തിരുവല്ല : ഓതറയിൽ കാട്ടുപന്നികൾ കൂട്ടമായി വിളകൾ നശിപ്പിക്കുന്നു. ഓതറ ആൽത്തറ ജംഗ്ഷന് സമീപം കത്തോലിക്കാ പള്ളിയുടെ പിറകുവശത്തെ കൃഷിയിടത്തിലാണ് ഏറ്റവും ഒടുവിൽ കാട്ടുപന്നികൾ നാശം വിതച്ചത്. വിമുക്തഭടനായ വഞ്ചിക്കാപ്പുഴയിൽ സന്തോഷ് പാട്ടത്തിനെടുത്ത് കൃഷി ചെയ്യുന്ന 85 സെന്റ് സ്ഥലത്തെ ചീമച്ചേമ്പ്, കപ്പ, ചേന, വിവിധ പച്ചക്കറികൾ തുടങ്ങിയ വിളകളാണ് കാട്ടുപന്നികൾ നശിപ്പിച്ചത്. ഏകദേശം 15,000 രൂപയുടെ നഷ്ടമുണ്ടായതായി സന്തോഷ് പറഞ്ഞു. സന്തോഷിന്റെ കൃഷിയിടത്തിന് സമീപമുള്ള കണ്ടത്തുംകരയിൽ ജോർജ്കുട്ടിയുടെയും കോവേലിൽ സജിയുടെയും കൃഷിയിടങ്ങളിലും കാട്ടുപന്നികൾ നാശം വിതച്ചു. വാഴ, കപ്പ, ചേമ്പ് തുടങ്ങിയ വിളകളാണ് ഇവിടെ വ്യാപകമായി നശിപ്പിച്ചത്. കൃഷിയോടുള്ള താൽപര്യവും മികച്ച കർഷകനെന്ന അംഗീകാരവും നേടിയിട്ടുള്ള സന്തോഷിനാണ് കാട്ടുപന്നികളുടെ ആക്രമണത്തിൽ വീണ്ടും കനത്ത തിരിച്ചടി നേരിട്ടത്. ഇരവിപേരൂർ പഞ്ചായത്തിലെ മികച്ച കർഷകനുള്ള അവാർഡ് 2023ലും 2026ലും ലഭിച്ചിട്ടുണ്ട്. 2025ൽ കുറ്റൂർ പഞ്ചായത്തിലെ മികച്ച കർഷകനുള്ള അവാർഡും സന്തോഷിന് ലഭിച്ചിരുന്നു. കർഷകർ അക്ഷയ കേന്ദ്രം വഴി അധികൃതർക്ക് പരാതി നൽകി. കാട്ടുപന്നികളെ തുരത്താൻ നിരവധി പരാതികൾ നൽകിയിട്ടുണ്ടെങ്കിൽ അധികൃതർ നടപടി എടുക്കുന്നില്ലെന്നാണ് കർഷകർ പറയുന്നത്.
കാടുകയറി പുരയിടങ്ങൾ
രാത്രികാലങ്ങളിൽ കൂട്ടത്തോടെയാണ് പന്നികൾ കൃഷിയിടങ്ങളിലെത്തുന്നത്. കൃഷിയിടങ്ങളോട് ചേർന്നുള്ള കാടുകയറിയ പുരയിടങ്ങൾ വൃത്തിയാക്കുന്നതിനും കാട്ടുപന്നികളെ നിയന്ത്രിക്കുന്നതിനും ബന്ധപ്പെട്ട വകുപ്പുകൾ നടപടി സ്വീകരിക്കണമെന്നാണ് കർഷകർ ആവശ്യപ്പെടുന്നത്. മുമ്പും പ്രദേശത്തെ കൃഷിയിടങ്ങളിൽ കാട്ടുപന്നികൾ കയറി വിളകൾ നശിപ്പിച്ചിട്ടുണ്ടെന്ന് കർഷകർ പറയുന്നു. അന്ന് സംഭവിച്ച കൃഷിനാശത്തിന് നഷ്ടപരിഹാരം ലഭിച്ചില്ലെന്നും പരാതിയുണ്ട്. കാട്ടുപന്നിശല്യത്തിന് അടിയന്തര പരിഹാരം കാണണമെന്നാണ് കർഷകരുടെ ആവശ്യം.
...................................................................
കൃഷിയിടങ്ങളോട് ചേർന്നുള്ള പല പുരയിടങ്ങളും കൃഷിയില്ലാതെ കാടുകയറിയ നിലയിലാണ്. ഇവിടങ്ങൾ കാട്ടുപന്നികളുടെ ആവാസകേന്ദ്രമായി മാറിയതോടെയാണ് സമീപത്തെ കൃഷിയിടങ്ങളിലേക്കുള്ള ആക്രമണം വർദ്ധിച്ചത്. ശല്യം തുടർന്നാൽ കൃഷിയിൽ നിന്ന് പിന്മാറേണ്ട അവസ്ഥയിലാകും.അടിയന്തരമായി പരിഹാരം കാണണം.
(കർഷകർ)
...................................
15,000 രൂപ നഷ്ടം
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |