SignIn
Kerala Kaumudi Online
Friday, 23 October 2026 5.26 AM IST

വക്കം, കായിക്കര കടവ് പാലം യാഥാർത്ഥ്യത്തിലേക്ക്

വക്കം: അഞ്ചുതെങ്ങ് കടവ് പാലം യാഥാർത്ഥ്യമാകുന്നു. കായിക്കര, അഞ്ചുതെങ്ങ് പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്നതിനായി ടി.എസ് കനാലിന് കുറുകെ കായിക്കര കടവിൽ നിർമ്മിക്കുന്ന പാലത്തിന്റെ അവസാനഘട്ട ഭൂമി ഏറ്റെടുക്കലിന് അനുമതിയായി. വക്കം അഞ്ചുതെങ്ങ് വില്ലേജുകളിലെ ഭൂമിയാണ് ഇനി ഏറ്റെടുക്കാനുള്ളത്. തുടർനടപടികൾ വേഗത്തിലാക്കാൻ മന്ത്രി രാജൻ നിർദ്ദേശം നൽകിയിട്ടുണ്ട്. അഞ്ചുതെങ്ങ്, വക്കം ഗ്രാമപഞ്ചായത്ത് നിവാസികളുടെ വർഷങ്ങളായുള്ള സ്വപ്നമായിരുന്നു കായിക്കര കടവിൽ പാലം നിർമ്മിക്കണമെന്നുള്ളത്.

2017-18ൽ പാലം നിർമ്മാണത്തിനായി കിഫ്‌ബി ഫണ്ടിൽ നിന്നും 25കോടിയുടെ ഭരണാനുമതിയും 5.5 കോടിയുടെ സാമ്പത്തിക അനുമതിയും ലഭിച്ചിരുന്നതാണ്. 222മീറ്റർ നീളവും 11മീറ്റർ വീതിയും 1.5മീറ്റർ വീതം ഇരുവശങ്ങളിലുമായി നടപ്പാതയും കായിക്കരഭാഗത്ത്‌ 248മീറ്ററും വക്കത്ത് 188മീറ്റർ അപ്രോച്ച് റോഡും നിർമ്മിക്കുന്നതിനായിരുന്നു അനുമതി. തുടർന്ന് അന്നത്തെ എം.എൽ.എമാരായ വി.ശശി കായിക്കരയിലും ബി.സത്യൻ വക്കത്തും സ്ഥലമെറ്റെടുപ്പിനുള്ള അതിരുകല്ലുകൾ നാട്ടി സ്ഥലമെറ്റെടുപ്പ് ആരംഭിച്ചിരുന്നു.

എന്നാൽ ബഡ്ജറ്റിൽ ഫണ്ട് അനുവദിക്കുന്നതിലെ കാലതാമസം പദ്ധതി നീളുന്നതിന് കാരണമായി.

പാലം നിർമ്മിക്കുന്നതിനായി 44ഭൂവുടമകളിൽ നിന്ന് 50.43ആർ ഭൂമിയാണ് ഏറ്റെടുക്കേണ്ടത്. അതിൽ 22പേരുടെ ഭൂമി ഏറ്റെടുത്ത് കഴിഞ്ഞു. അവശേഷിക്കുന്ന വക്കം വില്ലേജിലെ 6പേരുടെയും അഞ്ചുതെങ്ങ് വില്ലേജിലെ 16പേരുടെയും ഭൂമി ഏറ്റെടുക്കുന്നതിനാണ് ഇപ്പോൾ അനുമതിയായത്.

നഷ്ടപരിഹാരം കൈമാറി

ഏറ്റെടുത്ത ഭൂമിക്ക് നഷ്ടപരിഹാരമായി 2,19,74,184രൂപ കൈമാറിയിട്ടുണ്ട്. ഇനി ഏറ്റെടുക്കേണ്ട ഭൂമിക്ക് നൽകാൻ 3,35,45,531രൂപ ബാക്കിയുണ്ട്. സ്ഥലമേറ്റെടുപ്പ് പൂർത്തിയാക്കാൻ 1,28,56,770കൂടി ആവശ്യമായുണ്ട്. തുക ലഭ്യമാക്കാൻ കിഫ്‌ബിക്ക് മന്ത്രി നിർദ്ദേശം നൽകി. പാലം യാഥാർത്ഥ്യമാകുന്നതോടെ അഞ്ചുതെങ്ങ് വക്കം പഞ്ചായത്തുകളിലെ തീരദേശ-കായലോര ടൂറിസം മേഖലയിൽ വൻ കുതിച്ച് ചാട്ടമുണ്ടാകും.

യാത്ര എളുപ്പമാകും

നിലവിൽ കിലോമീറ്ററുകൾ ചുറ്റിക്കറങ്ങിയാണ് അഞ്ചുതെങ്ങ് വക്കം പഞ്ചായത്തുകളിൽ വിദ്യാർത്ഥികളും നാട്ടുകാരും മത്സ്യതൊഴിലാളികളും എത്തുന്നത്. കടത്തുവള്ളമാണ് ഏക ആശ്രയം. മുതലപ്പൊഴി കടൽത്തീരം, അഞ്ചുതെങ്ങ് കോട്ട, കുമാരനാശാൻ സ്മാരകം, പൊന്നിൻതുരുത്ത്, വക്കത്തെ കായൽ വിനോദസഞ്ചാര കേന്ദ്രങ്ങൾ എന്നിവിടങ്ങളിലേക്ക് പാലത്തിലൂടെ എളുപ്പത്തിലെത്താൻ കഴിയും. കൂടാതെ വക്കത്തുള്ളവർക്ക് തീരദേശ റോഡ് വഴി തിരുവനന്തപുരം ഭാഗത്തേക്ക് പോകാൻ കിലോമീറ്ററുകൾ ലാഭിക്കാം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL