കോന്നി: സഞ്ചാരികളെ മാടിവിളിച്ച് കാഴ്ചകളുടെ വിസ്മയം തീർക്കുകയാണ് അട്ടച്ചാക്കൽ - കുമ്പളാംപൊയ്‌ക റോഡിലെ മുക്കോത്തിപുന്ന. ഹാരിസൺ മലയാളം പ്ലാന്റേഷന്റെ കുമ്പഴത്തോട്ടത്തിലെ സി.എൽ ഫാക്ടറിക്കും പുതുക്കുളത്തിനും ഇടയിലാണ് ഈനയന മനോഹര കാഴ്ചകൾ. റബ്ബർ റിപ്ലാന്റ് ചെയ്ത സ്ഥലത്ത് ഇടവേളയായി കൃഷി ചെയ്തിരിക്കുന്ന കൈതച്ചക്ക തോട്ടങ്ങളും മലനിരകളും റോഡിന്റെ ഒരുവശത്തായുണ്ട്. മൊട്ടക്കുന്നുകൾ പോലെ മലനിരകളുടെ മുകളിൽ എസ്റ്റേറ്റിലെ പഴയ ക്വട്ടേഴ്സുകളും അടിവാരത്ത് തൊഴിലാളികൾ താമസിക്കുന്ന ലയങ്ങളും കാണാം. പുലർച്ചയുള്ള കോടമഞ്ഞു കാണാനും സന്ധ്യയ്ക്കുള്ള സൂര്യാസ്തമയം കാണാനും ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നും നിരവധി പേർ ഇവിടെ എത്തുന്നുണ്ട്. പുതുക്കുളം ജംഗ്ഷനിൽ നിന്നും അര കിലോമീറ്റർ ദൂരം മാത്രമാണ് ഇവിടെക്ക് ഉള്ളത്. നിരവധി ടൂറിസം സാദ്ധ്യതകൾ ഒളിഞ്ഞുനിൽക്കുന്ന പ്രദേശങ്ങളാണിത്. മലമുകളിൽ നിന്നും ഒഴുകിയെത്തുന്ന ചെറിയ തോടുകൾ അച്ചൻകോവിലാറിന്റേയും, കല്ലാറിന്റേയും കൈവഴികളാണ്. സമീപത്തു തന്നെ ഒന്നേകാൽ നൂറ്റാണ്ടിനു മുൻപ് ബ്രിട്ടീഷുകാർ നിർമ്മിച്ച മൂന്ന് എസ്റ്റേറ്റ് ബംഗ്ലാവുകളും ഉണ്ട്. പ്രധാന എസ്റ്റേറ്റ് ബംഗ്ലാവിന്റെ വരാന്തയിൽ വിളക്ക് കത്തിച്ചാൽ ഹാരിസൺ മലയാളം പ്ലാന്റേഷന്റെ ളാഹ എസ്റ്റേറ്റിലെ ബംഗ്ലാവിൽ നിന്ന് കാണത്തക്ക രീതിയിലാണ് ഇതിന്റെ നിർമ്മിതി. എസ്റ്റേറ്റിന്റെ ഉള്ളിൽ തന്നെയാണ് വാപ്പില, മീൻമുട്ടി എന്നീ വെള്ളച്ചാട്ടങ്ങളും. അട്ടചാക്കൽ കുമ്പളാം റോഡിലൂടെ യാത്ര ചെയ്യുന്നവരും വാഹനങ്ങൾ നിറുത്തി ഇവിടത്തെ കാഴ്ചകൾ കാണാറുണ്ട്. സമീപത്തുതന്നെയാണ് റാന്നി വനം ഡിവിഷനിലെ വടശേരിക്കര റേഞ്ചിൽപ്പെട്ട വനമേഖലയും. മുൻപ് ഇവിടം കേന്ദ്രീകരിച്ച് സൈക്കിംഗും, ടൂറിസം പദ്ധതികളും, ഇതിനു സമീപത്ത് സ്റ്റേഡിയം നിർമ്മിക്കുവാനും പദ്ധതിയിട്ടെങ്കിലും നടപ്പിലായില്ല.
ഇഷ്ട ലൊക്കേഷൻ, ഷൂട്ടിംഗിനായി എത്തുന്നവർ ഏറെ
സി.എൽ ഫാക്ടറി മുതൽ മുക്കൂത്തി പുന്ന വരെ ഒരു കിലോമീറ്റർ ദൂരത്തിൽ റോഡിന്റെ വശങ്ങളിൽ മുഴുവൻ മനോഹര ദൃശ്യങ്ങളാണ്. ഫോട്ടോഷൂട്ട് ചെയ്യുന്നവരുടെയും വിവാഹ ആൽബങ്ങൾ ഷൂട്ട് ചെയ്യുന്നവരുടെയും ഇഷ്ട ലൊക്കേഷനായി മാറുകയാണ് ഇവിടം. ഇത്തരത്തിലുള്ള നിരവധി പേരാണ് ദിവസവും ഇവിടെ എത്തിച്ചേരുന്നത്.
.....................................
മുക്കോത്തിപുന്നയുടെ ടൂറിസം സാധ്യതകൾ പ്രയോജനപ്പെടുത്തണം.
ബിന്ദു ഹരികുമാർ ( പ്രദേശവാസി)
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |