തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തിന്റെ രണ്ടും മൂന്നും ഘട്ടങ്ങളുടെ നിർമ്മാണം 2028 ഡിസംബറിനകം പൂർത്തിയാക്കുമെന്ന് മന്ത്രി വി.എൻ.വാസവൻ നിയമസഭയിൽ പറഞ്ഞു. കരാർ പ്രകാരം 2045ലാണ് പൂർത്തിയാവേണ്ടിയിരുന്നത്. നിശ്ചയിച്ചതിലും 17വർഷം മുൻപ് എല്ലാ ഘട്ടങ്ങളും പൂർത്തിയാവുന്നതിലൂടെ വൻതോതിലുള്ള നിക്ഷേപം ഉറപ്പുവരുത്താനാവും. സംസ്ഥാനത്തിന്റെ വരുമാന വിഹിതവും കൂടും. 10,000 കോടിയുടെ നിക്ഷേപമാണ് പ്രതീക്ഷിക്കുന്നത്. നികുതിയിനത്തിലും തൊഴിൽ സാദ്ധ്യതയിലും മെച്ചമുണ്ടാവും.
ഒന്നാംഘട്ട കമ്മിഷനിംഗ് ഡിസംബറിൽ നടത്തും. ജൂലായ് 11ന് ട്രയൽറൺ തുടങ്ങിയ ശേഷം ഇതുവരെ 29കപ്പലുകളിൽ നിന്നായി 68,000ലധികം കണ്ടെയ്നറുകൾ കൈകാര്യം ചെയ്തു. ട്രയൽ റൺ വിജയകരമായി പുരോഗമിക്കുകയാണ്. അടുത്ത ഘട്ടങ്ങൾക്കുള്ള പരിസ്ഥിതി ആഘാത പഠനത്തിന്റെ കരടിൽ പബ്ലിക് ഹിയറിംഗ് നടത്തിയിട്ടുണ്ട്. തുറമുഖ സാദ്ധ്യതകൾ പൂർണമായി പ്രയോജനപ്പെടുത്താൻ വാണിജ്യ, വ്യാവസായിക പദ്ധതികൾ നടപ്പാക്കും.
വിഴിഞ്ഞം- നാവായിക്കുളം ഔട്ടർ റിംഗ് റോഡിന്റെ ഇരുവശത്തുമായി രണ്ടര കിലോമീറ്റർ പ്രദേശത്ത് വിവിധ വ്യവസായ, വാണിജ്യ ശാലകൾ സ്ഥാപിക്കും. റിന്യൂവബിൾ എനർജി പാർക്ക്, ഗ്രീൻ ഹൈഡ്രജൻ ഹബ്, സീ ഫുഡ് പാർക്ക്, അഗ്രികൾച്ചർ പാർക്ക്, ലോജിസ്റ്റിക് ആൻഡ് വെയർഹൗസിംഗ്, തുറമുഖാധിഷ്ഠിത വ്യവസായ ഇടനാഴികൾ, ക്ലസ്റ്ററുകൾ എന്നിവയുടെ സാദ്ധ്യതകൾ പരിശോധിക്കാൻ കൺസൾട്ടന്റിനെ നിയോഗിക്കാൻ ടെൻഡർ വിളിക്കും. തുറമുഖത്തെ ദേശീയപാതയുമായി ബന്ധിപ്പിക്കുന്ന അപ്രോച്ച് റോഡ് നിർമ്മാണം അന്തിമഘട്ടത്തിലാണ്. 10.7കി. മീ റെയിൽ പാതയുടെ നിർമ്മാണത്തിന് ദക്ഷിണ റെയിൽവേയുടെ അംഗീകാരം ലഭിച്ചിട്ടുണ്ടെന്നും ഐ.ബി.സതീഷ് എം.എൽ.എയുടെ ശ്രദ്ധക്ഷണിക്കലിന് മന്ത്രി മറുപടി നൽകി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |