
പൂവാർ: സിഗ്നൽ സംവിധാനം ഇല്ലാത്തതിനാൽ അപകടങ്ങൾ പതിവാകുന്ന കാഞ്ഞിരംകുളം ടൗണിൽ ആധുനിക ട്രാഫിക് സിഗ്നൽ സ്ഥാപിക്കണമെന്ന ആവശ്യം ശക്തമാകുന്നു. നാല് റോഡുകൾ ചേരുന്ന ജംഗ്ഷനിൽ ഗതാഗതക്കുരുക്ക് നിത്യമാണ്. ട്രാഫിക് പൊലീസിന്റെ സാന്നിദ്ധ്യവും കുറവാണ്.
രാവിലെ 8 മുതൽ 10 വരെയും വൈകിട്ട് 4 മുതൽ 6 വരെയും ജംഗ്ഷനിലെ വാഹന നിയന്ത്രണം കീറാമുട്ടിയാണ്. നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങളും സർക്കാർ ഓഫീസുകളും കേന്ദ്രീകരിക്കുന്നത് ജംഗ്ഷനിലാണ്. കൂടാതെ കോവളം കാരോട് ബൈപ്പാസ് റോഡ് ഗതാഗതത്തിനായി തുറന്നതോടെ കാഞ്ഞിരംകുളം ജംഗ്ഷനിലെ തിരക്ക് പതിന്മടങ്ങ് വർദ്ധിച്ചതായി നാട്ടുകാർ പറയുന്നു.
പൂവാർ, കരുംകുളം, പുല്ലുവിള, അടിമലത്തുറ തുടങ്ങിയ തീരപ്രദേശങ്ങളിലെ ജനങ്ങൾ പല ആവശങ്ങൾക്കും കൂടുതലായി ആശ്രയിക്കുന്നത് കാഞ്ഞിരംകുളം ടൗണിനെയാണ്. എട്ട് സ്കൂളുകളാണ് കാഞ്ഞിരംകുളത്ത് പ്രവർത്തിക്കുന്നത്. ഒരു ആർട്സ് ആൻഡ് സയൻസ് കോളേജ്, ബി.എഡ് കോളേജ്, യൂണിവേഴ്സിറ്റി ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ടെക്നോളജി തുടങ്ങിയവയും ഇവിടെ പ്രവർത്തിക്കുന്നുണ്ട്.
ബുദ്ധിമുട്ടിൽ
വിദ്യാർത്ഥികളാണ് ഗതാഗതക്കുരുക്കിൽ ഏറെയും വലയുന്നത്. അപകടമുണ്ടാകാതെ റോഡ് ക്രോസ് ചെയ്യുന്നത് വലിയ ബുദ്ധിമുട്ടാണ്. ഇതിന് പരിഹാരമായി ജംഗ്ഷനിൽ സിഗ്നൽ സംവിധാനവും കൂടുതൽ പൊലീസുകാരെയും ഉറപ്പാക്കണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.
തിരക്കിലമർന്ന്
അനധികൃത പാർക്കിംഗ് കൂടാതെ നിയന്ത്രണങ്ങൾ മറികടന്ന് രാഷ്ട്രീയ പാർട്ടികളും സംഘടനകളും നിരത്ത് കൈയേറി കൊടിതോരണങ്ങളും ബോർഡുകളും സ്ഥാപിച്ചിരിക്കുന്നതും, അനധികൃത പരസ്യ ബോർഡുകളും തിരക്ക് വർദ്ധിക്കുന്നതിനുള്ള പ്രധാന കാരണമാണ്. കാഞ്ഞിരംകുളം പുല്ലുവിള റോഡിന്റെ ഫുട്പാത്ത് മുഴുവനും മരത്തടികൾ അടുക്കിവച്ചിരിക്കുന്നതിനാൽ ഗതാഗതം തടസപ്പെടുന്നുണ്ട്.
ആവശ്യം ശക്തം
കാൽനടയാത്ര തടസപ്പെടുത്തിയുള്ള അനധികൃത കൈയേറ്റങ്ങൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. ജംഗ്ഷനിൽ തന്നെയുള്ള പൊതുമാർക്കറ്റും ബസ് സ്റ്റോപ്പുകളും തിരക്ക് വർദ്ധിപ്പിക്കാൻ കാരണമാകുന്നുണ്ട്.
ജംഗ്ഷനിൽ സംഗമിക്കുന്ന റോഡുകൾ
1 നെയ്യാറ്റിൻകര-പഴയകട- കാഞ്ഞിരംകുളം.
2 ബാലരാമപുരം-അവണാകുഴി- കാഞ്ഞിരംകുളം.
3 പൂവാർ-പരണിയം -കാഞ്ഞിരംകുളം
4 വിഴിഞ്ഞം -പുല്ലുവിള- കാഞ്ഞിരംകുളം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |