പത്തനംതിട്ട: നഗരത്തിലെ ഗ്യാസ് ഏജൻസിയുടെയും സ്‌കൂളിന്റെയും വാഹനങ്ങൾക്ക് തീയിട്ട സംഭവത്തിൽ പ്രതിയെ പിടികൂടി. അടൂർ അമ്മകണ്ടകര കലാഭവനിൽ ശ്രീജിത്താണ് (27) പിടിയിലായത്. ഇയാൾ കുറ്റം സമ്മതിച്ചതായും മാനസിക വിഭ്രാന്തിയുണ്ടെന്നും പൊലീസ് പറഞ്ഞു. ഞായറാഴ്ച രാത്രിയിലാണ് മാക്കാംകുന്നിന് സമീപമുള്ള സരോജ് ഗ്യാസ് ഏജൻസിയുടെ വാനിനും സമീപത്തുള്ള എവർഷൈൻ റസിഡൻഷ്യൽ സ്‌കൂളിന്റെ ബസിനും തീയിട്ടത്. ഗേറ്റ് ചാടിക്കടന്ന് ഗ്യാസ് ഏജൻസിയുടെ വാഹനങ്ങൾ പാർക്ക് ചെയ്യുന്ന സ്ഥലത്തെത്തിയ ഇയാൾ ആദ്യം വാനിന് തീയിടുകയായിരുന്നു. തീയും പുകയും കണ്ട ജീവനക്കാർ ഉടൻ തീ കെടുത്തിയതിനാൽ വൻ ദുരന്തം ഒഴിവായി. വാഹനങ്ങൾ കിടന്നതിന് സമീപമായിരുന്നു ഗ്യാസ് സിലണ്ടറുകൾ സൂക്ഷിക്കുന്ന ഗോഡൗൺ.
തുടർന്നാണ് എവർഷൈൻ സ്‌കൂളിന്റെ പരിസരത്തെത്തി സ്‌കൂൾ ബസിന് തീവച്ചത്. ഇവിടുത്തെ സി.സി ടി.വി ദൃശ്യങ്ങളിൽ നിന്ന് ലഭിച്ച സൂചനകളിൽനിന്നാണ് പ്രതിയെ തിരിച്ചറിഞ്ഞത്. നേരത്തെ നാല് വാഹനങ്ങൾ കത്തിച്ച സംഭവത്തിൽ അടൂർ സ്‌റ്റേഷനിൽ ഇയാൾക്കെതിരെ കേസുണ്ട്. പത്തനംതിട്ട അബാൻ ജംഗ്ഷനിലെ ഡയാന റസ്‌റ്റോറന്റിലെ ജീവനക്കാരനാണ്. ജീവനക്കാർ താമസിക്കുന്നത് എവർ ഷൈൻസ്കൂളിന് സമീപത്താണ്. ഇവിടെനിന്നാണ് തിങ്കളാഴ്ച രാത്രി ഇയാളെ പിടികൂടിയത്. പ്രതിയെ രണ്ട് സ്ഥലങ്ങളിലും താമസിച്ച സ്ഥലത്തും എത്തിച്ച് വിവരങ്ങൾ ശേഖരിച്ചു. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |