്ഥ വ്യതിയാനവും കനത്ത ചൂടുമൊക്കെ കാരണം നെല്ലിന് ഇത്തവണ വിളവ് കുറവാണ് ലഭിച്ചത്. ഒരേക്കറിന് 20 മുതൽ 23 ക്വിന്റൽ വരെയാണ് കിട്ടിയ വിളവ്. മുമ്പ് 30 ക്വിന്റലിൽ കൂടുതൽ വിളവ് കിട്ടിയിട്ടുണ്ട്.
പ്രസാദ് (കർഷകൻ)

കനത്തചൂടും വാഹനങ്ങളുടെ ലഭ്യതക്കുറവും തൊഴിലാളികളുടെ ക്ഷാമവും നെല്ല് സംഭരണത്തെ ബാധിച്ചിട്ടുണ്ട്. വേഗത്തിൽ നെല്ല് സംഭരിക്കാനുള്ള പരിശ്രമത്തിലാണ്. ജൂൺ 30ന് മുമ്പ് സംഭരണം പൂർത്തിയാക്കും.

കെ.ജി.കിരൺ
(നെല്ല് സംഭരണ ചുമതലയുള്ള ഓഫീസർ)

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL