SignIn
Kerala Kaumudi Online
Tuesday, 09 June 2026 2.48 AM IST

ഡെങ്കി പ്രതിരോധം പാളി, ജാഗ്രതയോടെ ആരോഗ്യവകുപ്പ്

denki

പ്രമാടം : ഡെങ്കിപ്പനി, എലിപ്പനി പ്രതിരോധം പാളിയതോടെ ജാഗ്രതക്കുറവ് കാണിക്കുന്ന റബർ തോട്ടം ഉടമകൾക്കെതിരെ കർശന നടപടികളുമായി ആരോഗ്യ വകുപ്പും തദ്ദേശ സ്ഥാപനങ്ങളും. തോട്ടങ്ങളിലെ ജാഗ്രതക്കുറവാണ് കൊതുകുജന്യ രോഗ്യങ്ങൾ വ്യാപിക്കാൻ കാരണമെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. ചെറിയ ലാഭത്തിന് വേണ്ടി റബർത്തോട്ടങ്ങളിൽ കാണിക്കുന്ന ജാഗ്രതക്കുറവ് ഡെങ്കി, എലിപ്പനി തുടങ്ങിയ പകർച്ച വ്യാധികൾക്ക് കാരണമാകുമന്ന് ചൂണ്ടിക്കാട്ടി കേരളകൗമുദി വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. ഇതേ തുടർന്നാണ് ആരോഗ്യ വകുപ്പിന്റെ ഇടപെടൽ. പ്രതിരോധ പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുന്നതിനും റബർത്തോട്ടങ്ങളിൽ ജാഗ്രത പുലർത്തുന്നതിനും അടിയന്തര നടപടി സ്വീകരിക്കണമെന്ന് ആരോഗ്യവകുപ്പ് ത്രിതല പഞ്ചായത്ത് സെക്രട്ടറിമാർക്ക് കർശന നിർദ്ദേശം നൽകി. ശനി, ഞായർ ദിവസങ്ങളിൽ ആരോഗ്യ വകുപ്പും തദ്ദേശ സ്ഥാപന പ്രതിനിധികളും സംയുക്തമായി റബർത്തോട്ടങ്ങൾ സന്ദർശിച്ച് ഉടമകൾക്ക് ബോധവത്കരണവും പ്രതിരോധ നിർദേശങ്ങളും നൽകി. അടുത്ത ദിവസങ്ങളിൽ പ്രത്യേക സ്ക്വാഡ് രൂപീകരിച്ച് വീണ്ടും പരിശോധന നടത്തും. അനാസ്ഥ ആവർത്തിച്ചാൽ പകർച്ചവ്യാധി പ്രതിരോധ നിയമപ്രകാരം നടപടി സ്വീകരിക്കാനാണ് നിർദ്ദേശം.

ജാഗ്രതക്കുറവ് വില്ലനായി

മഴക്കാലപൂർവ പ്രതിരോധ പ്രവർത്തനങ്ങളിൽ തദ്ദേശസ്ഥാപനങ്ങൾ തുടക്കത്തിൽ വരുത്തിയ ജാഗ്രതക്കുറവും മുന്നൊരുക്കങ്ങളിലെ പാളിച്ചയുമാണ് ഡെങ്കി, എലിപ്പനി തുടങ്ങിയ പകർച്ചവ്യാധികൾ കുതിച്ചുയരാൻ കാരണം. ഭൂരിഭാഗം പഞ്ചായത്തുകളിലും നഗരസഭകളിലും ഹോട്ട്സ്പോട്ടുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കാലവർഷത്തിന്റെ തുടക്കത്തിലേയുളള വ്യാപനം ആശങ്ക ഉയർത്തുന്നതാണ്. മുൻവർഷങ്ങളിലെ വ്യാപനം മുന്നിൽ കണ്ട് ഇത്തവണ തോട്ടങ്ങൾ കേന്ദ്രീകരിച്ച് പ്രത്യേക ജാഗത്ര വേണമെന്ന് തദ്ദേശ സ്ഥാപനങ്ങൾക്ക് ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നൽകിയിരുന്നു.

ചിരട്ടയാണ് വലിയ പ്രശ്നം

കൊതുക് ജന്യരോഗങ്ങളുടെ പ്രധാന ഉറവിടമായ റബർത്തോട്ടങ്ങളിൽ അതീവ ജാഗ്രതവേണം.

മഴവെള്ളം കെട്ടിനിൽക്കുന്ന റബർ പാൽ ശേഖരണ ചിരട്ടകളിൽ മുട്ടയിട്ട് പെരുകുന്ന കൂത്താടികൾ ഏഴ് ദിവസത്തിനുള്ളിൽ രോഗവാഹകരായ കൊതുകുകളായി മാറും. പലരും റബർപ്പാൽ എടുത്ത ശേഷം ഊറിവീഴുന്ന കറ ഒട്ടുപാൽ ആക്കുന്നതിന് വേണ്ടിയാണ് ചിരട്ട മലർത്തി വയ്ക്കുന്നത്. ചെറിയ ലാഭം നോക്കിയുള്ള ഈ ജാഗ്രതക്കുറവ് ജീവന് തന്നെ ഭീഷണിയാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL