
മലയിൻകീഴ്: തകർന്ന് കിടക്കുന്ന ഗ്രാമപഞ്ചായത്ത് റോഡുകളിലൂടെ ജീവൻ പണയപ്പെടുത്തി യാത്ര ചെയ്യേണ്ട ഗതികേടിലാണ് ജനങ്ങൾ. മലയിൻകീഴ് പഞ്ചായത്തിലെ ചിറ്റിയൂർക്കോട് വാർഡിലുൾപ്പെട്ട തറട്ടവിള-അങ്കണവാടി റോഡ് തകർന്ന് വൻകുഴി രൂപപ്പെട്ടിട്ട് വർഷങ്ങളായി. ഇതിലൂടെ ഇരുചക്ര വാഹനമൊഴികെയുള്ള വാഹനങ്ങൾക്ക് സഞ്ചരിക്കാൻ കഴിയുന്നില്ല. റോഡാകെ പൊട്ടിപ്പൊളിഞ്ഞതിനാൽ കാൽനടപോലും ബുദ്ധിമുട്ടാണ്.
ഏക ആശ്രയം
നിരവധി കുടുംബങ്ങളുടെ ഏക ആശ്രയമാണീ റോഡ്. റോഡ് നവീകരിക്കണമെന്ന
ആവശ്യവുമായി പ്രദേശവാസികൾ നിരവധി തവണ പഞ്ചായത്ത് അധികൃതരെ സമീപിച്ചെങ്കിലും ഉടൻ ശരിയാക്കാമെന്ന പതിവ് പല്ലവിയാണ് ലഭിക്കുന്നത്. വർഷങ്ങൾക്ക് മുൻപ് പഞ്ചായത്ത് ഫണ്ട് വിനിയോഗിച്ച് നവീകരിച്ച റോഡിന്റെ ഭൂരിഭാഗവും കുഴികളായതിനാൽ യാത്രക്കാർ അപകടത്തിലാകുന്നതും പതിവാണ്.
അധികൃതർ പരിഗണിക്കാതെ
വിളപ്പിൽ ഗ്രാമപഞ്ചായത്തിലെ ദേവിനഗർ-കുണ്ടാമൂഴി റോഡിന്റെ അവസ്ഥയും ദയനീയമാണ്. കുണ്ടും കുഴിയുമായി തീർന്ന റോഡ് മഴക്കാലമായാൽ തോടാകും. അധികൃതർക്ക് പരാതി നൽകി മടുത്ത പ്രദേശവാസികൾ ഈ റോഡിൽ വാഴ നട്ട് പ്രതിഷേധിച്ചിരുന്നു.
ഗ്രാമപഞ്ചായത്ത് അധികൃതരും വാർഡ് അംഗവുമുൾപ്പെടെ ഇതുവഴി സഞ്ചരിക്കാറുണ്ടെങ്കിലും ദുരവസ്ഥയ്ക്ക് പരിഹാരമായിട്ടില്ല. വർഷങ്ങളായി തകർന്ന റോഡുകളുടെ ദുരവസ്ഥയ്ക്ക് മാറിവരുന്ന പഞ്ചായത്ത് ഭരണസമിതികൾ വേണ്ടത്ര പരിഗണന നൽകുന്നില്ലെന്നാണ് നാട്ടുകാർ പറയുന്നത്.
പൊട്ടിപ്പൊളിഞ്ഞ്
മാറനല്ലൂർ പഞ്ചായത്തിലെ ഭജനമഠം ക്ഷേത്രറോഡ്, വിളവൂർക്കൽ പഞ്ചായത്തിലെ പണ്ടാരക്കണ്ടം,ഇരട്ടക്കലുങ്ക്-പൊറ്റയിൽ റോഡുകളും സഞ്ചാരയോഗ്യമല്ല. മലയിൻകീഴ് പഞ്ചായത്തിലെ അന്തിയൂർക്കോണം-കല്ലുവരമ്പ്, ഇരട്ടക്കലുങ്ക്-പുത്തൻവിള എന്നീ റോഡുകളും സഞ്ചരിക്കാനാകാതെ തകർന്ന് കിടക്കുകയാണ്. സമീപത്തെ പഞ്ചായത്തുകളുമായി ബന്ധിപ്പിക്കുന്ന റോഡുകളാണിത്.
ആവശ്യം ശക്തം
റോഡ് നവീകരിക്കണമെന്ന ആവശ്യവുമായി നാട്ടുകാർ പഞ്ചായത്ത് അധികൃതരെയും വാർഡ് അംഗങ്ങളെയും സമീപിച്ചിട്ടും ഫലമുണ്ടായില്ല. ഗ്രാമപഞ്ചായത്തിന്
ഫണ്ടിന് പരിമിതിയുണ്ടെന്നാണ് പഞ്ചായത്ത് അധികൃതരുടെ നിലപാട്. മഴ പെയ്താലുടൻ കുഴികളിൽ
വെള്ളം കെട്ടുന്നതും അപകടമുണ്ടാക്കാറുണ്ട്. ഗ്രാമീണ റോഡുകൾ നവീകരിക്കണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |