ചെങ്ങന്നൂർ: വീട്ടുമുറ്റത്തുനിന്ന് കാണാതായ ഇരുചക്രവാഹനം ട്രാഫിക് പിഴ (ചെല്ലാൻ) സന്ദേശത്തിന്റെ സഹായത്തോടെ പൊലീസ് കണ്ടെത്തി ഉടമയ്ക്ക് കൈമാറി. പുന്നപ്ര പൊലീസ് സ്റ്റേഷൻ പരിധിയിൽ കഴിഞ്ഞ മാസം 22ന് പുലർച്ചെ മോഷണം പോയ വാഹനമാണ് 28 ദിവസങ്ങൾക്ക് ശേഷം ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷന് സമീപത്തുനിന്ന് കണ്ടെത്തിയത്. ആലപ്പുഴ പുന്നപ്ര വൃന്ദാവനം എച്ച്സി ബി 33-ൽ കൃഷ്ണദാസിന്റെ ഇരുചക്രവാഹനമാണ് മോഷണം പോയത്.വീട്ടുമുറ്റത്ത് പതിവായി പാർക്ക് ചെയ്തിരുന്ന വാഹനം രാവിലെ നോക്കിയപ്പോഴാണ് കാണാനില്ലെന്ന വിവരം ഉടമ അറിയുന്നത്. തുടർന്ന് പുന്നപ്ര പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. കഴിഞ്ഞ ദിവസം ഉടമയുടെ മൊബൈൽ ഫോണിലേക്ക് ട്രാഫിക് നിയമലംഘനത്തിന് പിഴ ചുമത്തിയതിന്റെ സന്ദേശം ലഭിച്ചിരുന്നു. സംശയം തോന്നിയ ഉടമ ഉടൻ തന്നെ പുന്നപ്ര പൊലീസിൽ വിവരം അറിയിച്ചു.സന്ദേശത്തെ കേന്ദ്രീകരിച്ച് പൊലീസ് നടത്തിയ പരിശോധനയിലാണ് വാഹനം ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷന് പിൻവശത്തെ പാർക്കിംഗ് ഏരിയയിൽ ദിവസങ്ങളായി കിടക്കുന്നതായി കണ്ടെത്തിയത്. ഏറെ നാളായി ഉപേക്ഷിക്കപ്പെട്ട നിലയിൽ കിടന്നതിനെ തുടർന്നാണ് വാഹനത്തിന് പിഴ ചുമത്തിയതെന്ന് പൊലീസ് അറിയിച്ചു. ചെങ്ങന്നൂർ ട്രാഫിക് എസ്.ഐ എം.ടി. മധുകുമാർ, ഗ്രേഡ് എസ്.ഐമാരായ നൗഷാദ്, വിജയകുമാർ, എ.എസ്.ഐമാരായ അനീഷ് മോൻ, ജയൻ എന്നിവരുടെ നേതൃത്വത്തിലാണ് വാഹനം കണ്ടെത്തിയത്.ഒരു മാസത്തോളം മഴയും വെയിലും ഏറ്റതിനെ തുടർന്ന് വാഹനം തുരുമ്പെടുത്ത നിലയിലായിരുന്നെങ്കിലും സ്റ്റാർട്ട് ചെയ്യാൻ കഴിഞ്ഞു. വാഹനം സുരക്ഷിതമായി ഉടമയ്ക്ക് കൈമാറിയതായി പൊലീസ് അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |