വക്കം: വക്കത്തെ മിക്ക കയർ സൊസൈറ്റികളുമിന്ന് അവഗണനയാൽ അടച്ചുപൂട്ടി കഴിഞ്ഞു. അഞ്ച് സൊസൈറ്റികളാണ് ഈ മേഖലയിൽ പ്രവർത്തിച്ചിരുന്നത്. വക്കം അണയിൽ കയർ സൊസൈറ്റി, അകത്തുമുറി തെക്ക് കയർ വ്യവസായ സംഘം, മണനാക്ക് കയർ സൊസൈറ്റി, വക്കം നോർത്ത് വെസ്റ്റ് കയർ സംഘം, ഇറങ്ങുകടവ് കയർ സംഘം ഉൾപ്പെടെയുള്ളവയ്ക്കാണ് അവഗണനയാൽ താഴുവീണത്. അഞ്ചു സൊസൈറ്റികളിലായി ആയിരത്തോളം തൊഴിലാളികളുണ്ടായിരുന്നു. ഇരുന്നൂറ് റാട്ടുകളും ഒരു റാട്ടിൽ കുറഞ്ഞത് ആറ് തൊഴിലാളികളാണ് ജോലി ചെയ്തിരുന്നത്. എന്നാൽ ഇപ്പോൾ കൈകൊണ്ട് കറക്കുന്ന റാട്ട് മാറി യന്ത്രവത്കൃത റാട്ടുകളും ചകിരി പിരിക്കാനുള്ള ആധുനിക മെഷീനുകളുമുൾപ്പെടെ വന്നെങ്കിലും സംഘങ്ങളെല്ലാം തന്നെ നിശ്ചലമായി.1950 മുതൽ 57 വരെ വിവിധ ഇടങ്ങളിൽ ആരംഭിച്ച കയർ സൊസൈറ്റികളുടെ വളർച്ചയും ഈ മേഖലയുടെ പുരോഗതി രേഖപ്പെടുത്തിയെങ്കിലും തളർച്ച വക്കത്തിന്റെ വികസന മുരടിപ്പിന്റെ ചരിത്രമായി അവശേഷിപ്പിക്കുന്നു. തുച്ഛമായ തുകയാണ് ലഭിച്ചിരുന്നതെങ്കിലും മിക്ക കുടുംബങ്ങളുടെയും ആശ്രയമായിരുന്നു കയർമേഖല. തമിഴ്നാട്, മഹാരാഷ്ട്ര, ഗുജറാത്ത് മുതലായ സംസ്ഥാനങ്ങൾക്കാണ് കയർ ബോർഡ് ഇപ്പോൾ പ്രാധാന്യം നൽകിവരുന്നതെന്നും കയർ വ്യവസായം മറ്റ് സംസ്ഥാനങ്ങളിലേക്ക് പറിച്ചുനടുന്ന സ്ഥിതിയാണ് ഇന്നുണ്ടായിരിക്കുന്നതെന്നും തൊഴിലാളികൾ പറയുന്നു.
അസംസ്കൃത വസ്തുക്കളുടെ ലഭ്യതക്കുറവ്
വക്കത്തെ ഒട്ടുമിക്ക വീടുകൾ കേന്ദ്രീകരിച്ച് ചെറുകിട യൂണിറ്റുകൾ പ്രവർത്തിച്ചിരുന്നു. ഇപ്പോൾ വിരലിലെണ്ണാവുന്ന വീടുകളിലാണ് പ്രവർത്തനം. അതും അവരുടേതായ ആവശ്യങ്ങൾക്ക് മാത്രം. ഒരുകാലത്ത് മറ്റു പ്രദേശങ്ങളിലുള്ള നിരവധി തൊഴിലാളികൾ ജോലി തേടി ഇവിടെയെത്തിയിരുന്നു. പ്രധാന മാർക്കറ്റായ മങ്കുഴി മാർക്കറ്റ് രാത്രി വൈകിയും പ്രവർത്തിച്ചിരുന്നു. ഇന്ന് അതെല്ലാം ഓർമ്മ മാത്രമാണ്. അവഗണനയോടൊപ്പം അസംസ്കൃത വസ്തുക്കളുടെ ലഭ്യതക്കുറവും മേഖലയ്ക്ക് കനത്ത തിരിച്ചടിയായിട്ടുണ്ട്.
തെങ്ങുകൾ നശിച്ചു
കയർമേഖലയുടെ പ്രവർത്തനങ്ങൾക്ക് നിരവധി പദ്ധതികൾ ആവിഷ്കരിച്ചെങ്കിലും ഇതൊന്നും തന്നെ കയർമേഖലയിലെ പ്രതിസന്ധി മറികടക്കാൻ പര്യാപ്തമായിരുന്നില്ല. കയർ വ്യവസായം തകർന്നതോടെ സംരക്ഷണമില്ലാതെ പ്രദേശത്തെ തെങ്ങുകളും നശിച്ചു. പ്രതിസന്ധിയിലായ കയർതൊഴിലാളികൾ മേഖലയിൽ നിന്നും പിരിഞ്ഞ് തൊഴിലുറപ്പ് മേഖലയിലേക്ക്മാറി. വീടുകളിലെ ആവശ്യങ്ങൾക്ക് പോലും നാളികേരം ലഭിക്കാത്ത അവസ്ഥയാണിപ്പോൾ. തമിഴ്നാട്ടിൽ നിന്നുമെത്തുന്ന നാളികേരമാണ് ഇവിടുത്തുകാരുടെ ഏകആശ്രയം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |