
വെമ്പായം: കാരവാനിൽ നിന്ന് രണ്ട് കൈയും പോക്കറ്റിലിട്ട് ഇറങ്ങിവരുന്ന സ്റ്റൈൽ മന്നൻ. സ്വപ്നമാണോ യാഥാർത്ഥ്യമാണോ എന്നറിയാൻ തൻമയയ്ക്ക് കൈയിൽ നുള്ളി നോക്കേണ്ടി വന്നു.തിയേറ്ററുകളിൽ നിറഞ്ഞോടുന്ന തമിഴ് ചിത്രം വേട്ടയ്യനിൽ രജനികാന്തിനും അമിതാഭ്ബച്ചനും മഞ്ജുവാര്യർക്കുമൊപ്പം മുഴുനീള കഥാപാത്രം അഭിനയിച്ച ചന്തവിളയിൽ അച്ചാമ്മയുടെ വീട്ടിൽ അരുണിന്റെയും ആശയുടെയും മകൾ തന്മയ സോളിന്റെ വാക്കുകളാണിത്. ചേച്ചി തമന്ന സോൾ സംവിധാനം ചെയ്ത ഇന്റർനാഷണൽ അവാർഡ് നേടിയ ലഞ്ച് ബ്രേക്ക് എന്ന ഷോർട്ട് ഫിലിമിലൂടെയാണ് തന്മയ അഭിനയം തുടങ്ങിയത്. പിന്നീട് സനൽകുമാർ ശശിധരൻ സംവിധാനം ചെയ്ത വഴക്ക് എന്ന ചിത്രത്തിലെ അഭിനയത്തിന് 2022ലെ മികച്ച ബാലതാരത്തിനുള്ള സംസ്ഥാന പുരസ്കാരം ലഭിച്ചു. ഈ ചിത്രം ഐ.എഫ്.എഫ് കെയിൽ പ്രദർശിപ്പിച്ചിരുന്നു. വേട്ടയ്യനിലെ സംവിധായകൻ ജ്ഞാനവേലിന്റെ അസിസ്റ്റന്റ് ഈ സിനിമ കണ്ടിഷ്ടപ്പെട്ടതോടെ തിരുവനന്തപുരത്ത് ഓഡിഷനായി വിളിപ്പിക്കുകയും തന്മയയെ കഥാപാത്രത്തിനായി തിരഞ്ഞെടുക്കുകയുമായിരുന്നു. കഴിഞ്ഞ ഒക്ടോബറിൽ ചിത്രീകരണം പൂർത്തിയാക്കിയ ചലച്ചിത്രം ഒരു വർഷത്തിനുശേഷമാണ് പ്രദർശനത്തിനെത്തിയത്.
സ്റ്റേറ്റ് അവാർഡ് നേടിയ കുട്ടിയോടൊപ്പമാണ് അഭിനയിക്കുന്നത് എന്ന് മഞ്ജുവാര്യർ താരരാജാക്കന്മാരോട് പറഞ്ഞതോടെ സെറ്റിൽ നിറഞ്ഞ ചിരി. തമിഴ് പഠിക്കാൻ തന്മയ രണ്ടാഴ്ചയോളം എടുത്തു.മുംബയ്, ഹൈദരാബാദ്, ചെന്നൈ എന്നിവിടങ്ങളിലായിരുന്നു ഷൂട്ടിംഗ്. അച്ഛൻ അരുൺസോൾ വാഴ ഉൾപ്പെടെയുള്ള പത്തോളം ചിത്രങ്ങളിൽ വേഷമിട്ടിട്ടുണ്ട്. അമ്മ ആശ സോൾ. സോൾ ബ്രദേഴ്സ് വെഡിംഗ് സ്റ്റുഡിയോയുടെ സി.ഇ.ഒ ആണ്. എല്ലാ ഭാഷകളിലും അഭിനയിക്കുന്ന നടിയാകണമെന്നാണ് തന്മയയുടെ ആഗ്രഹം. പട്ടം ഗേൾസ് സ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർത്ഥിയാണ് തന്മയ സോൾ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |