കോന്നി: മലയാലപ്പുഴ ദേവീക്ഷേത്രത്തിലെ പട്ടുടയാട ചാർത്ത് വിശ്വാസവഴിയിലെ വേറിട്ട വഴിപാട്. ക്ഷേത്രത്തിൽ ആദ്യമായി എത്തുന്ന ഭക്തർക്ക് കൗതുകമാണ് ക്ഷേത്ര പരിസരത്തെ വ്യാപാര സ്ഥാപനങ്ങളിൽ പ്രദർശിപ്പിച്ചിരിക്കുന്ന ചുവന്ന പട്ടുടയാടകൾ. ക്ഷേത്രത്തിലെ പ്രധാന വഴിപാടാണ് പട്ടുടയാട ചാർത്തൽ. മലയാലപ്പുഴ അമ്മയ്ക്ക് പട്ടുടയാടയും താലിയും സമർപ്പിക്കുന്നത് കുടുംബ ഐശ്വര്യത്തിനും, ദാമ്പത്യ വിജയത്തിനും, സന്താനസൗഭാഗ്യത്തിനും ഉത്തമമാണെന്നാണ് വിശ്വാസം.
ചൊവ്വ, വെള്ളി ദിവസങ്ങളിലും പൗർണമി നാളുകളിലും മലയാലപ്പുഴ അമ്മയ്ക്ക് പട്ടുടയാട ചാർത്തുന്നത് വിശേഷമായി കരുതപ്പെടുന്നു. ഭക്തർ ക്ഷേത്രത്തിൽ സമർപ്പിക്കുന്ന ആയിരക്കണക്കിന് പട്ടുടയാടകൾ തിരുവിതാംകൂർ ദേവസ്വം ബോർഡ് പിന്നീട് ഭക്തർക്കായി വീണ്ടും വിൽക്കുകയോ ലേലം ചെയ്യുകയോ ചെയ്യാറുണ്ട്. മറ്റ് ക്ഷേത്രങ്ങളിൽ ചാർത്തുന്ന പട്ടു വസ്ത്രങ്ങൾ പൊതുവേ നിർമ്മിക്കുന്നത് നെയ്ത്തുഗ്രാമങ്ങളിലോ പാരമ്പര്യ കരകൗശല വിദഗ്ദ്ധരോ ആണ് എന്നാൽ മലയാലപ്പുഴയിൽ പരമ്പരാഗതമായി പട്ടുടയാടകൾ നിർമ്മിക്കുന്ന നിരവധി ആളുകളുണ്ട്. ക്ഷേത്ര പരിസരത്തെ വ്യാപാരസ്ഥാപനങ്ങളിലുള്ളവരും പട്ടുടയാടകൾ നിർമ്മിക്കുന്നു. കടുംചുവപ്പ്, പച്ച, മഞ്ഞ തുടങ്ങിയ നിറങ്ങളിലുള്ള പട്ടുനൂലുകളാണ് ഉടയാടകൾക്കായി ഉപയോഗിക്കുന്നത്. സ്വർണം, വെള്ളി നിറത്തിലുള്ള കസവുകളും ജരികളും ഉപയോഗിച്ച് മനോഹരമായ ബോർഡറുകളും ചിത്രങ്ങളും ഇതിൽ നെയ്തെടുക്കും. കൈത്തറി ഉപയോഗിച്ച് പരമ്പരാഗത ഉടയാടകൾ നിർമ്മിക്കുന്നവരും മലയാലപ്പുഴയിലുണ്ട്.
മലയാലപ്പുഴ ക്ഷേത്രത്തിലെ ദേവീവിഗ്രഹത്തിന് 5.5 അടി ഉയരമുണ്ട്. വിഗ്രഹത്തിന്റെ അളവ് അനുസരിച്ച് പട്ടുതുണികൾ വെട്ടി പ്രത്യേക രീതിയിൽ ചുളിവുകളിട്ട് തയ്ച്ചാണ് ഉടയാട രൂപത്തിലാക്കുന്നത്. ഇതിനു മുകളിൽ മുത്തുകളും തിളങ്ങുന്ന കല്ലുകളും തുന്നിപ്പിടിപ്പിച്ച് കൂടുതൽ മനോഹരമാക്കും. . ക്ഷേത്ര പരിസരത്തെ കടകളിലെല്ലാം ചുവന്ന പട്ടിന്റെ ഉടയാടകൾ നിരനിരയായി തൂക്കിയിട്ടിരിക്കുന്നത് മലയാലപ്പുഴ ദേവീക്ഷേത്രത്തിന്റെ മാത്രം പ്രത്യേകതയാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |