SignIn
Kerala Kaumudi Online
Monday, 18 May 2026 11.22 PM IST

നവീകരിച്ചത് ലക്ഷങ്ങൾ മുടക്കി: ചിറയ്ക്കൽ കുളം വീണ്ടും 'കുളമായി'

1

മല്ലപ്പള്ളി : ലക്ഷങ്ങൾ ചെലവഴിച്ച് നവീകരിച്ച എഴുമറ്റൂർ പഞ്ചായത്ത് 15 -ാം വാർഡിലെ ചിറയ്ക്കൽ കുളം മാലിന്യം നിറഞ്ഞ് 'കുളമായി'. നാട്ടുകാർ കുളിക്കാനും വസ്ത്രങ്ങൾ അലക്കാനും ഉപയോഗിക്കുന്ന കുളത്തിനാണ് ഇൗ അവസ്ഥ. കുളത്തിന് സമീപത്തെ കുഴൽ കിണറിൽ നിന്നുള്ള വെള്ളമാണ് കുടിക്കാൻ ഉപയോഗിക്കുന്നത്. പ്ളാസ്റ്റിക് കുപ്പികളും പാഴ് വസ്തുക്കളും ഉൾപ്പെടെയുള്ള മാലിന്യം തള്ളുന്ന കേന്ദ്രമായി മാറിയിരിക്കുകയാണ് ഇപ്പോൾ കുളം. പായലും കാടും നിറഞ്ഞതോടെ കുളത്തിലേക്ക് ഇറങ്ങാൻ കഴിയാത്ത സ്ഥിതിയാണ്. പട്ടികജാതി പട്ടികവർഗ വിഭാഗക്കാർ അടക്കം 33 കുടുംബങ്ങളുള്ള മൂന്നുസെന്റ് കോളനിയിൽ ഉള്ളവരാണ് പ്രധാനമായും കുളത്തെ ആശ്രയിക്കുന്നത്. കുളം മലിനാമായതോടെ പ്രദേശവാസികൾ ബുദ്ധിമുട്ടുന്നു. നാട്ടുകാർക്ക് ആശ്രയമായ കുളം നവീകരിച്ച് മികച്ച രീതിയിൽ സംരക്ഷിക്കാൻ ഒരു വർഷം മുമ്പാണ് പദ്ധതി തയ്യാറാക്കിയത്. . 2025 മാർച്ചിൽ മഹാത്മ ഗാന്ധി ദേശീയ തൊഴിലുറപ്പ് അമൃത സരോവർ പദ്ധതിയിൽ ഉൾപ്പെടുത്തി 12.6 ലക്ഷം രൂപ അനുവദിച്ചായിരുന്നു നവീകരണം. ചെളിനീക്കം ചെയ്ത് ആഴം വർദ്ധിപ്പിച്ചു. വശങ്ങളിലെ കാട് നീക്കം ചെയ്തു. , തകർന്ന സംരക്ഷണ ഭിത്തികളും, പടവുകളും നവീകരിച്ചു. പക്ഷേ ആളുകൾ കുളത്തിലേക്ക് മാലിന്യം തള്ളാൻ തുടങ്ങിയതോടെ പഴയ അവസ്ഥയിലായി. കെട്ടിക്കിടക്കുന്ന മാലിന്യം ജീർണ്ണിച്ച് പകർച്ചവ്യാധി പിടിപെടാനുള്ള സാദ്ധ്യത ഏറെയാണ്. കുളത്തിന്റെ സ്ഥിതി ശോചനീയമായിട്ടും പഞ്ചായത്ത് അധികൃതർ നടപടി സ്വീകരിക്കുന്നില്ലെന്ന് പരാതിയുണ്ട്. അടിയന്തര പരിഹാരം കാണണമെന്ന് കോളനി നിവാസികൾ ഉൾപ്പെടെയുള്ളവർ ആവശ്യപ്പെട്ടു.

സംരക്ഷണ വേലിയുമില്ല

നേരത്തെ കുളം നവീകരിച്ചപ്പോൾ കുളത്തിന് ചുറ്റും സംരക്ഷണ വേലി സ്ഥാപിക്കാനും പദ്ധതിയുണ്ടായിരുന്നു. ഇതിനുൾപ്പെടെയാണ് അന്ന് തുക അനുവദിച്ചത്. പക്ഷേ സംരക്ഷണ വേലി സ്ഥാപിച്ചില്ല. കുളത്തിനോട് ചേർന്നാണ് അംബേദ്കർ കോളനി റോഡ്. വാഹനയാത്രക്കാരും കാൽനടയാത്രക്കാരും അപകടത്തിൽപ്പെടാൻ സാദ്ധ്യതയുള്ളതിനാലാണ് സംരക്ഷണ വേലി സ്ഥാപിക്കാൻ നേരത്തെ തീരുമാനിച്ചത്. രാത്രിയിലാണ് അപകട സാദ്ധ്യതയേറെ. .

കുളം നവീകരിച്ചത് 12.6 ലക്ഷം രൂപ ചെലവിൽ

-------------------

മാലിന്യം നിറഞ്ഞും കാടുകയറിയും കിടക്കുകയാണ് ചിറയ്ക്കൽ കുളം. തൊഴിലുറപ്പ് പദ്ധതിയിലൂടെ കുളം വൃത്തിയാക്കാൻ നടപടി വേണം.

അനീഷ് കുമാർ

പ്രദേശവാസി

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL