SignIn
Kerala Kaumudi Online
Friday, 23 October 2026 9.26 PM IST

വെള്ളക്കെട്ട് നേരിടാൻ അമൃത് പദ്ധതി കരിക്കകം വാർഡിന് 84 ലക്ഷം,വെട്ടുകാടിന് 5 കോടി

തിരുവനന്തപുരം: ചെറുമഴ പെയ്താൽപോലും വെള്ളപ്പൊക്കമുണ്ടാകുന്ന വെട്ടുകാട്,കരിക്കകം വാർഡുകളിലെ വെള്ളക്കെട്ടിന് ശാശ്വത പരിഹാരമൊരുക്കാൻ കേന്ദ്രപദ്ധതിയുമായി നഗരസഭ. അമൃത് (അടൽ മിഷൻ ഫോർ റിജുവനേഷൻ ആൻഡ് അർബൻ ട്രാൻസ്‌ഫർമേഷൻ) പദ്ധതിയിൽ ഉൾപ്പെടുത്തി കരിക്കകം വാർഡിൽ 84 ലക്ഷത്തിന്റെയും വെട്ടുകാട് വാർഡിൽ 5 കോടിയുടെയും പദ്ധതികളാണ് നടപ്പാക്കുന്നത്.

കരിക്കകം വാർഡിലുൾപ്പെട്ട കൊച്ചുവേളി റെയിൽവേ സ്റ്റേഷനു സമീപത്തെ 40 വീടുകളിലാണ് സ്ഥിരമായി വെള്ളം കയറുന്നത്.ഡ്രെയിനേജ് സംവിധാനമില്ലാത്തതിനാൽ വെള്ളം ഒഴുകിപോകാത്തതാണ് കാരണം.കഴിഞ്ഞ ദിവസമുണ്ടായ ചെറുമഴയിൽ പോലും പ്രദേശത്തെ വീടുകളിൽ വെള്ളം കയറിയിരുന്നു. മഴയ്ക്ക് പിന്നാലെ കെട്ടിക്കിടക്കുന്ന വെള്ളം പമ്പ് ചെയ്‌തു നീക്കേണ്ട സ്ഥിതിയാണ്.ഇത് പരിഹരിക്കാനാണ് അമൃത് പദ്ധതിയിൽ ഉൾപ്പെടുത്തി ഫണ്ട് അനുവദിച്ചത്.ഓട നിർമ്മിച്ച് പാർവതിപുത്തനാറിലേക്ക് മഴവെള്ളം ഒഴുക്കിവിടാനാണ് ലക്ഷ്യമിടുന്നത്.കരാർ ഏറ്റെടുത്തയാൾ ഉടൻ നിർമ്മാണം തുടങ്ങുമെന്ന് കൗൺസിലർ ഡി.ജി.കുമാരൻ പറഞ്ഞു.

തീരദേശത്തുള്ള വെട്ടുകാട് വാർഡിലെ വിവിധ പ്രദേശങ്ങളിലാണ് സ്ഥിരമായി വെള്ളക്കെട്ടുണ്ടാകുന്നത്. ഇൻഡസ്ട്രീയൽ ഏരിയ,ബാലനഗർ എന്നിവിടങ്ങളിലാണ് പ്രധാനമായും വെള്ളക്കെട്ടുണ്ടാകുന്നത്. വീടുകളിലും സ്ഥാപനങ്ങളിലും വെള്ളം കയറുന്നതും പതിവാണ്. മഴക്കാലത്ത് വീടുകളിൽ കെട്ടിക്കിടക്കുന്ന വെള്ളം പമ്പ്സെറ്റ് ഉപയോഗിച്ച് ടാങ്കറുകളിൽ ശേഖരിച്ച് മറ്റിടങ്ങളിൽ കൊണ്ടുപോയി കളയുകയാണ് ചെയ്യുന്നത്. ഇൻഡസ്ട്രിയൽ മേഖലയിൽ കഴിഞ്ഞ വർഷമുണ്ടായ വെള്ളക്കെട്ടിൽ നിരവധി സ്ഥാപനങ്ങളിൽ വെള്ളം കയറി സാധനങ്ങൾ നശിച്ചിരുന്നു. ഒരു കോടി രൂപയുടെ നഷ്ടമാണ് വിവിധ സ്ഥാപനങ്ങൾക്കുണ്ടായത്. ശാസ്ത്രീയമായി വെള്ളക്കെട്ട് പരിഹരിക്കാനാണ് പദ്ധതി ലക്ഷ്യം. പദ്ധതി നിർവഹണവും,വെള്ളമൊഴുക്കി വിടേണ്ടത് സംബന്ധിച്ചുള്ള ശാസ്ത്രീയ പരിശോധനയുമാണ് ഇപ്പോൾ നടക്കുന്നത്. ഇതിനായി നഗരസഭയുടെ നിർദ്ദേശാനുസരണം സ്വകാര്യ കൺസൾട്ടിംഗ് സ്ഥാപനം പഠനം തുടരുകയാണ്. ഇവർ തയ്യാറാകുന്ന റിപ്പോർട്ട് നഗരസഭ എൻജിനിയറിംഗ് വിഭാഗം പരിശോധിച്ച് കൃത്യത വരുത്തിയ ശേഷമാകും സാങ്കേതികാനുമതി നൽകുക. അതിനുശേഷം ടെൻഡർ നടപടികളിലേക്ക് കടക്കും.ഈ സാമ്പത്തിക വർഷം തന്നെ നിർമ്മാണം പൂർത്തീകരിക്കാനാണ് ലക്ഷ്യമിടുന്നതെന്ന് കൗൺസിലർ ക്ളൈനസ് റൊസാരിയോ പറഞ്ഞു.

പദ്ധതി ലക്ഷ്യം - വെള്ളക്കെട്ടുള്ള മേഖലകളിൽ നിന്ന് വെള്ളം നീക്കം ചെയ്യാൻ ഡ്രെയിനേജ് സംവിധാനം ഒരുക്കുക

 മെഡി.വാർഡിന് 2 കോടി

മെഡിക്കൽ കോളേജ് ആശുപത്രിയുടെ ട്രീറ്റ്മെന്റ് പ്ലാന്റിൽ നിന്നുള്ള വെള്ളം ഒഴുക്കിവിടാനടക്കം 2 കോടി രൂപയുടെ പദ്ധതിയാണ് അമൃത് പദ്ധതിയുടെ ഭാഗമായി മെഡിക്കൽ കോളേജ് വാർഡിൽ നടപ്പാക്കുന്നത്.ഇതിനുള്ള പണികൾ ഇതിനോടകം ആരംഭിച്ചു. കേശവദാസപുരം വാർഡിൽ ഒരു കോടി രൂപയുടെ പദ്ധതിയും നടപ്പാക്കും.

വെള്ളക്കെട്ട് പരിഹരിക്കാൻ അമൃത് പദ്ധതിയുമായി ബന്ധപ്പെട്ടുള്ള പ്രവർത്തനങ്ങൾ നടപ്പാക്കിവരികയാണ്. 12 വാർഡുകളിലെ ഓട നിർമാണം അതിൽ പ്രധാനമാണ്.ചില വാർഡുകളിൽ പദ്ധതി പൂർത്തിയായി. എല്ലാ വാർഡുകളും അമൃത് പദ്ധതിയിൽ ഉൾപ്പെട്ടിട്ടുണ്ട്.

മേടയിൽ വിക്രമൻ,
മരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL