SignIn
Kerala Kaumudi Online
Friday, 23 October 2026 5.54 AM IST

ദേശീയപാതയിലെ അപകടങ്ങൾ ഭയന്ന് യാത്രക്കാർ, പാതവികസനം മന്ദഗതിയിലെന്ന് ഭൂവുടമകൾ

general

ബാലരാമപുരം: കരമന-കളിയിക്കാവിള ദേശീയപാതയിൽ അപകടമരണങ്ങൾ വർദ്ധിക്കുന്നത് യാത്രക്കാരെ ഭീതിയിലാഴ്ത്തുന്നു. മാർച്ച് ഒന്നിന് കരമന-കളിയിക്കാവിള ദേശീയപാതയിൽ കെ.എസ്.ആർ.ടി.സി ബസ് ബൈക്കിലിടിച്ച് തിരുവനന്തപുരം എൻജിനിയറിംഗ് കോളേജ് റിട്ട.പ്രൊഫസർ ബാലരാമപുരം ആലുവിള ചൈത്രത്തിൽ ജി.എൽ.അശ്വനികുമാറി(64)ന്റെ ജീവൻ പൊലിഞ്ഞതാണ് ഒടുവിലത്തെ സംഭവം. സി.സി.ടി.വി ദൃശ്യമുൾപ്പെടെ ബാലരാമപുരം പൊലീസിന് കൈമാറിയിട്ടും കുടുംബത്തിന്റെ പരാതിയിൻമേൽ പൊലീസ് നടപടിയെടുക്കുന്നില്ലെന്നും ആക്ഷേപമുയർന്നിട്ടുണ്ട്. രക്തം വാർന്ന് മിനിട്ടുകളോളം റോഡിൽ കിടന്ന അശ്വിനികുമാറിനെ മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മകനെ എയർപോർട്ടിലാക്കി മടങ്ങവെ പിതാവിന് ദാരുണാന്ത്യം സംഭവിച്ചതും ബാലരാമപുരം ജംഗ്ഷനു സമീപത്തായിരുന്നു. റിലയൻസ് പെട്രോൾ പമ്പിനു സമീപം പാർക്ക് ചെയ്തിരുന്ന സിമന്റ് ലോറിയിൽ കാറിടിച്ച് വൃദ്ധനായ മാരായമുട്ടം വടകര വിളയിൽവീട്ടിൽ സ്റ്റാൻലി(68) മരണപ്പെട്ടിട്ട് ഒരു മാസം തികയുന്നു. ദേശീയപാതയിൽ പാരൂർക്കുഴിക്ക് സമീപം ഫയർഫോഴ്സ് വാഹനത്തിൽ കാറിടിച്ച് കാർ ഡ്രൈവർക്ക് പരിക്കേറ്റ സംഭവവും ഞെട്ടിക്കുന്നതായിരുന്നു. കാൽമുട്ടുകൾക്ക് ഗുരുതര പരിക്കേറ്റ യുവാവിനെ ആംബുലൻസിൽ മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും പരിക്ക് ഗുരുതരമായിരുന്നു. അമിത വേഗതയിലെത്തിയ കാർ ഫയർഫോഴ്സ് വാഹനത്തിലിടിച്ച് മുൻഭാഗം തക‌ർന്ന നിലയിലായിരുന്നു.

മത്സരയോട്ടമാണ്

ചെറുതും വലുതുമായ ഒട്ടനവധി അപകടങ്ങളാണ് ദേശീയപാതയിലുണ്ടായിക്കൊണ്ടിരിക്കുന്നത്. ബൈക്കുകളുടെ മത്സരയോട്ടവും യാത്രക്കാരെ ഭയപ്പെടുത്തുന്നു. മുടവൂർപ്പാറ,​ വെടിവെച്ചാൻകോവിൽ,​ പള്ളിച്ചൽ ഭാഗങ്ങളിൽ സിഗ്നൽ ലൈറ്റുകളും മീഡിയനുകളും സ്ഥാപിച്ചിട്ടുണ്ടെങ്കിൽ സിഗ്നൽ ലംഘനം നടത്തിയാണ് കാറുകളുടേയും ബൈക്കിന്റെയും മത്സരയോട്ടം. ഹൈവേ പൊലീസും മോട്ടോർവാഹന വകുപ്പും ഇത്തരക്കാരെ പിടികൂടാൻ ക്യാമറാ സംവിധാനമുൾപ്പെടെ ഉപയോഗിച്ച് രംഗത്തുണ്ടെങ്കിലും അപകടം തുടരുകയാണ്. ബാലരാമപുരത്ത് നടപ്പാത കൈയേറിയുള്ള വഴിവാണിഭവും വാഹനങ്ങൾ പാർക്ക് ചെയ്യാൻ സൗകര്യമില്ലാത്തതും അപകടം ക്ഷണിച്ചുവരുത്താൻ മറ്റൊരു കാരണമാണ്. കൊടിനട –വഴിമുക്ക് വികസനം സമീപഭാവിയിൽ ആരംഭിക്കാനിരിക്കെ കെട്ടിടം പൊളിച്ചുമാറ്റുന്ന നടപടികളും നഷ്ടപരിഹാരത്തുക കൈമാറലും മന്ദഗതിയിലായിരിക്കുകയാണ്.

വികസനം വേഗത്തിലാക്കണമെന്ന് ഭൂവുടമകൾ

കരമന-കളിയിക്കാവിള ദേശീയപാത വികസനം വൈകിപ്പിക്കുന്നതിനെതിരെയും പ്രതിഷേധം ശക്തമാണ്. നിയമസഭയിലും വാക്ക്പോര് മുറുകുകയാണ്. മൂന്നാം റീച്ചായ കൊടിനട-വഴിമുക്ക് ഒച്ചിഴയും വേഗത്തിലെന്നും, ഒച്ച് പോലും മാനനഷ്ടത്തിന് കേസ് കൊടുക്കുമെന്ന വിൻസെന്റ് എം.എൽ.എയുടെ പരാമർശത്തിനെതിരെ കോൺഗ്രസ് കാലഘട്ടത്തിൽ ഒച്ച് മാത്രമല്ല എല്ലാവരും കേസ് കൊടുക്കേണ്ടിവരുമെന്നുമായിരുന്നു മന്ത്രി മുഹമ്മദ് റിയാസിന്റെ മറുപടി. 2021ൽ വിജ്ഞാപനം പുറപ്പെടുവിച്ചിട്ടും കൊടിനട മുതൽ വഴിമുക്ക് വരെ നാല് വർഷം കൊണ്ട് ഒന്നരക്കിലോമീറ്റർ പോലും പൂർത്തിയാക്കാൻ സാധിച്ചില്ല. 195 പേർക്ക് ഇനിയും നഷ്ടപരിഹാരം നൽകാനുണ്ട്. 120 കോടി രൂപ കൂടി അനുവദിച്ച് പാതവികസനം വേഗത്തിലാക്കണമെന്നും വിൻസെന്റ് എം.എൽ.എ ആവശ്യപ്പെട്ടു. ബാലരാമപുരം വഴിമുക്ക് വികസനത്തിന്റെ ഭൂമി ഏറ്റെടുക്കൽ പുരോഗമിക്കുകയാണെന്ന് മന്ത്രി പറഞ്ഞു. അണ്ടർ പാസേജ് ഒഴിവാക്കി റൗണ്ട് എബൗട്ട് ജംഗ്ഷൻ വികസനമാണ് രൂപരേഖയിലുള്ളത്. സ്ഥലമേറ്റെടുക്കുന്നതിനായി 92 കോടി രൂപ സർക്കാരിൽ നിന്ന് അനുവദിച്ചിട്ടുണ്ട്. അധികം അനുവദിക്കണമെന്നാവശ്യപ്പെട്ടു കൊണ്ടുള്ള അപേക്ഷ ധനകാര്യവകുപ്പിന്റെ പരിഗണനയിലാണ്. ഫണ്ട് അനുവദിക്കുന്ന നടപടികൾ വേഗത്തിലാക്കും. 30.2 മീറ്റർ വീതിയിൽ പാതവികസിപ്പിക്കാനുള്ള നടപടികൾ കിഫ്ബി പരിഗണനയിലാണെന്നും മന്ത്രി പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL