SignIn
Kerala Kaumudi Online
Friday, 23 October 2026 4.45 AM IST

സസ്യ ലോകത്തെ വിസ്മയക്കാഴ്ചകളുമായി ബൊട്ടാണിക്കൽ ഗാർഡൻ

photo1

പാലോട്: പാലോടിന്റെ ഹരിതകരങ്ങൾക്ക് ശക്തിപകരുന്നതിൽ ഏറ്റവും മുന്നിൽ നിൽക്കുന്ന ഹരിതോദ്യാനമാണ് ബൊട്ടാണിക്കൽ ഗാർഡൻ. വിസ്മയമുണർത്താൻ കഴിയുന്ന നിരവധി സസ്യജാലങ്ങളുടെ കലവറയാണ് 1979ൽ സ്ഥാപിതമായ ഏഷ്യയിലെ ഏറ്റവും വലിയ ഔഷധസസ്യ ഉദ്യാനമായ ജവഹർലാൽ നെഹ്റു ട്രോപ്പിക്കൽ ബൊട്ടാണിക്കൽ ഗാർഡൻ ആൻഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്.

അപൂർവമായ വംശനാശ ഭീഷണി നേരിടുന്ന ഔഷധസസ്യങ്ങൾ ഉൾപ്പെടെ വലിയ ശേഖരമാണിവിടുള്ളത്. 4000ത്തിലധികം സസ്യജനുസ്സുകളുടെ 50000ത്തിൽപ്പരം ഇനം സസ്യങ്ങളുള്ള ഏഷ്യയിലെ വലിയ ഉദ്യാനമാണിത്. ഗാർഡൻ സന്ദർശിക്കാൻ എത്തുന്നവരെ സ്വീകരിക്കുന്നത് കൂപ്പുകൈകളോടെ നിൽക്കുന്ന ഭൂമിദേവിയുടെ ശില്പമാണ്. ഭീമൻ ഇലകളുള്ള ആനത്താമരയാണ് മറ്റൊരു ആകർഷണം. ഒരു ഇലയ്ക്ക് 135 കിലോയോളം ഭാരം താങ്ങാനുള്ള കഴിവുണ്ട്.

അന്യം നിന്നു എന്നു കരുതുന്ന സസ്യങ്ങളെക്കുറിച്ചുള്ള പഠനത്തിനും ഗവേഷണത്തിനും വിപുലമായ സാദ്ധ്യതയാണ് എക്കോ ടൂറിസം പദ്ധതി നടപ്പിലാക്കുന്നതോടെ തെളിയുന്നത്. 321 ഹെക്ടർ സ്ഥലത്താണ് ബൊട്ടാണിക്കൽ ഗാർഡൻ.

മുളങ്കാടുകൾ

1200ലധികം മുളങ്കൂട്ടങ്ങൾ ഇവിടെയുണ്ട്. 30 സെന്റീമീറ്റർ മാത്രം പൊക്കമുള്ള ഷിമാറ്റിയ കുമാസാക്ക എന്ന കുള്ളൻ മുളകൾ മുതൽ 40 മീറ്റർ ഉയരമുള്ള ലോകത്തിലെ ഏറ്റവും ഉയരമുള്ള ഡെൻട്രോകലാമസ് ജൈജാന്റിയസ് എന്ന ഭീമൻമുളകൾ വരെ ഇക്കൂട്ടത്തിലുണ്ട്.

ഇരപിടിയൻ സസ്യങ്ങളും

ഇരപിടിയൻ സസ്യങ്ങളുടെ വലിയ ശേഖരവും ഇവിടെയുണ്ട്. നെപ്പന്തസിന്റെയും ഫ്ളൈസ് ട്രാപ്പുകളുടേയും ചെടികളും ഉണ്ട്. ഫ്ലാസ്ക് പോലെയാണ് ഇവയുടെ ഇലകൾ. മുകളിലായി ചെറിയ അടപ്പു പോലുള്ള ഭാഗം. ചെടികളുടെ പൂക്കളിലും ഇലകളിലും ഉത്പാദിപ്പിക്കുന്ന ഒരു ദ്രാവകത്തിന്റെ മണത്തിൽ ആകൃഷ്ടരായെത്തുന്ന ചെറുപ്രാണികൾ പെട്ടാൽ രക്ഷപ്പെടാനാകില്ല.

മലമാവും കാവിലിപ്പയും

ലോകത്തുനിന്നു നശിച്ചെന്നു കരുതിയിരുന്ന മലമാവും കാവിലിപ്പയും കുറച്ചുനാൾ മുൻപാണ് ഗവേഷകർ കണ്ടെത്തിയത്. 1914ൽ എ.ജെ.ഗാമ്പിൾ എന്ന സസ്യശാസ്ത്രജ്ഞനാണ് മലമാവ് വംശനാശഭീഷണി നേരിടുന്നു എന്ന് ആദ്യം കണ്ടെത്തിയത്. തുടർന്ന് നിരവധി ഗവേഷണങ്ങൾ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നടത്തിയെങ്കിലും മലമാവ് കണ്ടെത്താനായില്ല.

എന്നാൽ ജെ.എൻ.ടി.ബി.ജി.ആർ.ഐയിലെ ശാസ്ത്രജ്ഞർ വനമേഖലയിൽ ഈ മരം കണ്ടെത്തി വനപാലകരുടെ നേതൃത്വത്തിൽ സുരക്ഷാവേലി കെട്ടി സംരക്ഷണം ഉറപ്പാക്കിയിട്ടുണ്ട്. ഇതോടൊപ്പം കാവിലിപ്പയും ഗവേഷകസംഘം കണ്ടെത്തി.

വഴികാട്ടിയും

ഹോർത്തൂസ് മലബാറിക്കസ് ഗ്രന്ഥം രചിക്കാൻ വഴികാട്ടിയായിരുന്ന ഇട്ടി അച്ചുതൻ വൈദ്യർ സ്മാരകം സ്ഥിതിചെയ്യുന്നത് ഈ ഉദ്യാനത്തെ ജലഭൂയിഷ്ഠമാക്കുന്ന ചിറ്റാർ നദിക്കരയിലാണ്. ഏറ്റവും വലിയ പൂക്കളുള്ള ടൈഗർ ഓർക്കിഡും നൂറുകണക്കിന് വിദേശ ഓർക്കിഡുകളും ഉദ്യാനത്തിലെ മനോഹര കാഴ്ചയാണ്.

സസ്യലോകത്തെ ഗിന്നസ് ജേതാവ് ടൈഗർ ഓർക്കിഡ് പാലോട് ജവഹർലാൽ നെഹ്റു ട്രോപ്പിക്കൽ ബൊട്ടാണിക്കൽ ഗാർഡനിൽ വിസ്മയ കാഴ്ചയാണ്. ഏഷ്യയിലെ ഏറ്റവും വലിയ സസ്യശേഖരമാണ് ഇവിടെയുള്ളത്. കഴിഞ്ഞ സീസണിൽ പൂക്കൾ കാണാൻ ആളുകളെത്തിയിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL