SignIn
Kerala Kaumudi Online
Friday, 23 October 2026 7.04 AM IST

റബർ വില വീണ്ടും താഴോട്ട് കർഷകർ പ്രതിസന്ധിയിൽ

വെള്ളറട: മലയോരത്ത് റബർ കർഷകരുടെ ദുരിതങ്ങൾക്ക് ശമനമില്ല. ഈയിടെ 250 രൂപവരെ കിലോയ്ക്ക് വിലയുണ്ടായിരുന്ന റബർ ഇപ്പോൾ വീണ്ടും 185 രൂപയിലെത്തിനിൽക്കുന്നു. വ്യാപകമായി റബർ ഇറക്കുമതി ചെയ്യുന്നതുകാരണം റബർ കർഷകർ കടുത്ത പ്രതിസന്ധിയിലാണ്.

പ്രധാന റബർ ഉത്പാദന മേഖലകളിൽ ടാപ്പിംഗ് നടന്നിട്ട് മാസങ്ങൾ കഴിഞ്ഞു. പുലർച്ചെ പെയ്യുന്ന മഴയും ടാപ്പിംഗ് മുടക്കുകയാണ്. ടാപ്പിംഗ് തുടങ്ങിയിട്ടും നല്ല സീസണുമായിട്ടും കർഷകന് ആദായം എടുക്കാനും കഴിയുന്നില്ല. റബറിന്റെ വിലയിടിവിൽ കർഷകർ ഏറെ ദുരിതം അനുഭവിക്കുന്ന സമയമാണിത്.

ഉത്പാദന ചെലവിന് ആനുപാതികമായി വിലയും കർഷകന് ലഭിക്കുന്നില്ല. പലരും ഉള്ള റബർ മരങ്ങൾ ടാപ്പിംഗ് ചെയ്യാതെ ഇട്ടിരിക്കുകയാണ്. തൊഴിലാളിക്ക് കൂലികൊടുത്ത് ടാപ്പിംഗ് നടത്തിയാൽ കർഷകന് ആദായമില്ല. കർഷകർക്കു പുറമെ ചെറുകിട റബർ കച്ചവടക്കാരും ഏറെ ബുദ്ധിമുട്ടുകയാണ്. മാർക്കറ്റിൽ ദിനംപ്രതി വിലയിലുണ്ടാകുന്ന വ്യത്യാസം കച്ചവടക്കാരെയും കാര്യമായി ബാധിക്കുന്നു.

പ്രതിസന്ധികളേറെ

ടൺ കണക്കിന് റബർവാങ്ങി സ്റ്റോക്ക് ചെയ്യുന്നവർക്ക് ലക്ഷങ്ങളാണ് വിലയിലുണ്ടാകുന്ന കുറവുകാരണം നഷ്ടം വരുന്നത്. ഇതുകാരണം പത്രവിലയിൽ നിന്നും കുറച്ചാണ് കർഷകരിൽ നിന്നും കച്ചവടക്കാർ റബർ വാങ്ങുന്നത്. പ്രധാന ഉത്പാദന കേന്ദ്രമായ വെള്ളറട പോലുള്ള പ്രദേശങ്ങളിൽ സർക്കാരിന്റെ ഉടമസ്ഥതയിൽ റബർ വാങ്ങി സംഭരിക്കുന്നതിനുള്ള സ്ഥാപനങ്ങളോ സംവിധാനങ്ങളോ നിലവിലില്ല. ഇതും കർഷകരുടെ ദുരിതം വർദ്ധിപ്പിക്കുകയാണ്. കച്ചവടക്കാർ പറയുന്ന വിലയ്ക്ക് വിൽക്കുകയേ മാർഗമുള്ളൂ.

കൃഷി ഉപേക്ഷിച്ച്

മലയോരത്തെ പ്രധാന കൃഷിയായ റബർ പലരും ഉപേക്ഷിച്ചു. കൃഷിക്കും സംസ്കരണത്തിനും ആവശ്യമായ ആസിഡുകൾ,ടാർബിറ്റുമിൻ,പ്ലാസ്റ്റിക് തുടങ്ങിയ അസംസ്കൃത വസ്തുക്കളുടെ വിലക്കയറ്റത്തിൽ ഉത്പാദനച്ചെലവ് ക്രമാതീതമായി വർദ്ധിച്ചതും കൃഷിക്ക് വെല്ലുവിളിയായി. ഉത്പാദന ചെലവിനനുസരിച്ചുള്ള ആദായം ലഭിക്കില്ലെന്നു കണ്ടതോടെയാണ് മറ്റു കൃഷികളിലേക്ക് തിരിഞ്ഞത്.

വന്യജീവി ആക്രമണവും

വന്യജീവികളുടെ ശല്യംകാരണം ഒരു കൃഷിയും ചെയ്ത് ഉപജീവനം നടത്താനാകാതെ കർഷകർ വലയുകയാണ്. നാട്ടിലിറങ്ങുന്ന കുരങ്ങുകളും റബർ പാൽ തട്ടിത്തെറിപ്പിക്കുന്നതും പതിവാണ്. ഇവിടെ ഉത്പാദിപ്പിക്കുന്ന റബർ സർക്കാർ ന്യായവില നൽകി വാങ്ങി ശേഖരിച്ച് റബർ അധിഷ്ഠിത വ്യവസായങ്ങൾ സ്ഥാപിച്ചാൽ കർഷകർക്ക് ഒരു പരിധിവരെ ഗുണം ലഭിക്കുമായിരുന്നു.

റബർ കർഷകരെ സഹായിക്കാൻ ഇറക്കുമതി കുറയ്ക്കുകയും, ഉത്പാദിപ്പിക്കുന്ന റബർ സംഭരിക്കാൻ സർക്കാർ ന്യായമായ വില നൽകി കർഷകരിൽ നിന്നും സ്വീകരിക്കുകയാണെങ്കിലേ ഒരുവിധം ഈ മേഖലയിൽ കൃഷിചെയ്യാൻ കർഷകർ തയ്യാറാവുകയുള്ളൂ.

അശോകൻ,

റബർ കർഷകൻ

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL