SignIn
Kerala Kaumudi Online
Tuesday, 19 May 2026 9.02 AM IST

പമ്പയിൽ ഒഴുക്കിൽപ്പെട്ട വീട്ടമ്മയെ  അഗ്നിരക്ഷാ ഓഫീസർ രക്ഷിച്ചു

sreenivas-and-sreekala

രക്ഷകനായത് തിരുവല്ല ഫയർസ്റ്റേഷനിലെ

അസി.സ്റ്റേഷൻ ഓഫീസർ ശ്രീനിവാസ്

കല്ലിശ്ശേരി : തുണി അലക്കുന്നതിനിടെ കാൽ വഴുതി പമ്പയാറ്റിൽ ഒഴുക്കിൽപ്പെട്ട വീട്ടമ്മയ്ക്ക് അവിചാരിതമായി എത്തിയ ഫയർഫോഴ്സ് ഉദ്യോഗസ്ഥൻ രക്ഷകനായി. പാണ്ടനാട് മാവിലേത്ത് വടക്കേതിൽ രഘുനാഥൻ നായരുടെ ഭാര്യ ശ്രീകലയെ ആണ് തിരുവല്ല അഗ്നിരക്ഷാനിലയത്തിലെ അസി.സ്റ്റേഷൻ ഓഫീസർ ശ്രീനിവാസ് രക്ഷപെടുത്തിയത്. ഇന്നലെ വൈകിട്ട് 4.30ന് പാണ്ടനാട് മിത്രമഠം പാലത്തിന് സമീപമുള്ള മിത്രമഠം കടവിലാണ് സംഭവം. ഒഴുക്കിൽപ്പെട്ട ശ്രീകല മിത്രമഠം പാലത്തിന്റെ കോൺക്രീറ്റ് തൂണിന്റെ താഴ്ഭാഗത്തായുള്ള മണൽത്തിട്ടയിലാണ് എത്തിയത്. കഴുത്തറ്റം വെള്ളത്തിൽ വലിയ ഒഴുക്കിനെ അതിജീവിച്ച് മണൽത്തിട്ടയിൽ നിന്ന ശ്രീകല നിലവിളിച്ചോൾ, കരയിൽ മീൻപിടിക്കുകയും മരംമുറിക്കുകയും ചെയ്തിരുന്നവർ ഓടിയെത്തിയെങ്കിലും നദിയിൽ ഇറങ്ങാൻ ഭയന്നു. വലിയ കയം ഉള്ളതിനാൽ കയർ എറിഞ്ഞു നൽകി രക്ഷപ്പെടുത്താൻ ശ്രമം നടത്തിയെങ്കിലും ഫലമുണ്ടായില്ല. ഈ സമയത്താണ് ശ്രീനിവാസ് കാറിൽ കൂട്ടുകാരുമൊത്ത് ഇതുവഴി എത്തിയത്. ആളുകൾ പരിഭ്രാന്തരായി നിൽക്കുന്നതുകണ്ട് വാഹനം നിറുത്തി വിവരം തിരക്കി. വെള്ളത്തിൽ അപകടത്തിൽപ്പെട്ട വീട്ടമ്മയെ കണ്ടനിമിഷം, സമീപത്ത് മരം മുറിക്കുന്നവർ ഉപയോഗിച്ചിരുന്ന കയറുമായി നദിയിലിറങ്ങുകയായിരുന്നു. വീട്ടമ്മയുടെ അടുത്തേക്ക് നീന്തിയെത്തി അവരെ കയറുമായി ബന്ധിച്ചു. തുടർന്ന് കരയിലുണ്ടായിരുന്നവരുടെ സഹായത്തോടെ ശ്രീകലയെ കരയ്‌ക്കെത്തിച്ചു. അപ്പോഴേക്കും അവർ ഏറെ അവശയായി. തുടർന്ന് ബന്ധുക്കൾ എത്തി വീട്ടമ്മയെ കൂട്ടികൊണ്ടുപോയി. അഗ്നിരക്ഷാ സേനയുടെ സ്കൂബാ ടീം അംഗമായ ശ്രീനിവാസന്റെ സമയോചിതമായ ഇടപെടലാണ് വീട്ടമ്മയുടെ ജീവൻ രക്ഷിക്കുന്നതിന് ഇടയാക്കിയത്. പ്രദേശവാസികൾ പകർത്തിയ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെയാണ് സംഭവം വാർത്തകളിൽ നിറഞ്ഞത്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL