
പത്തനംതിട്ട : മനുഷ്യരിൽ ഭയഭക്തി ഉണർത്തുന്ന പാമ്പുകളുടെ ദിവസമാണിന്ന്. ലോക പാമ്പ് ദിനം. പാമ്പിനെ കണ്ടാൽ കമ്പ് എടുക്കുന്ന മനുഷ്യനെ ബോധവത്കരിക്കാനുള്ള ദിവസം. ജൈവ വൈവിദ്ധ്യത്തിലെ പ്രധാന കണ്ണിയാണ് പാമ്പുകളെന്നും പാരിസ്ഥിതിക സുസ്ഥിരത നിലനിറുത്തുന്നതിൽ അവയ്ക്ക് നിർണായക പങ്കുണ്ടെന്നും നമ്മെ ഓർമ്മിപ്പിക്കുകയാണ് പാമ്പുദിനം.
അടുത്തകാലത്ത് കാലാവസ്ഥാവ്യതിയാനം കാരണം നിരവധി ആളുകൾക്ക് പാമ്പുകടി ഏൽക്കുകയും മരണം സംഭവിക്കുകയും ചെയ്തിരുന്നു. ഇതേതുടർന്ന് ആരോഗ്യ കുടുംബക്ഷേമ വകുപ്പിന്റെ മാർഗനിർദ്ദേശ പ്രകാരം സ്കൂളുകളിൽ വനംവകുപ്പിന്റെ പാമ്പ് പരിശോധന നിർബന്ധമാക്കിയിട്ടുണ്ട്. ഇനിയുള്ള വർഷങ്ങളിൽ സ്കൂളുകളുടെ അന്തിമ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ലഭിക്കാൻ വനം വകുപ്പിന്റെ പാമ്പ് പരിശോധനാ ക്ളിയറൻസ് സർട്ടിഫിക്കേറ്റ് നിർബന്ധമാണ്. മനുഷ്യന്റെ കടന്നുകയറ്റവും ആവാസ വ്യവസ്ഥയിലുണ്ടായ മാറ്റങ്ങളും കാരണം പാമ്പുകടിയേൽക്കുന്ന കേസുകൾ വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ ചീഫ് വൈൽഡ് ലൈഫ് വാർഡന്റെ നിർദ്ദേശപ്രകാരമാണ് പുതിയ നടപടി. ഇനി അദ്ധ്യായന വർഷം തുടങ്ങുന്നതിന് മുമ്പ് പാമ്പ് പരിശോധനാ സർട്ടിഫിക്കേറ്റിനായി സ്കൂൾ അധികൃതർ വനം വകുപ്പിന് അപേക്ഷ നൽകണം. എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇത് ബാധകമാക്കിയിട്ടുണ്ട്. പാമ്പ് ആക്രമണ ഭീഷണി ഇല്ലെന്ന് ഉറപ്പാക്കിയെങ്കിൽ മാത്രമെ ഇനി മുതൽ വിദ്യാലയങ്ങളിൽ പഠനം ആരംഭിക്കാനാകൂ.
കാവ് നശിച്ചു, കാടിറങ്ങി
സർപ്പക്കാവുകൾ ധാരാളമുള്ള സംസ്ഥാനമാണ് കേരളം. മുമ്പ് 15,000 ത്തോളം കാവുകൾ ഉണ്ടായിരുന്നു. ഇവയിൽ ഭുരിഭാഗവും ഇല്ലാതായി. പാമ്പുകൾക്ക് അനുയോജ്യമായ ആവാസ്ഥവ്യവസ്ഥ കാവുകളിലുണ്ടായിരുന്നു. എന്നാൽ ഇവിടേക്കുള്ള മനുഷ്യന്റെ കടന്നുകയറ്റം പാമ്പുകളുടെ ആവാസകേന്ദ്രം നഷ്ടമാക്കി.
കടിയേറ്റാൽ ആശ്രയം ആന്റീവനം
പാമ്പുകടിയേറ്റാൽ പ്രതിവിഷമായി പോളീ ആന്റീവനമാണ് നൽകി വരുന്നത്. പ്രധാന ആശുപത്രികളിൽ പാമ്പ് ചികിത്സ ലഭ്യമാണ്.
പാമ്പ് ഇനങ്ങൾ
ലോകത്തുള്ളത് : 2,700
കേരളത്തിൽ : 110
ഉഗ്രവിഷമുള്ളത് : 25
നേരിയവിഷമുള്ളത് : 14
വിഷമില്ലാത്തത് : 71
ഉഗ്രവിഷമുള്ള പാമ്പ് : രാജവെമ്പാല
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |