വെച്ചൂച്ചിറ: മനോഹര കാഴ്ചകൾ കാണാനെത്തുന്ന സഞ്ചാരികളെ കാത്തിരിക്കുന്നത് വലിയ അപകടം. ജില്ലയിലെ തന്നെ ഏറ്റവും പ്രശസ്ത വിനോദസഞ്ചാര കേന്ദ്രമായ പെരുന്തേനരുവിയിലേക്ക് പോകുന്ന പെരുന്തേനരുവി - വെച്ചൂച്ചിറ റോഡിലെ പ്രധാന വ്യൂ പോയിന്റിലാണ് റോഡിന്റെ വശത്ത് അപകടാവസ്ഥ. പെരുന്തേനരുവി ഡാമിന്റെയും സമീപപ്രദേശങ്ങളുടെയും ഏറ്റവും മനോഹരമായ ദൃശ്യം ലഭിക്കുന്ന ഈ ഭാഗത്താണ് ദിവസേന നൂറുകണക്കിന് ആളുകൾ എത്തുന്നത്. വാഹനങ്ങൾ റോഡരികിൽ ഒതുക്കി നിറുത്തി ചിത്രങ്ങൾ പകർത്തുന്നതും കാഴ്ചകൾ കാണുന്നതും ഈ അപകട മേഖലയിലാണ്. റോഡിന്റെ ഒരു വശത്ത് ഏകദേശം 300 അടിയോളം താഴ്ചയുള്ള വലിയ കൊക്കയാണ്. സംരക്ഷണഭിത്തിയോ സുരക്ഷാ വേലികളോ ഇല്ലാത്തത് അപകട സാദ്ധ്യത വർദ്ധിപ്പിക്കുന്നു. കുത്തനെയുള്ള റോഡായതിനാൽ നിയന്ത്രണം വിടുന്ന വാഹനങ്ങൾ നേരിട്ട് കൊക്കയിലേക്ക് പതിക്കാൻ സാദ്ധ്യതയേറെയാണ്. റോഡിന്റെ വീതിക്കുറവും കുത്തനെയുള്ള ഇറക്കവും ഡ്രൈവർമാർക്ക് വലിയ വെല്ലുവിളിയുയർത്തുന്നു. ഓണക്കാലമായതോടെ വിവിധ ഭാഗങ്ങളിൽ നിന്ന് പെരുന്തേനരുവി വെള്ളച്ചാട്ടവും ഡാമും കാണാൻ വൻ ജനത്തിരക്കാണ് അനുഭവപ്പെടുന്നത്. പെട്ടെന്നുണ്ടാകുന്ന ഡ്രൈവിംഗ് പിഴവുകൾ പോലും വലിയ ദുരന്തത്തിന് കാരണമായേക്കാം. ഓണത്തിരക്ക് പൂർണമാകുന്നതിന് മുൻപ് അധികൃതർ ഇടപെട്ട് ഈ അപകട ഭീഷണി പരിഹരിച്ചില്ലെങ്കിൽ വലിയൊരു ദുരന്തത്തിന് വഴിവെക്കുമെന്ന ആശങ്കയിലാണ് പ്രദേശം.
.......................................................
അടിയന്തരമായി പ്രദേശത്ത് സുരക്ഷാ വേലികളോ ക്രാഷ് ബാരിയറുകളോ സ്ഥാപിക്കണം. റോഡ് വശം ശക്തിപ്പെടുത്തണം.
(പ്രദേശവാസികൾ)
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |