SignIn
Kerala Kaumudi Online
Friday, 23 October 2026 9.27 PM IST

ഒളിമ്പിക്സിനായി അനന്യയുടെ തേരോട്ടം

ജില്ലാ സ്കൂൾ കായികമേളയിൽ തുടർച്ചയായ രണ്ടാം വർഷവും അനന്യ സുരേഷിന് സ്വർണത്തിളക്കം. തുണ്ടത്തിൽ മാധവവിലാസം ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥിയായ അനന്യ ജൂനിയർ പെൺകുട്ടിയുടെ 100 മീറ്ററിൽ 12.52 സെക്കൻഡിൽ ഓടിയെത്തിയാണ് ഇത്തവണ സ്വ‌ർണം നേടിയത്. കഴിഞ്ഞ സംസ്ഥാന കായികമേളയിൽ രണ്ടാം സ്ഥാനം നേ‌‌ടിയിരുന്നു.
ആറാം ക്ലാസിൽ പഠിക്കുമ്പോഴാണ് അനന്യ അത്‌ലറ്റിക്സിലേക്ക് വരുന്നത്. സർവോദയ സ്കൂൾ മീറ്റിൽ പങ്കെടുത്ത് 100, 200 മീറ്ററുകളിൽ ഒന്നാമതെത്തിയത് വഴിത്തിരിവായി. അന്ന് സ്കൂളിലെ അദ്ധ്യാപകനായ ഷെറിൻ ആണ് അനന്യയുടെ കഴിവ് തിരിച്ചറിഞ്ഞ് പരിശീലനം നൽകിയത്. തുടർന്ന്
സെൻട്രൽ സ്റ്റേഡിയത്തിൽ സജുവിന്റെ നേതൃത്വത്തിലായിരുന്നു പരിശീലനം.കഴിഞ്ഞ വർഷത്തെ സംസ്ഥാന കായിക മേളയിൽ വെള്ളി നേടിയതോടെ
എൽ.എൻ.സിപി.ഇയിൽ പരിശീലനത്തിന് അവസരം ലഭിച്ചു.
പരിശീലകനായ സുഭാഷ് എല്ലാം പിന്തുണയും നൽകുന്നുണ്ടെന്ന് അനന്യ പറയുന്നു. ഒളിമ്പിക്സിൽ പങ്കെടുക്കണമെന്നാണ് ഈ മി‌ടുക്കിയുടെ ആ​ഗ്രഹം.
സർക്കിൾ ഇൻസ്പെക്ടറായ അച്ഛൻ സുരേഷ് കുമാറും സഹോദരി ആർച്ച സുരേഷും
സ്കൂൾ കായികമേളകളിൽ പങ്കെടുത്ത് മെഡലുകൾ നേടിയിട്ടുണ്ട്. മാതാവ് സുജാ കൃഷ്ണൻ പൊതുമരാമത്ത് വകുപ്പിലെ ക്ലർക്കാണ്

ഫെമിക്‌സിന്റെ സ്വർണം യുദ്ധവേദിയിലുള്ള അമ്മയ്ക്ക്

സീനിയർ ആൺകുട്ടികളുടെ 100 മീറ്ററിൽ ഒന്നാമനായി കായിക മേളയിലെ വേഗമേറിയ താരമായി മാറിയ ഫെമിക്സ്, താൻ നേടിയ സ്വർണം സമർപ്പിച്ചത് യുദ്ധകലുഷിതമായ ഇസ്രയേലിൽ ജോലി ചെയ്യുന്ന അമ്മയ്ക്കാണ്. കണ്ണൂർ സ്വദേശിയായ ഫെമിക്സ്.11.3 സെക്കൻഡിലാണ് ഫിനിഷ് ചെയ്തത്.ഫെമിക്സിന്റെ മാതാവ് ബിൻസി ഇസ്രയേലിലെ ബർഷേവയിലെ സർക്കാർ ആശുപത്രിയിലെ നഴ്സാണ്. ഇസ്രയേലിൽ യുദ്ധം കനക്കുന്ന സാഹചര്യത്തിലും അമ്മയുടെ പ്രാർത്ഥന മകൻ ഫെമിക്സിന്റെ വിജയത്തിനാണ്.

കഴിഞ്ഞ തവണത്തെ സംസ്ഥാന സ്കൂൾ കായികമേളയിൽ ആൺകുട്ടികളുടെ ലോംഗ് ജമ്പിൽ ചാമ്പ്യനായിരുന്നു. അന്നും ഫെമിക്സിന്റെ അമ്മ യുദ്ധമുഖത്തായിരുന്നു. ഇന്ന് നടക്കാനിരിക്കുന്ന ലോംഗ് ജമ്പിലും സ്വർണം കൊയ്യാനാണ് ഫെമിക്സിന്റെ തയ്യാറെടുപ്പ്. ജി.വി. രാജ സ്പോർട്സ് സ്കൂളിലെ പ്ളസ് ടു വിദ്യാർത്ഥിയാണ്.പിതാവ് റിജേഷ് റബർ കർഷകനാണ്.

കഴിഞ്ഞതവണ കാസർകോടിന്, ഇത്തവണ തലസ്ഥാനത്തിന്

പെൺകുട്ടികളുടെ 1500 മീറ്ററിൽ സ്വർണം അയ്യങ്കാളി മെമ്മോറിയൽ ഗവ. മോഡൽ റസിഡൻഷ്യൽ സ്‌പോർട്സ് സ്‌കൂളിലെ പ്ലസ് വൺ വിദ്യാർത്ഥി കെ.എസ്. സൂരജയ്ക്കാണ്. മുൻവർഷങ്ങളിൽ കാസർകോടിനു വേണ്ടി സംസ്ഥാന സ്‌കൂൾ കായികമേളയിൽ പങ്കെടുത്തിരുന്ന സൂരജ ഇത്തവണ ഇറങ്ങുന്നത് തലസ്ഥാനത്തിനു വേണ്ടിയാണ്.

കാസർകോട് പാണത്തൂർ സ്വദേശിയായ സൂരജ ഈ വർഷമാണ് സ്‌പോർട്സ് സ്‌കൂളിലെത്തിയത്. ഹോട്ടൽ ജീവനക്കാരനായ അച്ഛൻ സുമേഷും ആശാവർക്കറായ അമ്മ ജയശ്രീയുമാണ് സൂരജയുടെ കരുത്ത്. സിവിൽ സർവീസുകാരിയാകണമെന്നാണ് ആഗ്രഹം.

എൺപതിലും കുട്ടികൾക്ക് കരുത്താണ് കൃഷ്ണപിള്ള,

പക്ഷേ തലചായ്ക്കാനൊരു കൂര പോലുമില്ല

80-ാം വയസിലും ചുറുചുറുക്കോടെ വിതുര വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളിലെ കൗമാര താരങ്ങൾക്ക് വേഗതയുടെയും വിജയത്തിന്റെയും പാഠങ്ങൾ പകർന്നുനൽകുകയാണ് കൃഷ്ണപിള്ള. മാസ്റ്റേഴ്സ് അത്‌ലറ്റിക് മീറ്റിൽ ദേശീയതലത്തിലടക്കം വിവിധ കായിക ഇനങ്ങളിൽ മെഡലുകൾ നേടിയിട്ടുണ്ട്.

കഷ്ടപ്പാടും പട്ടിണിയും നിറഞ്ഞ കുട്ടിക്കാലത്തും സ്‌പോർട്സ് ആയിരുന്നു കൃഷ്ണപിള്ളയുടെ ജീവനാഡി. ഇംഗ്ലീഷ് ബിരുദധാരിയായതിനാൽ സ്വകാര്യട്യൂഷനുകൾ വരുന്നതിനു വർഷങ്ങൾക്കു മുൻപ് വീടുകളിലെത്തി കുട്ടികളെ പഠിപ്പിക്കാൻ തുടങ്ങിയതാണ്. ഇപ്പോഴും തുടരുന്നു, സൗജന്യമായി.പത്താം ക്ലാസ് വരെയുള്ള കുട്ടികളെ കൃഷ്ണപിള്ള മലയാളവും ഇംഗ്ലീഷുമാണ് പഠിപ്പിക്കുന്നത്. രക്ഷാകർത്താക്കൾ നൽകുന്ന ആഹാരം കഴിക്കും. ഉറങ്ങാൻ വിതുര മാർക്കറ്റിലെ പൊളിഞ്ഞുവീഴാറായ ഷെഡും.
പഠനത്തിനും കായികജീവിതത്തിനുമിടയിൽ കുടുംബജീവിതമുണ്ടാക്കാനായില്ല. വിതുരയിലെ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളിലെ കുട്ടികൾക്കൊപ്പമാണ് കായിക പരിശീലനം. അതുകൊണ്ട് തന്റെ മക്കൾ മത്സരിക്കുന്നിടത്തൊക്കെ കൃഷ്ണപിള്ള എത്തും. ഈ അദ്ധ്യാപകന് വീടിനായ് അധികാരികൾക്ക് നിരവധി അപേക്ഷകൾ നൽകിയെങ്കിലും നടന്നില്ലെന്ന് സ്‌കൂൾ അധികൃതർ പറയുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL