
പോത്തൻകോട്: നഗരത്തിലെ ഗതാഗതതിരക്ക് അവസാനിപ്പിക്കുന്നതിന് കേരളപൊലീസ് ആവിഷ്കരിച്ച ചീറ്റ പട്രോളിംഗ് സംഘം ഇപ്പോൾ വിശ്രമത്തിലാണ്.
ദേശീയപാതയിൽ കഴക്കൂട്ടം മുതൽ ചാക്ക വരെ ഗതാഗത കുരുക്ക് കാരണം നൂറുകണക്കിന് വാഹനങ്ങൾ മണിക്കൂറുകളോളം റോഡിൽ കിടക്കുമ്പോൾ സംഘം ആനയറ വേൾഡ് മാർക്കറ്റിനുള്ളിലും മറ്റും ജീപ്പ് ഒതുക്കിയിട്ട് വിശ്രമിക്കുന്നത് സ്ഥിരം കാഴ്ചയാണ്. ഈ പതിവ് തുടങ്ങിയിട്ട് മാസങ്ങളായിട്ടും ഉന്നത ഉദ്യോഗസ്ഥർ അറിഞ്ഞ മട്ടില്ല. വാഹനഅപകടങ്ങൾ ഒഴിവാക്കാൻ നിയോഗിച്ച ഈ സംഘം നിരത്തിലുള്ളപ്പോഴും ദേശീയ പാതയിൽ അടിക്കടി ഉണ്ടാകുന്ന ചെറുതും വലുതുമായ വാഹന അപകടസമയത്ത് ഇവരെ ബന്ധപ്പെടാനുമാകില്ല. ഗതാഗത പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ വേണ്ടിയാണ് പൊലീസ് മേധാവിയായിരുന്ന ലാേക്നാഥ് ബെഹ്റ പദ്ധതി നടപ്പിലാക്കിയത്.
അന്ന് 10 സംഘം, ഇന്ന് കാണാനില്ല
ട്രാഫിക് കുരുക്കുണ്ടാക്കുന്ന പ്രദേശങ്ങളെ പലതായി തിരിച്ച് 10 ചീറ്റപട്രോൾ സംഘത്തിനാണ് രൂപം നൽകിയത്.
എന്നാൽ മിക്ക സമയത്തും അതത് പ്രദേശങ്ങളിൽ സംഘത്തിന്റെസാന്നിധ്യം കണ്ടെത്തുക പ്രയാസമാണ്.
1. ഐ.ടി. നഗരമായ കഴക്കൂട്ടം, തുമ്പ പ്രദേശങ്ങൾ........ ചീറ്റ1
2. മെഡിക്കൽ കോളേജ്, ശ്രീകാര്യം പ്രദേശങ്ങൾ ....... ചീറ്റ2
3. പേരൂർക്കട, മണ്ണന്തല പ്രദേശങ്ങൾ........... ചീറ്റ3
4.വട്ടിയൂർക്കാവ്, പൂജപ്പുര പ്രദേശം..... ചീറ്റ 4
5. മ്യൂസിയം, കന്റോൺമെന്റ് പ്രദേശങ്ങൾ....... ചീറ്റ5
6.ഫോർട്ട്, തമ്പാനൂർ......... ചീറ്റ 6
7.നേമം, കരമന........ ചീറ്റ 7
8.പേട്ട, വഞ്ചിയൂർ........ചീറ്റ 8
9.പൂന്തുറ, വലിയതുറ......ചീറ്റ 9
10.വിഴിഞ്ഞം, കോവളം, തിരുവല്ലം........ 10
ദൗത്യം അനവധി പ്രവൃത്തി പൂജ്യം
റോഡുകളിലെ ട്രാഫിക് നിയമലംഘനങ്ങൾ കണ്ടെത്തുക, ഗതാഗത കുരുക്ക് ഒഴിവാക്കുക, റോഡ് അപകടങ്ങൾ കുറയ്ക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കുക, അപകടകരമായേക്കാവുന്ന പ്രധാന റോഡുകളിലെ കുഴികൾ കണ്ടെത്തി റിപ്പോർട്ട് ചെയ്യുക, റോഡിലേക്ക് ചാഞ്ഞ് നിൽക്കുന്ന മരങ്ങളും വൈദ്യുത തൂണുകളുമൊക്കെ കണ്ടെത്തി നടപടികൾക്കായി റിപ്പോർട്ട് ചെയ്യുക, രാവിലെയും വൈകിട്ടും തിരക്കുള്ള സമയങ്ങളിൽ ഗതാഗതം നിയന്ത്രിച്ച് കാൽനടയാത്രക്കാരെ സുരക്ഷിതമായി റോഡ് മുറിച്ച് കടത്തുക തുടങ്ങിയ ചുമതലകളാണ് ചീറ്റപട്രോൾ സംഘത്തിനുള്ളത്. എന്നാൽ ചില ദിവസങ്ങളിൽ ഇവർ ഹെൽമറ്റ് വേട്ടക്കും ഫോട്ടോ എടുക്കാനും അതാത് പ്രദേശങ്ങളിൽ എത്താറുണ്ടെന്ന് യാത്രക്കാർ പറയുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |