ചെങ്ങന്നൂർ: തിരുവൻവണ്ടൂരിൽ തെരുവുനായ ശല്യം രൂക്ഷമാകുന്നു. പരാതി നൽകിയിട്ടും അധികൃതർ യാതൊരു നടപടിയും എടുക്കുന്നില്ല. ഇതിനൊടകം തന്നെ നായ്ക്കൾ കൂട്ടമായി എത്തി വാഹനം മറിഞ്ഞ് നിരവധി അപകടങ്ങൾ നടന്നു കഴിഞ്ഞു. അധികൃതരുടെ അനാസ്ഥയാണ് ഈ അപകടങ്ങൾക്ക് കാരണമെന്നാണ് നാട്ടുകാർ ആരോപിക്കുന്നത്. തെരുവുനായ്ക്കൂട്ടങ്ങളെ ഭയന്നാണ് ഇരുചക്രവാഹന യാത്രികരും മറ്റും രാപ്പകൽ വ്യത്യാസമില്ലാതെ ഇതുവഴി യാത്ര ചെയ്യുന്നത്. തെരുവിൽ മാംസാവശിഷ്ടങ്ങൾ ലഭിക്കുന്നതാണ് ഇവിടെ നായ്ക്കൾ കൂട്ടത്തോടെ തമ്പടിക്കാൻ കാരണമെന്നാണ് നാട്ടുകാരുടെ പരാതി. മുമ്പും സമാനമായ നിരവധി സംഭവങ്ങൾ ഈ ഭാഗത്ത് ഉണ്ടായിട്ടുണ്ട്. കഴിഞ്ഞ ദിവസം നായ കുറുകെച്ചാടിയതിനെ തുടർന്ന് നന്നാട് ശിവഗംഗയിൽ സുരേഷ് കുമാറിന് പരിക്കേറ്റിരുന്നു. ദേഹമാസകലം മുറിവേറ്റ ഇദ്ദേഹത്തെ തിരുവല്ല ഗവ.താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്. ഇതേ ഭാഗത്ത് തെരുവുനായ ബൈക്കിന് കുറുകെ ചാടിയതിനെ തുടർന്ന് തിരുവൻവണ്ടൂർ സ്വദേശിയായ മാദ്ധ്യമപ്രവർത്തകനും പരിക്കേറ്റിരുന്നു. അപകടസ്ഥലത്തുനിന്ന് അൽപ്പം പടിഞ്ഞാറ് മാറി മിൽമ സൊസൈറ്റിക്ക് സമീപത്തുനിന്നാണ് 2025 ജൂലൈയിൽ പേവിഷബാധയേറ്റ് വൃദ്ധൻ മരിച്ചത്.
എ.ബി.സി. പദ്ധതി കാര്യക്ഷമമല്ല
തെരുവുനായ്ക്കളുടെ ശല്യം ദിനംപ്രതി വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ മാലിന്യം വലിച്ചെറിയുന്ന ഉറവിടങ്ങൾ കണ്ടെത്തി തടയുന്നതിനും തെരുവുനായ്ക്കളുടെ വംശവർദ്ധന നിയന്ത്രിക്കുന്നതിനുള്ള എ.ബി.സി. പദ്ധതി കാര്യക്ഷമമായി നടപ്പാക്കുന്നതിനും പഞ്ചായത്ത് അധികൃതർ അടിയന്തര നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമാണ്.
..............................................
തെരുവുനായ ശല്യം നിയന്ത്രിക്കുന്നതിനും എ.ബി.സി. (അനിമൽ ബർത്ത് കൺട്രോൾ) പദ്ധതി നടപ്പാക്കുന്നതിനും നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാർ നേരത്തേ നിരവധി തവണ പഞ്ചായത്ത് അധികൃതരെ സമീപിച്ചിരുന്നു. എന്നാൽ നാളിതുവരെ ഫലപ്രദമായ നടപടികളൊന്നും ഉണ്ടായിട്ടില്ല.
(പ്രദേശവാസികൾ)
തെരുവുനായ കുറുകെച്ചാടി; ഇരുചക്രവാഹന യാത്രികന് ഗുരുതര പരിക്ക്
ചെങ്ങന്നൂർ: തെരുവുനായ കുറുകെച്ചാടി നിയന്ത്രണം വിട്ട് മറിഞ്ഞ ഇരുചക്രവാഹന യാത്രികന് ഗുരുതര പരിക്ക്. കടപ്ര മണപ്പറമ്പിൽ വീട്ടിൽ ജയകുമാർ ജെ.കുറുപ്പ് (54) ആണ് അപകടത്തിൽപ്പെട്ടത്. വാരിയെല്ലുകൾക്കും തോളിനും പൊട്ടലേറ്റ ഇദ്ദേഹം തിരുവല്ലയിലെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിലെ അതിതീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. തിങ്കളാഴ്ച പുലർച്ചെ നാലിന് തിരുവൻവണ്ടൂർ - ഇരമല്ലിക്കര റോഡിലായിരുന്നു അപകടം. റോഡിൽ പരിക്കേറ്റ് കിടന്ന ജയകുമാറിനെ സൈക്കിൾ യാത്രികനാണ് ആദ്യം കണ്ടത്. അപകടത്തിൽ ഹെൽമറ്റ് ഊരിത്തെറിച്ചതിനെ തുടർന്ന് തലയ്ക്കും പരിക്കേറ്റിട്ടുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |