SignIn
Kerala Kaumudi Online
Friday, 23 October 2026 2.39 AM IST

അവയവക്കടത്തു ശ്രമം: പൊലീസ് അന്വേഷണം പ്രമുഖ ആശുപത്രികൾ കേന്ദ്രീകരിച്ച്

വർക്കല: കടയ്ക്കാവൂർ സ്വദേശിയായ 24കാരിയെ ഉപയോഗപ്പെടുത്തി അവയവക്കടത്തിന് ശ്രമിച്ച കേസിൽ സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ ടീം അന്വേഷണം ശക്തമാക്കി. വർക്കല എ.എസ്.പി ദീപക് ധൻകറിന്റെ നേതൃത്വത്തിലാണ് ടീം. യുവതിയുടെ പീഡനപരാതിയെ തുടർന്നുള്ള അന്വേഷണമാണ് അവയവ റാക്കറ്റ് കണ്ണികളിലേക്ക് നീളുന്നത്.

പ്രമുഖ ആശുപത്രികളും വ്യക്തികളും ഉൾപ്പെട്ട രേഖകൾ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. അവയവക്കച്ചവട ഏജന്റുമാരാണ് അറസ്റ്റിലായ പ്രതികളെന്നുള്ളതും സംഘത്തിൽ കൂടുതൽപേർ ഉൾപ്പെട്ടിട്ടുള്ളതായും പൊലീസ് സംശയിക്കുന്നു. കൊല്ലം, മലപ്പുറം, പാലക്കാട്, ആലപ്പുഴ എന്നിവിടങ്ങൾ കേന്ദ്രീകരിച്ചാണ് അന്വേഷണം.

ആൺസുഹൃത്തായ കടയ്ക്കാവൂർ സ്വദേശി അനീഷ് (34) പീഡിപ്പിച്ചതായുള്ള യുവതിയുടെ പരാതിയിൽ നിരവധി അടിപിടി കേസുകളിൽ പ്രതിയായ അനീഷിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഈ കേസിൽ റിമാൻഡിൽ കഴിയുന്ന അനീഷ് മാസങ്ങൾക്ക് മുൻപ് തന്റെ വൃക്കയെടുക്കാൻ ശ്രമിച്ചുവെന്നുള്ള പരാതിയുമായി വീണ്ടും യുവതി കടയ്ക്കാവൂർ പൊലീസിനെ സമീപിച്ചു. യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ കടയ്ക്കാവൂർ പൊലീസ് കേസെടുക്കുകയും എ.എസ്.പി ദീപക് ധൻകർ നേരിട്ട് വിശദവിവരങ്ങൾ ചോദിച്ചറിഞ്ഞതിലൂടെയുമാണ് അവയവക്കടത്ത് റാക്കറ്റുമായുള്ള ബന്ധമുണ്ടെന്ന നിഗമനത്തിൽ പൊലീസ് എത്തിച്ചേർന്നത്. തുടർന്നാണ് മലപ്പുറം വാളാഞ്ചേരി പൊലീസിന്റെ സഹായത്തോടെ കിഴക്കേക്കര സ്വദേശി നജിമുദ്ദീനും കൊട്ടാരം സ്വദേശി ശശിയും പിടിയിലാകുന്നത്.ഇരുവരും റിമാൻഡിലാണ് . ഇവരുടെ വീടുകളിൽ നടത്തിയ പരിശോധനയിൽ അവയവമാഫിയയെകുറിച്ചുള്ള ഞെട്ടിപ്പിക്കുന്ന രേഖകൾ ലഭിച്ചതായി പറയുന്നു.

റാക്കറ്റുകൾ സജീവം

സാമ്പത്തിക പ്രശ്നങ്ങൾ കാരണം ദാതാവ് ആകാൻ ഇറങ്ങിപ്പുറപ്പെടുന്നവരെ ലക്ഷ്യമിട്ട് പ്രവർത്തിക്കുന്ന റാക്കറ്റുകൾ സജീവമാണെന്നുള്ള അഭ്യൂഹങ്ങൾ ശരിവയ്ക്കുന്നതാണ് കടയ്ക്കാവൂർ സ്വദേശിനിയുടെ പരാതി.

യുവതിയുടെ ആൺ സുഹൃത്തായ അനീഷ് ഇയാളുടെ വൃക്ക ഇടനിലക്കാർ മുഖേന മുൻപ് വില്പന നടത്തി 10 ലക്ഷം രൂപയോളം കൈപ്പറ്റിയതായും വിവരമുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ പണം സമ്പാദിക്കാൻ ഇടനിലക്കാരനാവുക എന്ന ഉദ്ദേശ്യം അനീഷിന് ഉണ്ടായിരുന്നോ എന്നും പൊലീസ് പരിശോധിക്കുന്നുണ്ട്.

അവയവം കൈമാറാൻ താത്പര്യം പ്രകടിപ്പിച്ച യുവതിയെ അനീഷ് ഇടനിലക്കാർക്ക് പരിചയപ്പെടുത്തുകയും പ്രാഥമിക ടെസ്റ്റുകൾക്കും മറ്റുമായി ചെറിയൊരു തുക യുവതിക്ക് നൽകുകയും ചെയ്തതായി പൊലീസ് സംശയിക്കുന്നു. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ യുവതിയെ പരിശോധനയ്ക്ക് വിധേയമാക്കി. എന്നാൽ യുവതിയുടെ ആരോഗ്യപരമായ കാരണങ്ങളാൽ വൃക്ക നൽകുന്നത് തടസപ്പെട്ടതായാണ് പൊലീസ് കരുതുന്നത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL