
പാലോട്: ദീപാവലിക്കായി പടക്ക നിർമ്മാണ മേഖല സജീവമാകുന്നു.ജില്ലയിലെ ഏറ്റവും വലിയ പടക്ക നിർമ്മാണ ഗ്രാമമായ നന്ദിയോട് പഞ്ചായത്തിലെ പാലുവള്ളി,ആലംപാറ,പുലിയൂർ മേഖലയിലെ പടക്കനിർമ്മാണ തൊഴിലാളികൾ ഏറെ പ്രതീക്ഷയിലാണ്.
പടക്ക നിർമ്മാണ ഉത്പന്നങ്ങളുടെ വില വർദ്ധന വെല്ലുവിളി ഉയർത്തുന്നുണ്ടെന്നതൊഴിച്ചാൽ പ്രതിസന്ധിയുടെ കാലം കഴിഞ്ഞു.എല്ലാ ലൈസൻസികളും സുരക്ഷാമാനദണ്ഡങ്ങൾ പാലിച്ചാണ് പടക്ക നിർമ്മാണം. ദീപാവലി കൂടാതെ പടക്ക നിർമ്മാണത്തിൽ കൂടുതൽ വിറ്റുവരവുള്ള സീസണായ ഉത്സവ സീസണിൽ ഇത്തവണ പ്രതീക്ഷിച്ച വരുമാനം ലഭിച്ചില്ല. ഉപജീവനത്തിന് വകയില്ലാതെ പടക്കനിർമ്മാണ തൊഴിലാളികൾ മറ്റ് ജോലിക്കുപോയിരുന്ന അവസ്ഥയുണ്ടായിരുന്നു.
ജില്ലയിലെ പടക്ക വിപണിയിലെ മുക്കാൽ പങ്കുമെത്തുന്നത് നന്ദിയോട്ടെ പടക്കമേഖലയിൽ നിന്നാണ്. പടക്ക നിർമ്മാണത്തിനായുള്ള പനയോല എത്തുന്നത് ശിവകാശിയിൽ നിന്നാണ്.ഒരു ലോഡ് പനയോല പടക്കനിർമ്മാണ കേന്ദ്രത്തിലെത്തുമ്പോൾ അറുപത്തിഅയ്യായിരത്തോളം രൂപയായിരുന്നു ചെലവ്.ഇപ്പോഴുള്ള വിലയനുസരിച്ച് എൺപതിനായിരത്തിന് മുകളിലാണ് പനയോലയുടെ വില. പടക്കനിർമ്മാണത്തിനായുള്ള വെടിമരുന്നെത്തുന്നതും ശിവകാശിയിൽ നിന്നും ആലപ്പുഴയിൽ നിന്നുമാണ്.പടക്ക നിർമ്മാണ മേഖല ദീപാവലിയോടെ ഉഷാറാകുമെന്ന പ്രതീക്ഷയിലാണ് തൊഴിലാളികൾ.
തൊഴിലാളികൾ പ്രതീക്ഷയിൽ
പടക്ക നിർമ്മാണ തൊഴിലാളികൾക്കോ ലൈസൻസികൾക്കോ നിലവിൽ ക്ഷേമനിധിയോ ഇൻഷ്വറൻസ് പരിരക്ഷയോ ഇല്ല.എന്നാൽ ലൈസൻസികൾ തങ്ങളുടെ തൊഴിലാളികൾക്ക് ഇൻഷ്വറൻസ് എടുത്തു നൽകിയിട്ടുണ്ട്.പതിനഞ്ചോളം ലൈസൻസികൾക്കു കീഴിൽ നിരവധി തൊഴിലാളികളാണ് പണിയെടുക്കുന്നത്.പെൺകുട്ടികളുടെ വിവാഹത്തിനും കുട്ടികളുടെ വിദ്യാഭ്യാസ ചെലവിനും ബാങ്ക് ലോൺ തിരിച്ചടവ് തുടങ്ങി മുന്നോട്ടുള്ള ജീവിതത്തിനും തൊഴിലാളികളുടെ ആശ്രയം ദീപാവലിയിലെ പടക്കക്കച്ചവടമാണ്.
ആശങ്കകളേറെ
മാറി വരുന്ന സർക്കാരുകൾക്ക് നിവേദനങ്ങൾ നൽകിയിട്ടും ഈ മേഖലയെ സംരക്ഷിക്കാൻ നടപടിയുണ്ടാകാത്തത് തൊഴിലാളികളെ അലട്ടുകയാണ്.ആരാധനാലയങ്ങളിൽ വെടിക്കെട്ടുകൾ നടത്തുന്നതിൽ സർക്കാരിന്റെ ഭാഗത്തുനിന്ന് കടുത്ത നിയന്ത്രണങ്ങളാണുള്ളത്.നിയന്ത്രണങ്ങളിൽ ചെറിയ ഇളവുകൾ നൽകി പടക്ക നിർമ്മാണ മേഖലയെ സംരക്ഷിക്കണമെന്നാണ് ഇവരുടെ ആവശ്യം.
വലിയശേഖരം ഒരുക്കി
ദീപാവലി സ്പെഷ്യൽ പടക്കങ്ങളുടെ വലിയശേഖരം ഇക്കുറിയും ഒരുക്കിയിട്ടുണ്ട്.പടക്കനിർമ്മാണത്തിൽ തങ്ങളുടെ പേരും പെരുമയും വാനോളമെത്തിച്ച ആശാൻമാരുടെ നാടാണ് നന്ദിയോട്.കമ്പക്കെട്ടിലും കേരളത്തിലെ ഏറ്റവും പ്രഗത്ഭന്മാരായ ആശാൻമാരാണ് നന്ദിയോടെന്ന പടക്കഗ്രാമത്തിന്റെ മുഖമുദ്ര.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |