
വെഞ്ഞാറമൂട്: ഇത്തവണത്തെ ഓണക്കാലവും വെഞ്ഞാറമൂടുകാർക്ക് ശനിദശതന്നെ. ഓണത്തിരക്ക് കഴിയുന്നതുവരെ വെഞ്ഞാറമൂട് ഒന്ന് കടന്നുകിട്ടാൻ മണിക്കൂറുകൾ കാത്തുനിൽക്കണം. വെഞ്ഞാറമൂട്ടിലെ ഗതാഗതക്കുരുക്കിന് പരിഹാരമായ മേൽപ്പാല നിർമ്മാണം വാഗ്ദാനം മാത്രമായി ഒതുങ്ങുന്ന അവസ്ഥയിലാണ്. പദ്ധതി തുടങ്ങിയതുമുതൽ കരാറുകാർ മാറിക്കൊണ്ടിരിക്കുകയാണ്. കൊട്ടാരക്കര മുതൽ തിരുവനന്തപുരം വരെയുള്ള സംസ്ഥാന പാതയിൽ ഏറ്റവും തിരക്കേറിയ ജംഗ്ഷനുകളിൽ ഒന്നാണ് വെഞ്ഞാറമൂട്. മൂവായിരത്തോളം കുട്ടികൾ പഠിക്കുന്ന ഹയർ സെക്കൻഡറി സ്കൂളും നിരവധി ഗവ. സ്ഥാപനങ്ങളും കച്ചവട സ്ഥാപനങ്ങളും സ്ഥിതിചെയ്യുന്ന ഇവിടം കടന്നുപോകാൻ നിലവിൽ മണിക്കൂറുകളാണ് വേണ്ടത്. ഓണക്കാലം കൂടി ആയതോടെ ഇതുവഴി കടന്നുപോകാൻ കഴിയാത്ത അവസ്ഥയാകും. വെഞ്ഞാറമൂട്ടിലെ ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരമായി കൊണ്ടു വന്ന മേൽപ്പാലം എന്ന ആശയം 2018 ജൂൺ 18 ന് അന്നത്തെ പൊതുമരാമത്ത് മന്ത്രി ജി. സുധാകരന്റെ അദ്ധ്യക്ഷതയിൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ യോഗം ചേരുകയും സാദ്ധ്യതാപഠനം നടത്താൻ തീരുമാനിക്കുകയും ചെയ്തിരുന്നു. തുടർന്ന് ഉദ്യോഗസ്ഥർ സാദ്ധ്യതാപഠനം നടത്തി പദ്ധതി പ്രായോഗികമാണെന്ന് റിപ്പോർട്ട് സമർപ്പിക്കുകയും ചെയ്തു.
കരാറിനായി കാത്തിരിപ്പ്
ആഗസ്റ്റ് 19ന് ചേർന്ന കിഫ്ബി എക്സിക്യുട്ടിവ് കമ്മിറ്റി മേൽപ്പാല നിർമാണം അംഗീകരിക്കുകയും 25.03 കോടി രൂപ അനുവദിക്കുകയും ചെയ്തു. എന്നാൽ അന്ന് ടെൻഡർ എടുത്ത കരാറുകാരൻ പിൻമാറുകയും വീണ്ടും ടെൻഡർ നടപടികൾക്ക് മന്ത്രിസഭ അംഗീകാരം നൽകുകയുമായിരുന്നു. ഈ വർഷം മാർച്ച് 30ന് 26.71 കോടി രൂപയ്ക്ക് ടെൻഡർ നടപടികൾ സ്വീകരിച്ചു. ടെൻഡർ നടപടികൾ അംഗീകരിച്ചതോടെ ഫയൽ കെ.ആർ എഫ്.ബിക്ക് കൈമാറുകയും നടപടികൾ പൂത്തിയാക്കി കരാർ കമ്പനിയെ എഗ്രിമെന്റിനും ക്ഷണിച്ചു. മൂന്നു മാസത്തിനകം പണി ആരംഭിക്കുമെന്നായിരുന്നു പറഞ്ഞിരുന്നത്. എന്നാൽ ആ കരാറുകാരനും പിൻമാറി പുതിയ കരാറുകാർ വന്നതായാണ് വിവരം. പുതിയ കരാർ തുക കൂടുതലായതിനാൽ വീണ്ടും മന്ത്രിസഭാ അംഗീകാരത്തിനായി കാത്തിരിക്കുകയാണെന്നാണ് വിവരം.
തുക കൈമാറിയിട്ടും
വെഞ്ഞാറമൂട് ഗതാഗതക്കുരുക്കിന് പരിഹാരമായി ശുപാർശ ചെയ്യപ്പെട്ട പദ്ധതികളിലൊന്നായ വെഞ്ഞാറമൂട് ഇന്നർ റിംഗ് റോഡ് വീതി കൂട്ടുന്നതിന്റെ ഭാഗമായി ഏറ്റെടുത്ത 1.28 കി.മീറ്റർ റോഡിന്റെ ഇരുവശത്തുമുള്ള നിർമ്മാണങ്ങൾ പൊളിച്ചുതുടങ്ങി. റോഡിന്റെ ഇരുഭാഗത്തുമുള്ള സ്വകാര്യ വ്യക്തികളുടെ ഭൂമി ഏറ്റെടുക്കുന്നതിനായി 9.1 കോടി രൂപയാണ് ഉടമസ്ഥർക്ക് വിതരണം ചെയ്തത്.
ഇതുകൂടാതെ റോഡ് നിർമ്മാണത്തിനായുള്ള 6.43 കോടി രൂപയുടെ പദ്ധതിക്കും തത്വത്തിൽ അനുമതിയായിട്ടുണ്ട്. കിഫ്ബിയിൽ നിന്ന് സാങ്കേതികാനുമതി കൂടി ലഭിച്ചാലുടൻ റോഡ് പ്രവൃത്തിയുടെ ടെൻഡർ നടപടികൾ ആരംഭിക്കും. 8.5 മീറ്റർ വീതിയിലാണ് റോഡ് നിർമ്മാണം നടത്തുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |