കോന്നി : നഗരത്തിൽ എയർഗണ്ണുമായി ഭീകരാന്തരീക്ഷം സൃഷ്ടിച്ച ഊട്ടുപാറ ഷോൺവില്ലയിൽ ഷോൺ തോമസ് (19), ഊട്ടുപാറ തൂങ്കുഴിയിൽ സജിൻ വർഗീസ് (18) എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ഞായറാഴ്ച വൈകിട്ട് ഏഴിനാണ് സംഭവം. കോന്നി മാർക്കറ്റിംഗ് സൊസൈറ്റിക്ക് സമീപം ഓട്ടോറിക്ഷ സ്റ്റാൻഡിൽ വാഹനം പാർക്ക് ചെയ്തതുമായി ബന്ധപ്പെട്ട് ഇവർ ഓട്ടോറിക്ഷ തൊഴിലാളികളുമായി വാക്കേറ്റവും സംഘർഷവും ഉണ്ടായി. തുടർന്ന് യുവാക്കളുടെ പക്കൽ നിന്ന് എയർഗൺ പിടിച്ചെടുക്കുകയായിരുന്നു. നാട്ടുകാരും ഓട്ടോറിക്ഷ തൊഴിലാളികളും ചേർന്ന് യുവാക്കളെ പൊലീസിൽ ഏൽപ്പിച്ചു. ചോദ്യം ചെയ്യലിൽ എയർഗൺ ഊട്ടുപാറയിലെ ഒരു വീട്ടിൽ നിന്ന് മോഷ്ടിച്ചതാണെന്ന് കണ്ടെത്തി. ഊട്ടുപാറ മിച്ചഭൂമിക്ക് സമീപം പൈനുംമൂട്ടിൽ പി.സി.ജോർജിന്റെ ഉടമസ്ഥതയിലുള്ള ആൾതാമസമില്ലാത്ത വീട്ടിൽ നിന്നാണ് എയർഗൺ മോഷ്ടിച്ചത്. ഈ വീട്ടിലെ അംഗങ്ങൾ ന്യൂസിലൻഡിലാണ്. വീടിന്റെ പിന്നിലെ ആസ്ബറ്റോസ് ഷീറ്റ് ഇളക്കിമാറ്റിയാണ് ഇവർ വീടിനകത്ത് കടന്നത്. ഇന്നലെ ഇവിടെ പൊലീസ് നടത്തിയ പരിശോധനയിൽ വീട്ടുസാമഗ്രികൾ അലങ്കോലമാക്കി ഇട്ടിരിക്കുന്നത് കണ്ടെത്തി. ഇവിടെ നിന്ന് കൂടുതൽ സാധനങ്ങൾ മോഷണം പോയിട്ടുണ്ടോ എന്ന് പൊലീസ് അന്വേഷിക്കുകയാണ്. ഇവർ വീടിനുള്ളിൽ കയറി പതിവായി മദ്യപിച്ചിരുന്നതായും കണ്ടെത്തി. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |