
കല്ലറ: ടെൻഡർ നടപടികൾ പൂർത്തിയായി 2 മാസം പിന്നിട്ടിട്ടും കല്ലറ- തൊളിക്കുഴി റോഡുപണി ആരംഭിച്ചില്ല.തിരുവനന്തപുരം - കൊല്ലം ജില്ലകളെ ബന്ധിപ്പിക്കുന്ന തൊളിക്കുഴി- കല്ലറ റോഡിന്റെ പുനർനിർമ്മാണമാണ് വൈകുന്നത്.ചുറ്റുമുള്ള ചെറുറോഡുകളുൾപ്പെടെ ആധുനിക രീതിയിൽ പുനർനിർമ്മിക്കപ്പെടുമ്പോൾ കല്ലറ പള്ളിമുക്ക് മുതൽ തൊളിക്കുഴി വരെയുള്ള അഞ്ച് കിലോമീറ്റർ റോഡിനെ കാലങ്ങളായി അധികൃതർ മറന്ന മട്ടായിരുന്നു. എന്നാലിപ്പോൾ ശബരിമല പാക്കേജിൽ ഉൾപ്പെടുത്തി നെടുമങ്ങാട് സെക്ഷനിൽ വെഞ്ഞാറമൂട് എ.ഇക്ക് കീഴിലുള്ള റോഡിന് സർക്കാർ അഞ്ച് കോടി രൂപ അനുവദിക്കുകയും ഇതിന്റെ ടെൻഡർ നടപടികൾ പൂർത്തിയാക്കുകയുമായിരുന്നു. ഭരണാനുമതി ലഭിച്ചു മാസങ്ങൾ കഴിഞ്ഞിട്ടും തുടർനടപടികൾ സ്വീകരിക്കാതിരുന്നപ്പോൾ റോഡിന്റെ അവസ്ഥ ചൂണ്ടിക്കാട്ടി ജൂലായ് 17 ന് കല്ലറ - തൊഴിക്കുഴി റോഡ് കടക്കാൻ പെടാപ്പാട് എന്ന തലക്കെട്ടിൽ കേരള കൗമുദി വാർത്ത നൽകിയിരുന്നു.
റോഡിനെ തിരിഞ്ഞുനോക്കാതെ
തിരുവനന്തപുരം ജില്ലയിലെ ആറ്റിങ്ങൽ, വാമനപുരം മണ്ഡലങ്ങളും കൊല്ലം ജില്ലയിലെ ചടയമംഗലം നിയോജക മണ്ഡലവും ഉൾപ്പെടുന്ന റോഡാണിത്. ദിനംപ്രതി നൂറുകണക്കിന് വാഹനങ്ങളാണ് ഇതുവഴി കടന്നുപോകുന്നത്. നാൽപ്പത് വർഷങ്ങൾക്കു മുമ്പ് നിർമ്മിച്ച റോഡിൽ പത്ത് വർഷങ്ങൾക്കു മുമ്പാണ് അവസാനമായി റീടാറിംഗ് ചെയ്തത്. ഓട നിർമ്മാണം നടത്തിയിട്ടില്ലാത്തതിനാൽ റോഡിന്റെ ഇരുവശങ്ങളിലും മഴവെള്ളമൊഴുകി ഗർത്തങ്ങൾ രൂപപ്പെട്ടു. വാഹനങ്ങൾ ദിവസേന അപകടത്തിൽപ്പെടുന്നതും പതിവാണ്.
ബസ് സർവീസുകൾ നിറുത്തി
റോഡിന്റെ ശോച്യാവസ്ഥ കാരണം ഒട്ടുമിക്ക ബസ് സർവീസുകളും നിറുത്തിയ അവസ്ഥയാണ്. കിളിമാനൂർ,കടയ്ക്കൽ ഭാഗങ്ങളിൽ നിന്ന് കല്ലറയിലെത്തുന്നതിന് യാത്രക്കാർ കൂടുതലായി ഉപയോഗിക്കുന്നത് ഈ റോഡിനെയാണ്. ശബരിമല സീസണാകുന്നതോടെ ഇതുവഴി ധാരാളം വാഹനങ്ങൾ കടന്നുപോകും. മീൻമുട്ടി,പൊൻമുടി ടൂറിസ്റ്റ് കേന്ദ്രങ്ങളിലേക്ക് എളുപ്പത്തിൽ പോകുന്നതിനും യാത്രക്കാർ ഈ റോഡിനെയാണ് ആശ്രയിക്കുന്നത്.
അനുവദിച്ച തുക : 5കോടി
നിർമ്മിക്കുന്നത് - ബി.എം ആൻഡ് ബിസി നിലവാരത്തിൽ
റോഡ് വീതി കൂട്ടി ഓടകൾ നിർമ്മിക്കും
ടെൻഡർ നടപടികൾ പൂർത്തിയായി, കോൺട്രാക്ടർ എഗ്രിമെന്റും ചെയ്തു, ഇൻഷ്യൽ മെഷർമെന്റും കഴിഞ്ഞു. ഈ മാസം പണികൾ ആരംഭിക്കും.
പി.ഡബ്ല്യൂ.ഡി എ.ഇ വെഞ്ഞാറമൂട്
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |