
തിരുവല്ല : അഴുകിയതും പുഴുവരിച്ചതും മാസങ്ങളോളം പഴകിയതുമായ ഉറ്റവർപോലും തൊടാൻ മടിച്ച ആറായിരത്തിലധികം മൃതദേഹങ്ങൾ പൊലീസിനായി കരവലയത്തിലാക്കിയ തിരുവല്ല കാഞ്ഞിരമാലിൽ പുത്തൻവീട്ടിൽ സോമൻ (56) വിദഗ്ദ്ധ ചികിത്സയ്ക്കായി സഹായം തേടുന്നു. കഴിഞ്ഞമാസം രണ്ടിന് മൃതദേഹം പുറത്തെടുക്കുന്നതിനിടെയുണ്ടായ പരിക്ക് അണുബാധയ്ക്ക് കാരണമായത് സോമനെ ആശുപത്രി കിടക്കയിലാക്കി. പത്തനംതിട്ട ചന്ദനപ്പള്ളിയിൽ 22ദിവസം പഴക്കമുള്ള പുഴുവരിച്ച മൃതദേഹം മുള്ളുകൾക്കിടയിൽ നിന്ന് പുറത്തെടുക്കുന്നതിനിടെയാണ് സംഭവം. പി.പി.ഇ കിറ്റ് കീറിയതിനെ തുടർന്ന് കാലിന്റെ തുടയിൽ മുള്ള് കൊണ്ടുണ്ടായ ചെറിയ മുറിവ് ജീവനുതന്നെ ഭീഷണിയായി മാറുകയായിരുന്നു.
ആദ്യം സാധാരണ പനിയെന്ന് കരുതിയെങ്കിലും പിന്നീട് ഗുരുതരമായി. തിരുവല്ല മെഡിക്കൽ മിഷൻ ആശുപത്രിയിലെ ചികിത്സയിൽ രോഗാണുവിനെ തിരിച്ചറിയാൻ ഒരുമാസം വേണ്ടിവന്നു. ഇതിനിടെ മൂന്നുദിവസം വെന്റിലേറ്ററിലും ഏഴുദിവസം ഐ.സി.യുവിലുമായി. നാല് ശസ്ത്രക്രിയകൾ നടത്തിയിട്ടും ചികിത്സ തുടരുകയാണെന്ന് മകൾ സുമി പറയുന്നു.
അഴുകിയ മൃതദേഹങ്ങൾ ഇൻക്വസ്റ്റിനായി ഏറ്റെടുക്കാൻ പൊലീസ് വിളിച്ചാൽ ആദ്യം ഓടിയെത്തിയത് സോമനായിരുന്നു. ഒരുതൊഴിൽ എന്നതിലുപരി കടമയായി ആണ് അദ്ദേഹം ഇക്കാലമത്രയും കണ്ടത്. പത്തനംതിട്ട മുതൽ തിരുവനന്തപുരം വരെ നിരവധി പൊലീസ് സ്റ്റേഷനുകളിലെ സുപരിചിതനാണ് സോമൻ. കോളിളക്കം സൃഷ്ടിച്ച ഇലന്തൂർ നരബലി ഉൾപ്പെടെയുള്ള നിരവധി കേസുകളിൽ പൊലീസിന്റെ പ്രവർത്തനങ്ങൾക്ക് നിർണായക സഹായം നൽകിയതും ഇദ്ദേഹമാണ്. സോമൻ ഉണ്ടെങ്കിൽ ഇൻക്വസ്റ്റ് ഭംഗിയായി പൂർത്തിയാകും എന്ന വിശ്വാസമായിരുന്നു പല ഉദ്യോഗസ്ഥർക്കും. പൊലീസ് ഉദ്യോഗസ്ഥർ ചേർന്ന് നൽകിയ സഹായങ്ങൾ കൊണ്ടാണ് ചികിത്സ ഇതുവരെ നടന്നത്.
കരുതലേകാം
ജീവിതം മുഴുവൻ മറ്റുള്ളവരുടെ അന്ത്യയാത്രയ്ക്ക് താങ്ങായിരുന്ന സോമൻ ഇന്ന് സമൂഹത്തിന്റെ കരുതലിനും സ്നേഹത്തിനും കാത്തിരിക്കുകയാണ്.
തുടർചികിത്സയ്ക്കും ശസ്ത്രക്രിയയ്ക്കുമായി ഇനിയും വലിയതുക വേണ്ടിവരും.
മരണത്തിനപ്പുറം മനുഷ്യന്റെ അന്തസിന് കാവലായി നിന്ന വ്യക്തിത്വത്തിന് കരുതലേകാനുള്ള സമയമാണിത്. സോമന് സഹായമൊരുക്കാനുള്ള ശ്രമത്തിലാണ് പ്രിയപ്പെട്ടവർ. കാവുംഭാഗം ഫെഡറൽ ബാങ്ക് അക്കൗണ്ട് നമ്പർ:12530100155599, ഐ.എഫ്.എസ്.സി കോഡ്: FDRL0001253, ജീപേ നമ്പർ: 81118 21688.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |