SignIn
Kerala Kaumudi Online
Wednesday, 10 June 2026 2.08 AM IST

അടിമുടി വിലക്കയറ്റം ; എങ്ങനെ ജീവിക്കും !

vila

പത്തനംതിട്ട : പാചകവാതകത്തിൽ തുടങ്ങിയ വിലവർദ്ധന നിത്യോപയോഗ സാധനങ്ങളിൽ എത്തിനിൽക്കുമ്പോൾ കുടുംബബഡ്ജറ്റിന്റെ താളം തെറ്റുകയാണ്. 20,000 രൂപ വേതനം ലഭിക്കുന്ന സാധാരണക്കാരൻ ഒരുമാസം കടക്കണമെങ്കിൽ കടം വാങ്ങിക്കേണ്ട ഗതികേടിലായിരിക്കുന്നു. ഇരുചക്രവാഹനത്തിന്റെ പെട്രോൾ ചെലവ് മുതൽ ഒരുനേരത്തെ ചായയും കടിക്കുമുള്ള ചെലവ് വരെ ഏറിയ സാഹചര്യത്തിൽ വരുംനാളുകളിൽ ജീവിതം കടുക്കും. ബാങ്ക് വായ്പയുള്ളവരും പതിവായി മരുന്നുവാങ്ങുന്നവരുമാണെങ്കിൽ ഏറെ പാടുപെടും. ഇറച്ചിയുടെയും മീനിന്റെയും വില കൂടി വർദ്ധിക്കുമ്പോൾ ആഹാരകാര്യത്തിലും നിയന്ത്രണമേർപ്പെടുത്താൻ നിർബന്ധിതരാകും. വാടകവീടുകളിൽ താമസിക്കുന്നവരാണെങ്കിൽ വാടക നൽകിയാൽ പട്ടിണിയാകും മിച്ചമുണ്ടാകുക. കുട്ടികളുടെ സ്കൂൾ യാത്രയുടെ ചെലവും ട്യൂഷൻ ഫീസും വൈദ്യുതി ചാർജ്ജും കൂടിയാകുമ്പോൾ ചെലവിന്റെ തട്ട് താഴ്ന്നുതന്നെ കിടക്കും. വരവിലും കൂടുതൽ ചെലവ് എന്ന സാഹചര്യത്തിലേക്ക് ഇടത്തരം കുടുംബങ്ങൾ നീങ്ങുന്നത് അത്ര ശുഭകരമായ കാര്യമല്ല.

15000രൂപ മുതൽ 20000രൂപ വരെയുള്ള ശമ്പളത്തിൽ തുണിക്കടകളിലും ചെറുകിട സ്ഥാപനങ്ങളിലും ആശുപത്രികളിലും ജോലിനോക്കുന്ന ഇടത്തരക്കാർക്കാണ് വില വർദ്ധനവ് വലിയ പ്രതിസന്ധിയാകുന്നത്.

ഗ്യാസിന് ₹ 954.00

വാണിജ്യ സിലണ്ടറിനു പിന്നാലെ ഗാർഹിക പാചകത്തിന്റെ വിലയും കുത്തനെ കൂട്ടിയത് വിലക്കയറ്റം മൂലം നട്ടം തിരിയുന്ന സാധാരണക്കാരുടെ ജീവിതം കൂടുതൽ ദുസഹമാക്കി. പെട്രോൾ, ഡീസൽ വില വർദ്ധിപ്പിച്ചപ്പോൾ തന്നെ സർവ സാധനങ്ങൾക്കും വിലകൂടിയിരുന്നു. വാണിജ്യ ഗ്യാസ് സിലണ്ടറുകളുടെ വിലവർദ്ധനവ് മൂലം ഹോട്ടൽ ഭക്ഷണ സാധനങ്ങളുടെ വില പൊള്ളുന്ന നിലയിൽ വർദ്ധിപ്പിച്ചു.

ചെറിയവരുമാനത്തിലും ഞെങ്ങിഞെരുങ്ങി കഴിഞ്ഞിരുന്ന കുടുംബങ്ങൾക്ക് ഇന്ധനവിലവർദ്ധനവിലൂടെ ഉണ്ടായത് ഇരുട്ടടിയാണ്. ശമ്പളം ലഭിച്ചാലും ഇനി കടംവാങ്ങാതെ ഒരുമാസം തള്ളിനീക്കാൻ കഴിയാത്ത അവസ്ഥ.

യുദ്ധവും ബാധി​ച്ചു

പശ്ചിമേഷ്യൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ഗൾഫ് നാടുകളിൽ ഉടലെടുത്ത അരക്ഷിതാവസ്ഥയും ഏറ്റവും കൂടുതൽ വിദേശ മലയാളികളുള്ള ജില്ലയിൽ പ്രതിഫലിച്ചു തുടങ്ങി. ഇതോടെ വിവിധ തലങ്ങളിലുള്ള വിലവർദ്ധനവും അരക്ഷിത സാഹചര്യവും ജില്ലയിലെ ഇടത്തരം കുടുംബങ്ങളുടെ ജീവിതം കൂടുതൽ ദുസഹമാക്കി.

മുൻപ് ഇന്ധനവില കൂട്ടിയിരുന്നത് വർഷത്തിൽ ഒന്നോരണ്ടോ തവണയായിരുന്നു. അതിനുതന്നെ കടുത്ത എതിർപ്പാണ് ഉണ്ടായിരുന്നത്. എന്നാൽ ഇപ്പോൾ ഏതുനിമിഷവും വിലകൂടുന്ന അവസ്ഥയാണ്. കുടുംബ ബഡ്ജറ്റിനെ താളംതെറ്റിക്കുന്നതിനൊപ്പം കടുത്ത സാമ്പത്തിക ബാദ്ധ്യതയുമാണ് സൃഷ്ടിക്കുന്നത്.

ശ്രീജ ജി.നായർ, സെയിൽസ് ഗേൾ

തൊഴിലാളി കുടുംബങ്ങൾ വിലവർദ്ധനവ് ഭയപ്പാടോടെയാണ് കാണുന്നത്. നാളെ എന്തെന്നറിയാത്ത സ്ഥിതിയാണ് നിലവിൽ. സാധാരണക്കാരന്റെ ദയനീയ സ്ഥിതി കണ്ണുതുറന്ന് കാണാൻ ഭരണകർത്താക്കൾ തയ്യാറാകണം.

ഞെട്ടൂർ ഉണ്ണികൃഷ്ണൻ,

ഓട്ടോറിക്ഷാ ഡ്രൈവർ

വി​ലക്കയറ്റം ഇങ്ങനെ

ചായയ്ക്കും വടയ്ക്കും : ₹ 30

പെട്രോൾ വി​ല : ₹ 106.64

അരി​​ (1 കി​ലോ) : ₹ 52 - 60

പാൽ ​ (1 ലി​റ്റർ) : ₹ 56

മത്തി​ (1 കി​ലോ) : ₹ 240

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL