SignIn
Kerala Kaumudi Online
Wednesday, 10 June 2026 2.36 AM IST

ഡി​പ്പോസി​റ്റ് തുക തി​രി​കെ നൽകി​യി​ല്ല, ഓമല്ലൂർ സഹകരണ ബാങ്കിനെതി​രെ പരാതി​യുമായി​ നി​ക്ഷേപകർ

crime

പത്തനംതിട്ട : കരിവന്നൂർ ബാങ്കിന് സമാനമായ രീതിയിൽ സി.പി.എം ഭരിക്കുന്ന ഓമല്ലൂർ സഹകരണ ബാങ്കിലും കോടികളുടെ തട്ടിപ്പ്. നിക്ഷേപത്തുക തിരി​കെ ലഭിക്കാത്തതിനെ തുടർന്ന് ബാങ്കിനെതിരെ 19 നിക്ഷേപക‌ർ പത്തനംതിട്ട പൊലീസിലും കളക്ടർക്കും മുൻ സർക്കാരിന്റെ കാലത്ത് മുഖ്യമന്ത്രി നേരിട്ട് നടത്തിയ നവകേരള സദസിലും പരാതി നൽകിയിരുന്നു. വർഷങ്ങൾ പിന്നിട്ടിട്ടും പ്രശ്നത്തിന് പരിഹാരം ലഭിക്കാതായതോടെ വിഷയത്തിൽ ഇടപെടണമെന്ന് അഭ്യർത്ഥിച്ച് സഹകരണ മന്ത്രി എം.ലിജുവിനും അബിൻ വർക്കി എം.എൽ.എയ്ക്കും നിക്ഷേപകർ പരാതി നൽകി.

മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റും സി.പി.എം ജില്ലാ സെക്രട്ടറിയേറ്റ് അംഗവുമായ ഓമല്ലൂർ ശങ്കരൻ, ബാങ്കിന്റെ മുൻ സെക്രട്ടറി ഷീജ.എം.എസ്, മുൻ സെക്രട്ടറി ഹരിപ്രസാദ്.എം.പി, അക്കൗണ്ടന്റ് കെ.എൻ.ശ്രീകുമാർ, ജീവനക്കാരൻ ഷിബു.കെ എന്നിവരെ പ്രതികളാക്കിയാണ് പരാതി നൽകിയിരിക്കുന്നത്. ബാങ്കിന് വിവിധ ഇടങ്ങളിലായി ഒരേക്കറിലധികം സ്ഥലവും ഫാക്ടറിയും കെട്ടിടങ്ങളുമുണ്ട്.

നൂറുകണക്കിന് നിക്ഷേപകരും 100 കോടിയിലധികം ആസ്തി​യുമുണ്ടായിരുന്ന ബാങ്കിന് ആദ്യകാലത്ത് 70കോടി രൂപ ഫിക്സഡ് ഡിപ്പോസിറ്റ് ഉണ്ടായിരുന്നു. കഴിഞ്ഞ ഓഡിറ്റ് റിപ്പോർട്ട് വന്നപ്പോൾ ബാങ്കിന് 18 കോടിയുടെ ആസ്തി​മാത്രമാണുള്ളതെന്നാണ് കണ്ടെത്തിയിരിക്കുന്നത്. നിക്ഷേപകർക്ക് മാത്രം 42 കോടി നൽകാനുണ്ടെന്നാണ് വി​വരം. 2023 മുതലാണ് നിക്ഷേപകർക്ക് പണം മടക്കി നൽകാൻ ബാങ്കിന് കഴിയാതെ വന്നത്. ബാങ്കിന്റെ തുടക്കകാലത്ത് മികച്ച പ്രവർത്തനത്തിലൂടെ ജനങ്ങൾക്കിയിൽ വിശ്വാസമാർജ്ജിച്ചു. പടിപടിയായി എഗ്രേഡ് ബാങ്കായി ഉയർത്തിയ ശേഷമാണ് വഴിവിട്ട ഇടപാടുകളിലൂടെ തകർച്ചയിലേക്ക് കൂപ്പുകുത്തിയത്.

വഴിവിട്ട ഇടപാടുകൾ

ഇടതുപക്ഷ നേതാക്കൾക്കും അനുഭാവികൾക്കും തിരിച്ചടവോ ജാമ്യവസ്തുവിന്റെ മൂല്യമോ കണക്കാക്കാതെ ലക്ഷക്കണക്കിന് രൂപ ലോൺ അനുവദിച്ചതും നിക്ഷേപങ്ങളിൽ നിന്ന് ജീവനക്കാർക്ക് ശമ്പളം നൽകിയതും ബാങ്കിന്റെ തകർച്ചയ്ക്ക് കാരണമായി​. വഴിവിട്ട ഇടപാടുകൾക്ക് ഭരണസമിതി തന്നെ നേതൃത്വം നൽകിയെന്ന് നിക്ഷേപകർ പറയുന്നു. പണാപഹരണം നടത്തിയ ജീവനക്കാരിൽ ചിലർക്കെതിരെ നടപടി സ്വീകരിച്ചെങ്കിലും നിക്ഷേപകർക്ക് പണം തിരികെ നൽകി​യി​ട്ടി​ല്ല.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL