
പത്തനംതിട്ട : ശബരിമല തീർത്ഥാടനം തുടങ്ങാൻ ഇനി നാൽപ്പത്തിയേഴ് ദിവസം മാത്രം ബാക്കിയുള്ളപ്പോൾ മുന്നൊരുക്കങ്ങൾ നടത്തുന്ന ജീവനക്കാർ ജോലിഭാരത്താൽ വീർപ്പുമുട്ടുന്നു. പ്രധാന ഇടത്താവളമായ നിലയ്ക്കൽ, പമ്പ എന്നിവിടങ്ങളിലും സന്നിധാനത്തും ദേവസ്വം ബോർഡിന്റെ മുന്നൊരുക്കങ്ങൾ നടത്തുന്ന പൊതുമരാമത്ത് വിഭാഗത്തിൽ ആവശ്യത്തിന് ജീവനക്കാരില്ല. മൂന്നിടങ്ങളിലും ദേവസ്വം പൊതുമരാമത്ത് വകുപ്പിൽ ഓരോ അസിസ്റ്റന്റ് എൻജിനീയർമാരാണ് മേൽനോട്ടം വഹിക്കുന്നത്. ഇവർക്ക് കീഴിൽ നാലുവീതം ഓവർസിയർമാരാണുള്ളത്. നിർമാണ ജോലികളും അറ്റകുറ്റപ്പണികളും നടക്കുന്ന എല്ലായിടത്തും ഓടിയെത്താൻ ഇവർക്ക് കഴിയാറില്ല. അത്യാവശ്യ കാര്യങ്ങൾക്ക് ജീവനക്കാർക്ക് അവധി എടുക്കാൻ കഴിയുന്നില്ല. തീർത്ഥാടന മുന്നൊരുക്കങ്ങൾ ഉൗർജിതമായി നടക്കേണ്ട സമയമാണിത്.
കെട്ടിടങ്ങളുടെ അറ്റകുറ്റപ്പണികൾ, പെയിന്റിംഗ്, ശൗചാലയങ്ങളിലെ ജലവിതരണ സംവിധാനങ്ങളും ക്ളോസറ്റുകളും പുന:സ്ഥാപിക്കൽ, റോഡ് അറ്റകുറ്റപ്പണികൾ, നടപ്പാതകളുടെ നവീകരണം, ബയോ ടോയ്ലറ്റ് സ്ഥാപിക്കൽ തുടങ്ങിയവയാണ് തീർത്ഥാടനം തുടങ്ങുന്നതിന് മുൻപ് തീർക്കേണ്ട ജോലികൾ. ഇതിനാവശ്യമായ ജീവനക്കാരില്ലാത്തത് മുന്നൊരുക്കങ്ങൾ പൂർത്തിയാക്കുന്നത് വൈകാനിടയാകും. തീർത്ഥാടനം തുടങ്ങുന്നതിന് മൂന്ന് മാസം മുൻപാണ് ഒരുക്കങ്ങൾ ആരംഭിക്കാറുള്ളത്.
നിലവിലുള്ള ദേവസ്വം പൊതുമരാമത്ത് ജീവനക്കാരുടെ എണ്ണം,
ബ്രാക്കറ്റിൽ ആവശ്യമുള്ള ജീവനക്കാർ
നിലയ്ക്കൽ: അസി.എൻജിനീയർ ഒന്ന് (2). ഓവർസിയർമാർ : 2, (8).
പമ്പ: അസി. എൻജിനീയർ ഒന്ന് (2). ഓവർസിയർമാർ 2, (8).
സന്നിധാനം: അസി. എൻജിനീയർ ഒന്ന് (2). ഓവർസിയർമാർ 5, (8).
നിയമനം എന്ന് ?
ശബരിമലയിൽ പൊതുമരാമത്ത് വിഭാഗത്തിൽ ജീവനക്കാരെ ഉടൻ നിയമിക്കുമെന്നാണ് ദേവസ്വംബോർഡ് പ്രസിഡന്റ് കെ.ജയകുമാർ പറഞ്ഞത്. എന്നാൽ, നടപടികൾക്ക് വേഗമില്ല. ഈ സീസണിൽ താൽകാലിക ജീവനക്കാരെ നിയമിച്ചശേഷം റാങ്ക് ലിസ്റ്റിൽ ഉള്ളവർക്ക് സ്ഥിരം നിയമനം നൽകിയാൽ മതിയെന്നാണ് തീരുമാനം.
'' ശബരിമലയിൽ ആവശ്യത്തിന് ജീവനക്കാരെ നിയമിക്കാനുള്ള നടപടി തുടർന്നു വരികയാണ്. ജീവനക്കാരുടെ കുറവ് മുന്നൊരുക്കങ്ങളെ ബാധിക്കില്ല.
ദേവസ്വം ബോർഡ് അധികൃതർ
മലയുണരാൻ 47 ദിവസം
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |