
കിളിമാനൂർ: നാവായിക്കുളം - കൈതോട് പൊതുമരാമത്ത് റോഡിന്റെ നവീകരണം കരാറായി രണ്ടുവർഷം കഴിഞ്ഞിട്ടും നീളുന്നു. തകർന്നടിഞ്ഞ തുമ്പോട് മുതൽ കൃഷ്ണൻകുന്ന് വരെയുള്ള ഭാഗത്ത് അപകടങ്ങൾ വർദ്ധിച്ചതോടെ റോഡ് നവീകരിക്കണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്. ഇതോടെ ഈ ഭാഗം മാത്രം റീ ടാറിംഗ് തുടങ്ങിയെങ്കിലും പ്രതികൂല കാലാവസ്ഥയെന്നാരോപിച്ച് പണി പാതിയിൽ ഉപേക്ഷിച്ചു. ഇപ്പോൾ 3മാസമാകുന്നു. കൊടുംവളവിൽ റോഡിന്റെ പകുതി മാത്രം ടാർ ചെയ്യുകയും മറുഭാഗം താഴ്ന്ന് കിടക്കുകയും ചെയ്തതോടെ ഇരുചക്ര വാഹനങ്ങളടക്കം അപകടത്തിൽപ്പെടുന്നത് പതിവായിട്ടുണ്ട്. ജല അതോറിട്ടിയുടെ കുടിവെള്ളക്കണക്ഷനും പൈപ്പിടലുമുൾപ്പെടെയുള്ള പണികളും നാളിതുവരെ നടന്നിട്ടില്ല. ഇത് പൂർത്തിയായാൽ മാത്രമെ റോഡിന്റെ നവീകരണം പൂർണമായും നടത്താൻ കഴിയുകയുള്ളൂവെന്നാണ് പൊതുമരാമത്ത് സാങ്കേതിക വിഭാഗം പറയുന്നത്. ജല അതോറിട്ടിയുടെ തിരുവനന്തപുരം പ്രോജക്ട് വിഭാഗത്തിനാണ് ഇവിടെ ജലജീവൻ മിഷന്റെ പണികൾ പൂർത്തീകരിക്കാനുള്ള ചുമതല. എന്നാൽ ഈ റോഡിൽ നിർമ്മാണത്തിനുള്ള ഫണ്ട് ലഭ്യമായിട്ടില്ലെന്ന് ജലഅതോറിട്ടി സാങ്കേതിക വിഭാഗം പറയുന്നു.
യാത്രാ ദുരിതം
ഏറെ തിരക്കേറിയതും നിത്യേന നിരവധി ബസ് സർവീസുകൾ ഉള്ളതുമാണ് നാവായിക്കുളം - കൈതോട് റോഡ്. ഇവിടെ നവീകരണം നടന്നിട്ട് ഏകദേശം 10 വർഷമാകുന്നു. നാവായിക്കുളം ശങ്കരനാരായണസ്വാമിക്ഷേത്രഗോപുരത്തിന് മുന്നിൽ നിന്ന് തുടങ്ങി കൊല്ലം ജില്ലയിലെ കെെതോട് വരെ 10.7 കിലോമീറ്ററാണ് റോഡിന്റെ ദൈർഘ്യം. പലഭാഗത്തും പൊട്ടിപ്പൊളിഞ്ഞും കുഴികൾ നിറഞ്ഞും കിടക്കുന്നതിനാൽ ഇതുവഴിയുള്ള യാത്ര ദുരിതമാണ്.
പരിഹാരമെവിടെ?
കൃഷ്ണൻകുന്ന് വളവിൽ റോഡ് തകർന്നും ചുറ്റും കാട് വളർന്നും അപകടങ്ങൾ പതിവായിരുന്നു. നാട്ടുകാർ ഒത്തുചേർന്ന് കാട് നീക്കം ചെയ്ത ഇവിടെയാണ് ടാറിംഗ് തുടങ്ങി പാതിയിൽ നിറുത്തിയത്. വകുപ്പുകളിലെ പ്രശ്നങ്ങളും പ്രതിസന്ധികളും ഫണ്ടില്ലായ്മയും പറഞ്ഞ് അധികൃതർ കൈയൊഴിയുമ്പോൾ റോഡിന്റെ ശോചനീയാവസ്ഥയ്ക്ക് പരിഹാരം ആര് കാണുമെന്നാണ് നാട്ടുകാർ ചോദിക്കുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |