SignIn
Kerala Kaumudi Online
Friday, 23 October 2026 2.13 AM IST

വാഹനങ്ങളുടെ വേഗത നിയന്ത്രിക്കാൻ നടപടിയില്ല അപകടങ്ങൾ മുന്നിൽക്കണ്ട് വിദ്യാർത്ഥികൾ

vnd

വെള്ളനാട്: വെള്ളനാട് ജി. കാർത്തികേയൻ സ്മാരക ഗവ. വൊക്കേഷണൽ ആൻഡ് ഹയർസെക്കൻഡറി സ്കൂളിന് മുന്നിൽ അപകടങ്ങൾ തുടർക്കഥയാകുന്നു. നിരവധി അപകടങ്ങൾ നടന്നിട്ടും അധികൃതരുടെ ഭാഗത്ത് നിന്നും നടപടിയും ഉണ്ടായിട്ടില്ല. നെടുമങ്ങാട് താലൂക്കിലെ പ്രധാന ഹയർസെക്കൻഡറി സ്കൂളാണിത്. ഈയടുത്തകാലത്താണ് സ്കൂളിലെ ഒന്നാംവർഷ വൊക്കേഷണൽ ഹയർ സെക്കൻഡറി വിദ്യാർത്ഥിനിയെ സ്കൂളിന് മുന്നിൽ വച്ച് അമിതവേഗതയിലെത്തിയ ബൈക്ക് ഇടിച്ചുതെറിപ്പിച്ചത്. രണ്ട് കുട്ടികളുമായി സ്കൂളിലേക്ക് വരികയായിരുന്ന വീട്ടമ്മയുടെ സ്കൂട്ടറിനെ സ്കൂളിലേക്ക് തിരിയുന്നതിനിടയിൽ പിന്നാലെ അമിത വേഗതയിലെത്തിയ മറ്റൊരു സ്കൂട്ടർ ഇടിച്ച് തെറിപ്പിച്ചു. താഴെവീണ വീട്ടമ്മയുടെ കൈയൊടിയുകയും കുട്ടികൾ ചെറിയ പരിക്കുകളോടെ രക്ഷപ്പെടുകയും ചെയ്തിരുന്നു.

നെടുമങ്ങാട്-കാട്ടാക്കട റോഡിൽ വെള്ളനാട് ജംഗ്ഷന് സമീപത്തായി തിരക്കേറിയ സ്ഥലത്താണ് സ്കൂൾ സ്ഥിതിചെയ്യുന്നത്. രാവിലേയും വൈകിട്ടും അമിതവേഗത്തിലെത്തുന്ന ബൈക്കുകൾ കുട്ടികൾക്ക് ഭീഷണിയായിട്ടുണ്ട്.
സ്കൂളിന് മുന്നിലായി വെള്ളനാട്‌ ഗ്രാമപഞ്ചായത്ത് ഓഫീസ്,ഭഗവതി ക്ഷേത്രം,ഗവ.ആശുപത്രി,ബ്ലോക്ക് പഞ്ചായത്ത് ഓഫീസ്,ഗ്രാമന്യാലയ കോടതി,ഐ.സി.ഡി.എസ് ഓഫീസ് തുടങ്ങി നിരവധി സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നുണ്ട്. വിവിധ ഓഫീസുകളിൽ എത്തുന്ന വാഹനങ്ങളും നെടുമങ്ങാട്-കാട്ടാക്കട റൂട്ടിൽ പോകുന്ന മറ്റു വാഹനങ്ങളും കൂടിചേരുമ്പോൾ തിരക്കുണ്ടാവുക പതിവാണ്.

മുന്നറിയിപ്പ് ബോർഡുകളുമില്ല

സ്കൂളിന് മുന്നിൽ വാഹനങ്ങളുടെ വേഗത കുറയ്ക്കാനുള്ള ഹമ്പുകളോ സ്കൂൾ സോൺ മുന്നറിയിപ്പ് ബോർഡുകളോ മറ്റു ഗതാഗത നിയന്ത്രണ സംവിധാനങ്ങളോ ഇല്ല. ഗതാഗതം നിയന്ത്രിക്കാൻ പൊലീസുമില്ല. നിലവിൽ സ്കൂൾ പി.ടി.എ കമ്മിറ്റി നിയമിച്ചിട്ടുള്ള ഒരു താത്കാലിക സെക്യൂരിറ്റി ജീവനക്കാരനാണ് കുട്ടികളെ റോഡ് മുറിച്ചുകടക്കാൻ സഹായിക്കുന്നത്. പി.ടി.എ ഭാരവാഹികളും സമീപത്തെ ഓട്ടോറിക്ഷാ തൊഴിലാളികളും കുട്ടികളെ സഹായിക്കാറുണ്ട്.

ട്രാഫിക് പൊലീസ് സംവിധാനം വേണം

ഹൈസ്കൂൾ വിഭാഗത്തിൽ 1300 കുട്ടികളും ഹയർ സെക്കൻഡറി വിഭാഗത്തിൽ 735 കുട്ടികളും 96 അദ്ധ്യാപകരും 15 അനദ്ധ്യാപകരുമുള്ള സ്കൂളിന് മുന്നിൽ രാവിലെയും വൈകിട്ടും ട്രാഫിക് പൊലീസ് സംവിധാനം വേണമെന്ന് രക്ഷാകർത്താക്കൾ ആവശ്യപ്പെട്ടിട്ടും ഇതേവരെ നടപടിയായിട്ടില്ല.

വെള്ളനാട് ജംഗ്ഷൻ മുതൽ നാല്മുക്ക് വരെ സ്കൂൾ സോണാണ്. ഇവിടെ വാഹനങ്ങളെ നിയന്ത്രിക്കാൻ നിലവിൽ യാതൊരു സംവിധാനവുമില്ല. ഈ പ്രദേശത്താണ് ഗവ.യു.പി.എസ്,ഗവ.എൽ.പി.എസ്,സ്വകാര്യ ഇംഗ്ലീഷ് മീഡിയം സ്കൂൾ,സമാന്തര വിദ്യാഭ്യാസ സ്ഥാപനങ്ങൾ എല്ലാമുള്ളത്.

അമിതവേഗത്തിലെത്തുന്ന വാഹനങ്ങളെ നിയന്ത്രിക്കാൻ ഹമ്പുകളും വേഗത നിയന്ത്രണ ബോർഡുകളും അടിയന്തരമായി സ്ഥാപിക്കണം. രാവിലെയും വൈകിട്ടും ട്രാഫിക് പൊലീസിന്റെ സേവനം ഉറപ്പാക്കണം.പ്രശ്നത്തിന് ഉടൻ പരിഹാരം കണ്ടില്ലെങ്കിൽ റോഡ് ഉപരോധമടക്കം സംഘടിപ്പിക്കുമെന്നും രക്ഷാകർത്താക്കൾ പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL