SignIn
Kerala Kaumudi Online
Friday, 23 October 2026 1.28 PM IST

വിനീത കൊലക്കേസ്: സാക്ഷിവിസ്താരം പൂർത്തിയായി

വിസ്തരിച്ചത് 96 സാക്ഷികളെ

തിരുവനന്തപുരം: പേരൂർക്കട അമ്പലംമുക്കിലെ അലങ്കാരച്ചെടി വില്പനശാല ജീവനക്കാരി നെടുമങ്ങാട് കരിപ്പൂർ ചരുവള്ളിക്കോണം സ്വദേശിനി വിനീതയെ കൊലപ്പെടുത്തിയ കേസിൽ സാക്ഷിവിസ്താരം പൂർത്തിയായി. കന്യാകുമാരി തോവാള വെള്ളമഠം രാജീവ് നഗർ സ്വദേശി രാജേന്ദ്രനാണ് കേസിലെ പ്രതി. തമിഴ്‌നാട്ടിലെയും കേരളത്തിലെയും ഫോറൻസിക് വിദഗ്ദ്ധരും പൊലീസ് ഉദ്യോഗസ്ഥരുമടക്കം 96സാക്ഷികളെ വിസ്തരിച്ചു. ഏഴാം അഡിഷണൽ ജില്ലാ സെഷൻസ് ജഡ്ജി പ്രസൂൺ മോഹനനാണ് കേസ് പരിഗണിച്ചത്. തുടർ നടപടികൾക്കായി സാക്ഷി മൊഴികളിലെ നിജസ്ഥിതി കോടതി നേരിട്ട് പ്രതിയോട് ചോദിച്ചറിയും.

ഉന്നത ബിരുദധാരിയായ പ്രതി ഓൺലൈൻ സ്റ്റോക്ക് മാർക്കറ്റിംഗിനുള്ള പണത്തിനായാണ് കൊലപാതകങ്ങൾ നടത്തുന്നത്. മുമ്പ് വെള്ളമഠം സ്വദേശിയും കസ്റ്റംസ് ഓഫീസറുമായ സുബ്ബയ്യൻ, ഭാര്യ വാസന്തി, 13വയസുള്ള മകൾ അഭിശ്രീ എന്നിവരെ കൊലപ്പെടുത്തിയ കേസിൽ ജാമ്യത്തിലിറങ്ങിയാണ് പേരൂർക്കടയിലെ ചായത്തട്ടിൽ ജീവനക്കാരനായെത്തിയത്.

സുബ്ബയ്യനെയും കുടുംബത്തെയും കൊലപ്പെടുത്തിയ സമാന രീതിയിലാണ് പ്രതി വിനീതയെയും കൊലപ്പെടുത്തിയത്. ഇരയുടെ ശബ്ദം പുറത്തുവരാതിരിക്കാൻ സ്വനപേടകത്തിൽ ആഴത്തിൽ മുറിവേല്പിക്കും. സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ എം. സലാഹുദ്ദീന്റെ ആവശ്യപ്രകാരം തമിഴ്‌നാട്ടിലെ ഉദ്യോഗസ്ഥരെ കോടതി വിളിച്ചുവരുത്തിയിരുന്നു. 2022 ഫെബ്രുവരി 6ന് രാവിലെ 11.50നാണ് അമ്പലംമുക്കിലെ കടയിൽവച്ച് വിനീതയെ കൊലപ്പെടുത്തി നാലര പവന്റെ മാല കവരുന്നത്. തമിഴ്‌നാട്ടിലേക്ക് കടന്ന പ്രതിയെ കാവൽക്കിണറിനു സമീപത്തെ ലോഡ്ജിൽ നിന്ന് പേരൂർക്കട സി.ഐയായിരുന്ന സജികുമാറാണ് പിടികൂടിയത്. സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ പ്രതി പണയംവച്ച വിനീതയുടെ മാലയും പൊലീസ് കണ്ടെത്തിയിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL