തിരുവനന്തപുരം: പത്തനംതിട്ട സ്വദേശിയായ 65 വയസുകാരിയുടെ നെഞ്ചിൽ നിന്ന് 15 × 13 × 10 സെന്റിമീറ്റർ വലിപ്പവും 6.8 കിലോ തൂക്കവുമുണ്ടായിരുന്ന ഭീമൻ ട്യൂമർ അതിസങ്കീർണ ശസ്ത്രക്രിയയിലൂടെ വിജയകരമായി നീക്കം ചെയ്ത് തിരുവനന്തപുരം കിംസ്ഹെൽത്ത് മെഡിക്കൽ സംഘം.
പതിവ് ആരോഗ്യപരിശോധനയുടെ ഭാഗമായി നടത്തിയ എക്‌സ്-റേയിലാണ് വലതുവശത്തെ നെഞ്ചിനുള്ളിൽ സംശയാസ്‌പദമായ രീതിയിൽ ഒരു ട്യൂമർ കണ്ടെത്തിയത്. തുടർന്ന് നടത്തിയ സി.ടി. സ്കാനിൽ അത് സ്ഥിരീകരിക്കുകയും, രോഗിയെ കിംസ്ഹെൽത്തിലെ കാർഡിയോതൊറാസിക് സർജറി വിഭാഗത്തിലേക്ക് റഫർ ചെയ്യുകയുമായിരുന്നു.
രോഗിയുടെ വലത് ശ്വാസകോശത്തെയും ഡയഫ്രത്തെയും ഞെരുക്കുന്ന രീതിയിലായിരുന്നു ട്യൂമർ വളർന്നിരുന്നത്. ഇത് ഹൃദയമടക്കമുള്ള സമീപത്തെ നിർണായക അവയവങ്ങളുടെ പ്രവർത്തനത്തെയും ബാധിക്കുന്ന അവസ്ഥയിലായിരുന്നു. ഈ സാഹചര്യത്തിലാണ് ശസ്ത്രക്രിയയിലൂടെ ട്യൂമർ പൂർണമായും നീക്കം ചെയ്യാൻ തീരുമാനിച്ചതെന്ന് ചികിത്സയ്ക്ക് നേതൃത്വം നൽകിയ കാർഡിയോതൊറാസിക് സർജറി വിഭാഗം സീനിയർ കൺസൾട്ടന്റ് ഡോ. ഷാജി പാലങ്ങാടൻ പറഞ്ഞു.
ട്യൂമർ നീക്കം ചെയ്യുന്നതിനായി വാരിയെല്ലുകൾ അകത്തി നെഞ്ചിന്റെ ഉൾഭാഗം തുറന്നശേഷമാണ് ശസ്ത്രക്രിയ നടത്തിയത്. ശ്വാസകോശത്തോട് ചേർന്നിരുന്ന ട്യൂമർ പ്രത്യേക ശസ്ത്രക്രിയാ ഉപകരണങ്ങളുടെ സഹായത്തോടെ അതീവ സൂക്ഷ്മമായി വേർപെടുത്തി. ട്യൂമർ ഡയഫ്രവുമായി ചേർന്നിരുന്നതിനാൽ അത് പൂർണമായും നീക്കം ചെയ്യുന്നതിനായി ഡയഫ്രത്തിന്റെ ഒരു ഭാഗവും ട്യൂമറിനൊപ്പം നീക്കം ചെയ്യേണ്ടിവന്നു. തുടർന്ന് സർജിക്കൽ മെഷ് ഉപയോഗിച്ച് ഡയഫ്രം വിജയകരമായി പുനർനിർമ്മിക്കുകയാണ് ചെയ്തത്.
ട്യൂമറിന്റെ അസാധാരണമായ വലിപ്പവും അത് ഹൃദയം, ശ്വാസകോശം തുടങ്ങിയ പ്രധാന അവയവങ്ങളോട് ചേർന്നു കിടന്നിരുന്നതുമാണ് ഈ ശസ്ത്രക്രിയയെ ഏറ്റവും വെല്ലുവിളി നിറഞ്ഞതാക്കിയത്. എന്നാൽ കൃത്യമായ ആസൂത്രണത്തിലൂടെ മറ്റ് അവയവങ്ങളുടെ പ്രവർത്തനങ്ങളെ ബാധിക്കാതെ ട്യൂമർ പൂർണമായി നീക്കം ചെയ്യാൻ സാധിച്ചുവെന്ന് ഡോ. ഷാജി പാലങ്ങാടൻ കൂട്ടിച്ചേർത്തു.
കാർഡിയോതൊറാസിക് സർജറി വിഭാഗം കൺസൾട്ടന്റ് ഡോ. വിപിൻ ബി. നായർ, സർജിക്കൽ ഓങ്കോളജി വിഭാഗം സീനിയർ കൺസൾട്ടന്റ് ഡോ. ജയാനന്ദ് സുനിൽ, ജനറൽ ആൻഡ് മിനിമലി ഇൻവേസീവ് സർജറി വിഭാഗം കൺസൾട്ടന്റ് ഡോ. നജീബ് എ. എ., കാർഡിയാക് അനസ്തേഷ്യ വിഭാഗം കൺസൾട്ടന്റ് ഡോ. സുഭാഷ് എസ്, അസ്സോസിയേറ്റ് കൺസൾട്ടന്റ് ഡോ. നന്ദു എസ് എന്നിവരും എട്ട് മണിക്കൂർ നീണ്ട നിന്ന ശസ്ത്രകിയയുടെ ഭാഗമായി. ശസ്ത്രക്രിയയ്ക്കുശേഷം രോഗി അതിവേഗം സുഖം പ്രാപിക്കുകയും ഒരാഴ്ചത്തെ ചികിത്സയ്ക്ക് ശേഷം ആശുപത്രി വിടുകയും ചെയ്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |