SignIn
Kerala Kaumudi Online
Friday, 23 October 2026 5.50 PM IST

ഗ്രാമങ്ങളിൽ ജനജീവിതം ദുരിതമാക്കി അനധികൃത പന്നിഫാമുകൾ

കാട്ടാക്കട: ഗ്രാമീണ മേഖലയിൽ അനധികൃതമായി പ്രവർത്തിക്കുന്ന പന്നി ഫാമുകൾ ജനജീവിതം ദുസഹമാക്കുന്നതായി പരാതി. പൂവച്ചൽ,വിളപ്പിൽ,കാട്ടാക്കട,ആര്യനാട്,വെള്ളനാട് പ്രദേശങ്ങളിലാണ് അനധികൃത പന്നിവളർത്തൽ കേന്ദ്രങ്ങളുള്ളത്. ജനങ്ങൾക്ക് ഗുരുതര ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കിയിട്ടും കേന്ദ്രങ്ങൾ അടച്ചുപൂട്ടാൻ അധിക‌ൃതർ തയാറാകുന്നില്ല.

ജലസ്രോതസുകൾ മലിനമാക്കിയാണ് അനധികൃത പന്നിവളർത്തൽ കേന്ദ്രങ്ങളുടെ പ്രവർത്തനം.കാട്ടാക്കട,പൂവച്ചൽ, വിളപ്പിൽ പഞ്ചായത്തുകൾ അതിരിടുന്ന കട്ടയ്ക്കോട്,വില്ലിടുംപാറ, കരിയംകോട്, പാറാംകുഴി,കാപ്പിക്കാട്,​ചെറുകോട്,കാരോട് പ്രദേശങ്ങളിലാണീ ഫാമുകൾ കൂടുതലായുള്ളത്.50ലേറെ ഫാമുകൾ ഇവിടുണ്ടെന്നാണ് കണക്ക്. ഇവയ്ക്കൊന്നും ലൈസൻസും ഇല്ലെന്നാണ് ആക്ഷേപം.

വെള്ളത്തിൽ ബാക്ടീരിയ

തലസ്ഥാന നഗരിയിലേക്ക് വെള്ളമെത്തിക്കുന്ന കരമനയാറിലും നെയ്യാറ്റിൻകര-കാട്ടാക്കട താലൂക്കിൽ വെള്ളമെത്തിക്കുന്ന നെയ്യാറിലും വൻതോതിൽ ക്വാളിഫാം ബാക്ടീരിയ ഉണ്ടെന്ന് കണ്ടെത്തിയിട്ടും അധികൃതരുടെ ഭാഗത്തുനിന്നും നടപടിയില്ല.

കരിയംകോട് പ്രദേശവാസികൾ ജനകീയ സമരസമിതി രൂപീകരിച്ച് പഞ്ചായത്തിന് മുന്നിൽ സമരം നടത്തി ഫലമില്ലാതെ വന്നപ്പോഴാണ് ഹൈക്കോടതിയെ സമീപിച്ച് അനധികൃത പന്നിഫാമുകൾ അടച്ചുപൂട്ടാൻ വിധി സമ്പാദിച്ചത്. പഞ്ചായത്ത് വിധി നടപ്പാക്കിയെങ്കിലും ഫാമുകളിൽ പന്നികളുടെ എണ്ണം കൂടുതലാകുന്നതായാണ് വിവരം.ഫാമുകൾക്കെതിരെ നടപടിയുണ്ടായാൽ പന്നികളെ ഫാമിൽ നിന്നും മാറ്റും.നടപടി കഴിഞ്ഞ് ഇവയെല്ലാം ഫാമുകളിൽ തിരികെയെത്തും.

മാലിന്യം ഭീഷണിയാകുന്നു

അറവുശാലകൾ,കാറ്ററിംഗ് സ്ഥാപനങ്ങൾ,ഹോട്ടലുകൾ എന്നിവിടങ്ങളിൽ നിന്നും കൊണ്ടുവരുന്ന മാംസാവശിഷ്ടങ്ങളാണ് ഇവയ്ക്കുള്ള ആഹാരം. ആവശ്യമായവ എടുത്തശേഷം ബാക്കി ഉപേക്ഷിക്കും. ജലസ്രോതസുകളിൽ മലിനജലം ഒഴുക്കാൻ തുടങ്ങിയതോടെ വീടുകളിലെ കിണറുകളിലെ വെള്ളവും മലിനമായിത്തുടങ്ങി. ജനവാസകേന്ദ്രങ്ങളിലെ മാലിന്യനിക്ഷേപം മഴക്കാലത്ത് വലിയ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കുന്നതായും പരാതിയുണ്ട്.

മാനദണ്ഡങ്ങൾ പാലിക്കാതെ

മാനദണ്ഡങ്ങളൊന്നും പാലിക്കാതെ ഷെഡുകളിലാണ് ഫാമുകൾ പ്രവർത്തിക്കുന്നത്. റവന്യൂ വകുപ്പിന്റെ കണക്കിൽ പൂവച്ചൽ പഞ്ചായത്തിൽ മാത്രം 11ഫാമുകളിലായി 1000ത്തിലേറെ പന്നികളെ വളർത്തുന്നതായി കണ്ടെത്തിയിട്ടുണ്ട്. വീടുകളിൽ അഞ്ച് പന്നികളെ വളർത്താനുള്ള അനുമതി ദുരുപയോഗം ചെയ്ത് 200 പന്നികളെ ചിലയിടത്ത് വളർത്തുന്നുണ്ട്. പൂവച്ചൽ പഞ്ചായത്തിൽ പന്നിഫാമുകൾക്കെതിരെ ജനങ്ങൾ ശയനപ്രദക്ഷിണ സമരം നടത്തിയിട്ടുണ്ട്.

ആര്യനാട് പഞ്ചായത്തിൽ ഈഞ്ചപ്പുരിയിലെ പന്നിവളർത്തൽ കേന്ദ്രവും ജനത്തിന് ദുരിതമാണ്.ദിവസങ്ങൾക്ക് മുൻപ് വിളപ്പിൽ പഞ്ചായത്തിൽ പന്നിഫാം ഒഴിപ്പാക്കാനെത്തിയവരെ പൊലീസിന്റെ സാന്നിദ്ധ്യത്തിൽ ഫാമുടമ ആക്രമിക്കാൻ ശ്രമിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL