
പത്തനംതിട്ട: മഴക്കാലം കന്നുകാലികൾക്ക് രോഗപീഡകളുടെ കാലമാണ്. പ്രതിരോധ ശേഷി കുറയുന്നത് പാൽ ഉദ്പ്പാദനത്തെ ബാധിക്കും. മഴക്കാലത്ത് വളർത്തു മൃഗങ്ങളെ കരുതലോടെ നോക്കണമെന്ന് മൃഗസംരക്ഷണ വിഭാഗം മുന്നറിയിപ്പു നൽകി.
അകിടുവീക്കം, കുളമ്പ് ചീയൽ, മുടന്തൻ പനി, പ്രോട്ടോസോവൽ അസുഖങ്ങൾ എന്നിവയാണ് പ്രധാന മഴക്കാല രോഗങ്ങൾ. ഇതുകാരണം പാൽപ്പാദനക്കുറവ്, തീറ്റമടുപ്പ്, പനി, വയറിളക്കം, ശ്വാസതടസം തുടങ്ങിയവ പ്രകടിപ്പിക്കും. കടലപ്പിണ്ണാക്ക്, പരുത്തിക്കുരുപിണ്ണാക്ക് തുടങ്ങിയവയിൽ മഴക്കാലത്ത് പൂപ്പൽ ബാധയ്ക്ക് സാദ്ധ്യത കൂടുതലാണ്. തീറ്റ വസ്തുക്കൾ ഒരാഴ്ചയിൽ അധികം സൂക്ഷിച്ചുവച്ച് ഉപയോഗിക്കുന്നത് രോഗബാധയുണ്ടാക്കുമെന്ന് വെറ്റിറിനറി ഡോക്ടർമാർ ചൂണ്ടിക്കാട്ടി. തീറ്റ സാധനങ്ങൾ തറയിൽ നിന്ന് ഒരു അടി ഉയരത്തിലും ചുമരിൽ നിന്ന് ഒന്നര അടി അകലത്തിലും മാറി മരപ്പലകയുടെ മുകളിൽ സൂക്ഷിക്കണം. തണുത്ത കാറ്റോ ഈർപ്പമോ മഴചാറ്റലോ ഏൽക്കാതെ നോക്കേണ്ടതാണ്. നനഞ്ഞ കൈ കൊണ്ടോ നനഞ്ഞ പാത്രങ്ങൾ കൊണ്ടോ തീറ്റ കോരി എടുക്കുന്നത് രോഗങ്ങൾ വിളിച്ചുവരുത്തും.
രോഗഭീതി ഒഴിവാക്കാം
കാലവർഷാരംഭത്തിൽ കന്നുകാലികളിൽ കണ്ടുവരുന്ന ഒരു സാംക്രമിക രോഗമാണ് മുടന്തൻ പനി. ശക്തിയായ പനി, തീറ്റ മടുപ്പ്, ശരീരം വിറയൽ, നടക്കാൻ ബുദ്ധിമുട്ട് എന്നിവയാണ് ലക്ഷണങ്ങൾ
സാംക്രമിക രോഗങ്ങളായ കുളമ്പരോഗം, കുരലടപ്പൻ, കരിങ്കാൽ എന്നിവയ്ക്ക് പ്രതിരോധ കുത്തിവയ്പ് മഴക്കാലത്തിന് തൊട്ടുമുമ്പ് നൽകണം.
മഴക്കാലത്ത് കറവമാടുകൾക്ക് കൂടിയ അളവിൽ തീറ്റ നൽകണം. തീറ്റയുടെ അളവ് ക്രമമായി കുറച്ച് പച്ചപ്പുല്ല് നൽകാം. ഈർപ്പമുള്ളതും പഴകിയതുമായ തീറ്റ കന്നുകാലികൾക്ക് നൽകരുത്.
തൊഴുത്തും പരിസരവും അണുനാശക ലായനി തളച്ച് വൃത്തിയാക്കണം.
########
ഇടിയും മഴയും : കരുതൽ വേണം
കനത്ത മഴയും ഇടിമിന്നലും ഉള്ളപ്പോൾ മൃഗങ്ങളെ മേയാൻ വിടരുത്. തൊഴുത്തിൽ റബ്ബർ മാറ്റ് വിരിക്കുന്നത് ഇടിമിന്നലേൽക്കാനുള്ള സാദ്ധ്യത കുറയ്ക്കും. ♦ തൊഴുത്തിൽ ചാണകവും മൂത്രവും കെട്ടിക്കിടക്കാതെ ഒഴുക്കിവിടാൻ പാകത്തിന് തറനിരപ്പ് ശരിയാക്കണം.
പാൽപ്പാദനക്കുറവ്, ശ്വാസ തടസം തുടങ്ങിയ ലക്ഷണങ്ങൾ കണ്ടാൽ വെറ്ററിനറി സർജന്റെ സഹായം തേടണം.
ഡോ.എസ്.സന്തോഷ് , ജില്ലാ മൃഗ സംരക്ഷണ ഓഫീസർ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |