
റാന്നി : മദ്യലഹരിയിൽ വിവസ്ത്രനായി ജനവാസ മേഖലയിൽ എത്തിയ മധ്യവയസ്കനെ നാട്ടുകാർ കെട്ടിയിട്ട് ക്രൂരമായി മർദ്ദിച്ചു. അങ്ങാടി ഉന്നക്കാവ് മുള്ളൻകാട്ടിൽ വർഗീസ് മാത്യു (ബിജു - 56) വിനാണ് മർദ്ദനമേറ്റത്. ക്രൂരമായി മർദ്ദിക്കുന്ന ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിച്ചതോടെ റാന്നി പൊലീസ് സംഭവത്തിൽ സ്വമേധയാ കേസെടുക്കാൻ തീരുമാനിച്ചു. കഴിഞ്ഞ ഞായറാഴ്ച രാത്രിയിലാണ് സംഭവം. മദ്യലഹരിയിൽ വസ്ത്രങ്ങൾ ഉൗരിയെറിഞ്ഞ് രാത്രികാലങ്ങളിൽ ഇറങ്ങിനടക്കുന്ന സ്വഭാവക്കാരനാണ് വർഗീസ് മാത്യു. ഞായറാഴ്ച രാത്രി ഇത്തരത്തിൽ കരിങ്കുറ്റി ലക്ഷംവീട് ഉന്നതി ഭാഗത്താണ് ഇയാൾ എത്തിയത്. നഗ്നനായി നിൽക്കുന്നയാളെ കണ്ട് വീട്ടമ്മ ബഹളം വച്ചതോടെ നാട്ടുകാർ ഓടിക്കൂടുകയായിരുന്നു. തുടർന്ന് നാട്ടുകാരിൽ ചിലർ ഇയാളെ കയറുകൊണ്ട് കെട്ടിയിടുകയും ക്രൂരമായി മർദ്ദിക്കുകയുമായിരുന്നു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ റാന്നി പൊലീസ് ഉടൻ തന്നെ വർഗീസിനെ റാന്നി താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. എന്നാൽ പരിക്ക് ഗുരുതരമായതിനാൽ വിദഗ്ദ്ധ ചികിത്സയ്ക്കായി കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. കേസെടുക്കാൻ ആശുപത്രിയിലെത്തിയ പൊലീസിന് മൊഴി നൽകാൻ വർഗീസ് മാത്യു വിസമ്മതിച്ചു. എന്നാൽ, മർദ്ദനദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിച്ചതോടെ പൊലീസ് സ്വമേധയ കേസെടുക്കാൻ തീരുമാനിക്കുകയായിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |