തിരുവനന്തപുരം: സ്‌പേസ് പാർക്കിലെ ജോലിക്കായി സ്വപ്‌ന സുരേഷ് വ്യാജബിരുദ സർട്ടിഫിക്കറ്റ് ഹാജരാക്കിയ കേസിൽ കൂട്ടുപ്രതിയായ സച്ചിൻദാസ് മാപ്പുസാക്ഷിയായി. അമൃതസർ മേഹൻ സിംഗ് ഗേറ്റ് മിഷൻ കോംപൗണ്ട് സ്വദേശിയും കേസിലെ രണ്ടാം പ്രതിയുമായ സച്ചിൻ ദാസിന്റെ അപേക്ഷ ജുഡിഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേട്ട് മൂന്നാം കോടതിയാണ് അംഗീകരിച്ചത്. പ്രതിയുടെ ആവശ്യം അംഗീകരിക്കുന്നതിൽ തടസമില്ലെന്ന് പ്രോസിക്യൂഷനും അന്വേഷണ ഉദ്യോഗസ്ഥനും നിലപാടെടുത്തു. സ്വർണ്ണക്കടത്ത് കേസിലെ പ്രതിയായ സ്വപ്നയ്ക്കു വ്യാജരേഖയുണ്ടാക്കി നൽകിയത് സച്ചിനാണെന്നാണ് അന്വേഷണത്തിലെ കണ്ടെത്തൽ.
മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കരനാണ് സ്വപ്നയ്ക്ക് സ്‌പേസ് പാർക്കിൽ ജോലി വാങ്ങി നൽകിയത്. 2009-2011 കാലഘട്ടത്തിൽ ബിരുദ പഠനം പൂർത്തിയാക്കിയതായി കാണിച്ചുളള സർട്ടിഫിക്കറ്റ് 2017ലാണ് ലഭിച്ചത്. ഡോ.ബാബാ സാഹിബ് അംബേദ്കർ ടെക്‌നോളജി യൂണിവേഴ്‌സിറ്റിയുടെ പേരിലുളള സർട്ടിഫിക്കറ്റ് ദേവ് എഡ്യൂക്കേഷൻ ട്രസ്റ്റ് എന്ന സ്ഥാപനം വഴിയാണ് ലഭിച്ചത്. സച്ചിൻ ദാസാണ് സർട്ടിഫിക്കറ്റ് ശരിയാക്കി നൽകിയത്. ഈ സർട്ടിഫിക്കറ്റ് ഉപയോഗിച്ച് സ്‌പേസ് പാർക്കിൽ ജോലി നേടിയ സ്വപ്‌ന പ്രതിമാസം 3.18 ലക്ഷം രൂപ ശമ്പളം വാങ്ങിയിരുന്നു. ആറുമാസത്തിനിടെ 19,06,730 ശമ്പളം വാങ്ങി ഖജനാവിന് നഷ്ടം ഉണ്ടാക്കിയെന്നാണ് കന്റോൺമെന്റ് പൊലീസ് രജിസ്റ്റർ ചെയ്ത കേസ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |