മല്ലപ്പള്ളിയിൽ കിണർ ഇടിഞ്ഞുതാഴ്ന്നു,മതിൽ നിലംപൊത്തി,
ഇടിഞ്ഞില്ലത്ത് വീടുകളിൽ വെള്ളം കയറി
മല്ലപ്പള്ളി : കാലവർഷം ശക്തമായപ്പോൾ മല്ലപ്പള്ളിയിൽ കിണർ ഇടിഞ്ഞുതാഴ്ന്നും മതിൽ നിലംപൊത്തിയും നാശനഷ്ടം. ഗവ.ആശുപത്രിപ്പടിക്ക് സമീപത്തെ പെന്തക്കോസ്ത് മിഷൻ വിശ്വാസ മന്ദിരത്തിന്റെ മുൻവശത്തെ മതിൽ പൂർണമായും ഇടിഞ്ഞുവീഴുകയായിരുന്നു. ഇന്നലെ രാവിലെയാണ് സംഭവം. സമീപത്ത് പാർക്ക് ചെയ്തിരുന്നു ടാറ്റ സുമോയുടെ വശത്തേക്കാണ് മതിൽ മറിഞ്ഞതെങ്കിലും വാഹനത്തിന് കേടുപാടുകൾ ഉണ്ടായില്ല.
പെരുമ്പെട്ടിയിൽ കനത്ത മഴയിൽ വീട്ടുമുറ്റത്തെ കിണർ ഇടിഞ്ഞുതാഴുകയായിരുന്നു. ഇന്നലെ പുലർച്ചെ പെരുമ്പെട്ടി സ്വദേശി ഓലിക്കൽ രാജന്റെ വീടിന് സമീപത്തെ കിണറാണ് അപ്രത്യക്ഷമായത്. കിണറും ചുറ്റുമതിലും തൂണുകളും ഇരുപത്തിരണ്ടടി താഴ്ചയിലേക്ക് താഴ്ന്നു പോകുകയായിരുന്നു. രാത്രിയിൽ ശബ്‌ദങ്ങൾ ഒന്നും കേട്ടിരുന്നില്ലെന്ന് രാജൻ പറഞ്ഞു. വീടിനോട് വളരെ അടുത്തായിരുന്നു കിണർ. വീടിന് കേടുപാടുകളൊന്നും സംഭവിച്ചിട്ടില്ലെങ്കിലും വലിയ കുഴി രൂപപ്പെട്ട് ജലം കെട്ടിനിൽക്കുന്നത് ആശങ്ക ഉളവാക്കുന്നു. ജനപ്രതിനിധികളും വില്ലേജ് അധികൃതരും സ്ഥലപരിശോധന നടത്തി.
തിരുവല്ല ഇടിഞ്ഞില്ലത്ത് കനത്തമഴയിൽ വീടുകളിൽ വെള്ളം കയറി. രാത്രിയിൽ പൊലീസെത്തി വീട്ടുകാരെ സുരക്ഷിതസ്ഥാനങ്ങളിലേക്ക് മാറ്റി.
ഇന്നലെ ഉച്ചയോടെ മഴയ്ക്ക് ശമനം ഉണ്ടായത് ആശ്വാസമായി.
നദികളിൽ ജലനിരപ്പ് ഉയർന്നു
പമ്പയിലും മണിമലയാറ്റിലും ജലനിരപ്പ് 10 അടിയോളം ഉയർന്നു. നദീതീരത്ത് താമസിക്കുന്നവരും താഴ്ന്ന പ്രദേശങ്ങളിലുള്ളവരും ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അധികൃതർ ആവശ്യപ്പെട്ടാൽ സുരക്ഷാ സ്ഥാനങ്ങളിലേക്ക് അല്ലെങ്കിൽ സുരക്ഷ ക്യാമ്പുകളിലേക്ക് മാറി താമസിക്കണം. നദിയിലോ മറ്റ് ജലാശയങ്ങളിലും ഇറങ്ങാനോ മീൻ പിടിക്കുവാനോ കുളിക്കുവാനോ പാടില്ലാത്തതാണ്.
റോഡുകളിൽ വെള്ളക്കെട്ട്
നവീകരിച്ചത് അടക്കം താലൂക്ക് പ്രദേശത്തെ മിക്ക റോഡുകളിലും വെള്ളക്കെട്ട് രൂക്ഷമായി. ഓടകളിലും ഇടത്തോടുകളിലും മണ്ണ് നിറഞ്ഞിരിക്കുന്നതിനാൽ റോഡിലൂടെയാണ് വെള്ളം കുത്തിയൊഴുകുന്നത്.
അടിയന്തര സഹായത്തിന് വില്ലേജ് ഓഫീസ്, പൊലീസ് സ്റ്റേഷൻ,
ഗ്രാമപഞ്ചായത്ത് , ഫയർഫോഴ്സ് സേവനങ്ങൾ ഉറപ്പാക്കേണ്ടതാണ്.
ടി.കെ റോഡിലെ കലുങ്ക് പണിയായി !
ടി.കെ റോഡ് നവീകരണത്തിന്റെ ഭാഗമായി ഇരവിപേരൂർ പി.ആർ.ഡി.എസ് ആസ്ഥാനത്തിന് സമീപം നിർമ്മിച്ച കല്ലുങ്ക് വെള്ളക്കെട്ടിന് കാരണമാകുന്നു. കലുങ്കിലൂടെ വെള്ളം ഒഴുകാത്തതിനാൽ റോഡിന്റെ കിഴക്ക് ഭാഗത്ത് കെട്ടിക്കിടക്കുകയാണ്. മഴ കനത്താൽ റോഡ് കവിഞ്ഞ് വെള്ളം മറുഭാഗത്തേക്ക് ഒഴുകും. ഇന്നലെ രാവിലെ മുതൽ റോഡിലൂടെ കുത്തൊഴുക്കാണ്. ഇത് വാഹനയാത്രികരെ അപകടത്തിലാക്കും. കലുങ്കിലൂടെ മറുഭാഗത്തേക്ക് വെള്ളം ഒഴുകിപ്പോകാൻ സൗകര്യമില്ലാത്തതാണ് വെള്ളക്കെട്ടിന് കാരണം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |