
കൊച്ചി: എറണാകുളം സൗത്ത് റെയിൽവേ സ്‌റ്റേഷന് സമീപത്തെ പെൺവാണിഭ കേന്ദ്രത്തിൽ നടത്തിയ റെയ്ഡിൽ പിടിയിലായ നാലുപേരുടെ അറസ്റ്റ് രേഖപ്പെടുത്തി. നടത്തിപ്പുകാരായ കോഴിക്കോട് വടകര മേത്തയിൽചാലിവീട്ടിൽ സി. രാജേഷ് (39), തിരുവനന്തപുരം വട്ടപ്പാറ കടത്തുംകരവീട്ടിൽ സൻജുഭവനിൽ പി. വിഷ്ണു (35), ചാലക്കുടി കുറ്റിച്ചിറ കന്നോലിവീട്ടിൽ ഷിജോൺ( 44), തമ്മനം കന്നോത്തുപറമ്പിൽ ആർ.ജി. സുരേഷ് (49) എന്നിവരെയാണ് സെൻട്രൽ പൊലീസ് അറസ്റ്റ് ചെയ്തത്. കാപ്പ, മോഷണ കേസ് പ്രതികളാണിവർ. ഷിജോണിനെതിരെ 14 ക്രിമിനൽ കേസുകളുണ്ട്. തൃശൂർ ജില്ലയിൽ നിന്നു കാപ്പ ചുമത്തി നാടു കടത്തപ്പെട്ട വ്യക്തിയുമാണ്. വിഷ്ണുവിനെതിരെ മോഷണക്കേസുകളും നിലവിലുണ്ട്. മറ്റ് പ്രതികളുടെ കേസ് വിവരങ്ങൾ അന്വേഷിച്ചുവരികയാണെന്ന് പൊലീസ് പറഞ്ഞു.
വിവേകാനന്ദ റോഡിലെ ഇരുനിലക്കെട്ടിടം പണയത്തിനെടുത്തായിരുന്നു അനാശാസ്യം. ചൊവ്വാഴ്ച രാത്രി നടത്തിയ റെയ്ഡിൽ പണയക്കരാറും പണവും പിടിച്ചെടുത്തു. സൗത്ത് റെയിൽവേ സ്റ്റേഷൻ പരിസരത്ത് സാമൂഹികവിരുദ്ധശല്യം രൂക്ഷമായതോടെ പ്രദേശവാസികളടക്കം പരാതിപ്പെട്ടിരുന്നു. സിറ്റി പൊലീസ് കമ്മിഷണർ പുട്ട വിമലാദിത്യക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ചൊവ്വാഴ്ച വൈകിട്ട് കെട്ടിടത്തിൽ റെയ്ഡ് നടത്തിയപ്പോഴാണ് പ്രതികൾ കുടുങ്ങിയത്. കെട്ടിടത്തിലെ മുറികളിൽ നിന്ന് സ്ത്രീകളെയും ഇടപാടുകാരെയും കണ്ടെത്തി. പ്രതികൾ കെട്ടിടം പണയത്തിനെടുത്ത് സ്ത്രീകളെ താമസിപ്പിച്ച് വ്യഭിചാരശാല നടത്തുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു.
സിറ്റി ഡെപ്യൂട്ടി പൊലീസ് കമ്മിഷണർ സുദർശന്റെ നിർദേശപ്രകാരം എറണാകുളം സെൻട്രൽ എ.സി.പി സി. ജയകുമാറിന്റെ മേൽനോട്ടത്തിൽ സെൻട്രൽ എസ്.എച്ച്.ഒ അനീഷ് ജോയി, സബ് ഇൻസ്‌പെക്ടർമാരായ സന്തോഷ് കുമാർ, സി. അനൂപ്, ഇന്ദുചൂഡൻ, സെൽവരാജ്, പിങ്ക് പട്രോൾ സംഘത്തിലെ എ.എസ്.ഐമാരായ ഷൈനിമോൾ, സി.ആർ. സിന്ധു, എസ്.സി.പി.ഒ സി.വി. നിഷ, സി.പി.ഒ ജാനി ഫിലിൻ, എസ്.സി.പി.ഓമാരായ ജിജിമോൻ സെബാസ്റ്റ്യൻ, സനീഷ്, സി.പി.ഓമാരായ സുനോയി, സോമരാജൻ, രതീഷ് എന്നിവരടങ്ങിയ സംഘമാണ് റെയ്ഡ് നടത്തിയത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |